കൂടല്‍മാണിക്യം ക്ഷേത്രം; ഉല്സവാശംസകള് നേര്‍ന്ന് ബിഷപ്പും ഇമാമും മന്ത്രിയും.
ഇരിങ്ങാലക്കുടയുടെ സാഹോദര്യവും സൗഹാര്‍ദവും മതമൈത്രിയും നിലനിര്‍ത്തുന്നത് ഒത്തുകൂടലുകളാണ്- ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍.
ഇരിങ്ങാലക്കുട: കൂട്ടായ്മകളും ഒത്തുകൂടലുകളുമാണ് ഇരിങ്ങാലക്കുടയുടെ സാഹോദര്യവും സൗഹാര്‍ദവും മതമൈത്രിയും നിലനിര്‍ത്തുന്നതെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ദേവസ്വത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മത സൗഹാര്‍ദ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. നാടിന്റെ വികസനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പരസ്പരം കൈക്കോര്‍ത്തു നില്‍ക്കുന്നത് ഈ നാടിന്റെ തനിമയാണ് തെളിയിക്കുന്നത്. ഇക്കാര്യത്തില്‍ മന്ത്രി ഡോ. ആര് ബിന്ദുവും നഗരസഭാ നേതൃത്വവും നല്കുന്ന പിന്തുണ ഏറെ മഹത്വരമാണ്. ദേവസ്വം ഓഫീസില്‍ നടന്ന ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. മാനവികതയുടെ പര്യായമാണ് ഇരിങ്ങാലക്കുടയുടെ മതസൗഹാര്ദമെന്നും എല്ലാ മതങ്ങളെയും ഒരു പോലെ കാണുവാനുള്ള ഇരിങ്ങാലക്കാരുടെ മനസ് മാതൃകാപരമാണെന്നും മന്ത്രി സൂചിപ്പിച്ചു. ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ ജുമാ മസ്ജിദ് ഇമാം കബീര്‍ മൗലവി, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, കാട്ടുങ്ങച്ചിറ ഇമാം ഹഫീസ് സ്ഖറിയ ഖാസ്മി, ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍, നിസാര്‍ അഷറഫ്, പ്രദീപ് യു. മേനോന്, കൂടല്‍മാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ രാഘവന് മുളങ്ങാടന്‍, മുരളി ഹരിതം, വി.സി. പ്രഭാകരന്, കെ. ബിന്ദു, ഗോവിന്ദന് നമ്പൂതിരിപ്പാട്, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ. ഉഷനന്ദിനി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിനു സമീപത്തെ എക്സിബിഷന് സ്റ്റാളുകള്‍ സന്ദര്‍ശിച്ചും ഉത്സവത്തോടനുബന്ധിച്ച് ഒരുക്കിയ സംഭാരവും കഴിച്ചാണു എല്ലാവരും മടങ്ങിയത്.
ഏഴാം ഉത്സവം (ഏപ്രില്‍ 28)
കൂടല്‍മാണിക്യത്തില്‍ ഇന്ന് (28.04.2024)
രാവിലെ 8.30 മുതല്‍ ശീവേലി, രാത്രി 9.30 മുതല്‍ വിളക്ക്. പഞ്ചാരിമേളത്തിന് കിഴക്കൂട്ട് അനിയന്മാരാര് പ്രമാണം വഹിക്കും.
(സ്പെഷല്‍ പന്തലില്‍)
ഉച്ചതിരിഞ്ഞ് ഒരുമണി മുതല്‍ 4.30 വരെ തിരുവാതിരക്കളി, 4.30 മുതല്‍ 5.30 വരെ കോയമ്പത്തൂര്‍ എസ്. ശ്യാംസുന്ദറിന്റെ കര്‍ണാടക സംഗീതകച്ചേരി, 5.30 മുതല്‍ ആറ് വരെ അര്‍ച്ചന നിതീഷിന്റെ ഭരതനാട്യം, ആറ് മുതല്‍ ഏഴ് വരെ തൃശൂര്‍ ഡോ. ലൈല രാമചന്ദ്രന്റെ മോഹിനിയാട്ടം, ഏഴ് മുതല്‍ രാത്രി 8.30 വരെ കലാനിലയം ഉദയന്‍ നമ്പൂതിരി, കലാനിലയം സതീഷ് മാരാര്‍ എന്നിവരുടെ തായമ്പക, രാത്രി 8.30 മുതല്‍ 9.30 വരെ ഇരിങ്ങാലക്കുട നൃത്യതി നൃത്തക്ഷേത്ര പ്രീതി നീരജിന്റെ നൃത്തനൃത്യങ്ങള്‍, 9.30 മുതല്‍ 10.30 വരെ എറണാകുളം അഞ്ജലി കലേഷിന്റെ ഭരതനാട്യം
(സംഗമം വേദിയില്‍)
ഉച്ചതിരിഞ്ഞ് 1.30 മുതല്‍ 3.15 വരെ തിരുവാതിരക്കളി, 3.15 മുതല്‍ 4.15 വരെ മാടായിക്കോണം ഗീതാഞ്ജലി ഭജന്‍സ് സംഗീത ശ്രീനിവാസനും സംഘവും അവതരിപ്പിക്കുന്ന ഭജന, 4.15 മുതല്‍ 5.15 വരെ ഇരിങ്ങാലക്കുട വരവീണ സ്കൂള്‍ ഓഫ് മ്യൂസികിന്റെ സംഗീതക്കച്ചേരി, 5.15 മുതല്‍ രാത്രി 7.45 വരെ ചെന്നൈ സി.ആര്. വൈദ്യനാഥന്റെ സംഗീതക്കച്ചേരി, 7.45 മുതല്‍ 8.30 വരെ കോഴിക്കോട് കവിത ബാലകൃഷ്ണന്റെ മോഹിനിയാട്ടം, രാത്രി 8.30 മുതല്‍ 10 വരെ ചെന്നൈ ഉമ നമ്പൂതിരിയുടെ ഭരതനാട്യം, രാത്രി 12 ന് കഥകളി-ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിന്റെ സന്താനഗോപാലം, കിരാതം.