പേര് മല്‍സ്യകൃഷി, നടക്കുന്നത് വ്യാപക കളിമണ്ണ് ഖനനം.ബിജെപി കര്‍ഷക മോര്‍ച്ച ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി
ഇരിങ്ങാലക്കുട: മല്‍സ്യകൃഷിയുടെ പേരില്‍ തണ്ണീര്തടത്തില്നിന്നു വ്യാപകമായി കളിമണ്‍ ഖനനം ചെയ്യുന്നതിനെതിരെ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടും ഇരിങ്ങാലക്കുട നഗരസഭ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി കര്‍ഷക മോര്‍ച്ച ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. മുനിസിപ്പാലിറ്റി പാര്‍ലിമെന്റ് പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന് ധര്‍ണ ഉദ്ഘാടനം ചെയ്തു. കാരുകുളങ്ങര ക്ഷേത്രം, ശാന്തിനികേതന്‍ പബ്ലിക് സ്കൂള്‍ എന്നിവക്ക് പുറകുവശത്താണ് നിലം കുഴിച്ച് കളിമണ്ണ് എടുക്കുന്നത്. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാറിന്റെ വാര്‍ഡ് കൂടിയാണിത്. ബിജെപി ഇരിങ്ങാലക്കുട ടൗണ്‍ ഏരിയ സെക്രട്ടറി ബൈജു കൃഷ്ണദാസ് റവന്യൂ അധികാരികള്ക്കുപരാതി നല്‍കുകയും ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ഷിയാസ് പാളയംകോട് ഹൈകോടതിയില്‍ നിന്നും സ്റ്റേ ഉത്തരവ് നേടിയിരുന്നു. പാടശേഖര കമ്മിറ്റി പോലും അറിയാതെ ഹൈക്കോടതിയില്‍ നിന്നും ഉത്തരവ് വാങ്ങിയാണ് ഭൂമാഫിയ മണ്ണെടുക്കുന്നതെന്നായിരുന്നു ഇവരുടെ പരാതി. വിജയരാഘവന് അധ്യക്ഷത വഹിച്ചു. കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റും സഹകരണ സെല്‍ ജില്ലാ കണ്‍വീനറുമായ എം.വി. സുരേഷ്, കൗണ്‍സിലര്‍മാരായ ടി.കെ. ഷാജു, ആര്‍ച്ച അനീഷ്, മായ അജയന്, അമ്പിളി ജയന്, സരിത സുഭാഷ്, കര്‍ഷക മോര്‍ച്ച പൊറത്തിശേരി ഏരിയ കമ്മിറ്റി അംഗം രത്ന ശിവരാമന്, മോഹനന്, സുഷില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
കര്‍ഷക മോര്‍ച്ചയുടെ പ്രതിഷേധ പരിപാടി ആസൂത്രിത്രിതമായ നാടകം-ചെയര്‍പേഴ്സണ്‍
ഇരിങ്ങാലക്കുട: കര്‍ഷക മോര്‍ച്ചയുടെ പ്രതിഷേധ പരിപാടി ആസൂത്രിത്രിതമായ നാടകമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍. ശാന്തിനികേതന്‍ സ്കൂളിനു സമീപത്തുള്ള ഭൂമിയില്‍ തണ്ണീര്‍ത്തട നിയമത്തിന്റെ പരസ്യമായ ലംഘനം നടത്തുന്നതിന് 2023ല്‍ തന്നെ സ്ഥല ഉടമകളായ ശ്രീറാം കെ. അച്യുതന്, കെ.എസ്. സുനെത്ര്, സരിത് സല്‍ഗുണന്‍, ഡോ. ദീപ്തി ഉമേഷ് എന്നിവര്‍ ശ്രമം തുടങ്ങിയതാണ്. പ്രാദേശിക നിരീക്ഷണ സമിതിയും വില്ലേജ് ഓഫീസ്, കൃഷി ഓഫീസ് എന്നിവ മുഖാന്തിരവും അനധികൃത പ്രവര്‍ത്തിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് പ്രവര്‍ത്തികള്‍ നിര്‍ത്തി വെപ്പിച്ചിട്ടുള്ളതാണ്. അടുത്ത ദിവസങ്ങളില്‍ കോടതി ഉത്തരവിന്െ മറവില്‍ കളിമണ്ണ് ഖനനം നടത്താനുള്ള ശ്രമവും തടഞ്ഞിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ ഇത്തരം സമരാഭാസങ്ങള്‍ നടത്തുന്നത് സ്ഥല ഉടമകളെ സഹായിക്കാനാണെന്നും നെല്‍ കൃഷിയെ തകര്‍ക്കുന്ന മാഫിയകളോടുള്ള ചെറുത്ത് നില്‍പ്പ് അതി ശക്തമായ രീതിയില്‍ തന്നെ തുടരുമെന്നും ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ പറഞ്ഞു.