ഇരിങ്ങാലക്കുട രൂപതയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് മെയ് 19ന്ദിവ്യകാരുണ്യ സന്ദേശ യാത്രക്കു ഇന്നു തുടക്കം കുറിക്കും
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയുടെ ചരിത്രത്തിലാദ്യമായി നടത്തപ്പെടുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് മെയ് 19 ന് ഞായറാഴ്ച ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കും.. കേരള സഭയുടെ നവീകരണത്തിന്റെ ഭാഗമായും ഇരിങ്ങാലക്കുട രൂപതയുടെ സുവര്‍ണ്ണ ജൂബിലിക്ക് ഒരുക്കമായുമാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്തുന്നത്. രൂപതയിലെ അറുപതിനായിരത്തോളം കുടുംബങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തയ്യായിരം പേര് ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കും. ദിവ്യകാരുണ്യ ആരാധന, സമൂഹബലി, ദിവ്യകാരുണ്യ പ്രദക്ഷിണം, സെമിനാറുകള്‍ എന്നിവ നടക്കും. ദിവ്യകാരുണ്യ കോണ്‍ഗ്രസിന് മുന്നോടിയായി ഇന്നു മുതല്‍ ഏഴു വരെയുള്ള ദിവസങ്ങളില്‍ ദിവ്യകാരുണ്യ സന്ദേശ യാത്ര ഇരിങ്ങാലക്കുട രൂപതയില്‍ നടത്തപ്പെടുന്നു.
1866ല്‍ വിശുദ്ധ ചാവറ അച്ചന്റെ നേതൃത്വത്തില്‍ കേരള കത്തോലിക്ക സഭയില്‍ ആദ്യമായി 40 മണിക്കൂര്‍ ആരാധന നടത്തപ്പെട്ടതും ചാവറ അച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന കൂനമ്മാവ് സെന്റ് ഫിലോമിനാസ് ദേവാലയത്തില്‍ വെച്ച് ഇന്ന് രാവിലെ 10 ന് ദേവാലയ റെക്ടര്‍ മോണ്‍. സെബാസ്റ്റ്യന്‍ ലൂയീസ് ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കലിന് പതാക നല്കി സന്ദേശ യാത്ര ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ സെന്റ്മേരീസ് പള്ളിയില്‍ നിന്ന് തുടരുന്ന യാത്ര വൈകീട്ട് ഏഴ് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സമാപിക്കും. മെയ് അഞ്ച് ഞായറാഴ്ച രാവിലെ ഏഴിന് താണിശേരി ഡോളേഴ്സ് പള്ളിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര വൈകീട്ട് ഏഴിനു തുറവന്‍കുന്ന് സെന്റ് ജോസഫ് ദേവാലയത്തില്‍ സമാപിക്കും. മെയ് ആറിന് രാവിലെ ഏഴിന് വെളയനാട് സെന്റ് മേരീസ് പള്ളിയില്‍ നിന്ന് ആരംഭിച്ച് വൈകീട്ട് 7.30ന് മാള സെന്റ് സ്റ്റിലാനോസ് പള്ളിയില്‍ സമാപിക്കുന്നു. മെയ് ഏഴിന് രാവിലെ ഏഴിന് കൊടകര സെന്റ് ജോസഫ് പള്ളിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര വൈകീട്ട് എട്ടിന് ചാലക്കുടി സെന്റ്മേരീസ് പള്ളിയില്‍ സമാപിക്കുന്നു.
നാല് ദിവസങ്ങളിലായി നടത്തുന്ന ദിവ്യകാരുണ്യ സന്ദേശ യാത്ര ഇരിങ്ങാലക്കുട രൂപതയിലെ 141 ഇടവക ദേവാലയങ്ങളിലും എത്തിച്ചേരും. മെയ് 12ന് പതാക ദിനത്തില്‍ ഓരോ ഇടവകയില്‍ ഉയര്‍ത്തുവാനുള്ള പതാകയും ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേകം തയ്യാറാക്കുന്ന ബാഡ്ുകളും അതാത് വികാരിമാര്‍ ഏറ്റുവാങ്ങും. ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് ഒരുക്കമായി വ്യക്തികളും കുടുംബങ്ങളും സംഘടനകളും പ്രസ്ഥാനങ്ങളും പരിശുദ്ധ അമ്മയുടെ മധ്യസ്ഥം പ്രാര്‍ത്ഥിച്ച് 5 ലക്ഷം ജപമാല ചൊല്ലും. രൂപതയുടെ സ്പിരിച്ച്വാലിറ്റി സെന്ററില്‍ 40 മണിക്കൂര്‍ ആരാധനയില്‍ വിശ്വാസികള്‍ പങ്കെടുക്കും. ആളൂര്‍ ബിഎല്‍എം കപ്പേളയില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ മെയ് ഒന്ന് മുതല്‍ അഖണ്ഡജപമാല ആരംഭിച്ചു. ദിവ്യാകാരുണ്യ സന്ദേശയാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍, ജനറല്‍ കണ്‍വീനര്‍ ഫാ. റിജോയ് പഴയാറ്റില്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഫാ.ജോണ്‍ കവലക്കാട്ട് (ജൂനിയര്‍), പബ്ലിസിറ്റി ജോയിന്റ് കണ്‍വീനര്‍ ടെല്‍സന്‍ കോട്ടോളി, ദിവ്യാകാരുണ്യ കോണ്‍ഗ്രസ് ജോയിന്റ് കണ്‍വീനര്‍ ലിംസണ്‍ ഊക്കന്‍, കുടുംബ സമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോഷി പുത്തിരിക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.