കാറളം പഞ്ചായത്തില്‍ 53-ാം നമ്പര്‍ അങ്കണവാടിയുടെ ശിലാസ്ഥാപനം നടത്തി
കാറളം: പ്രഫ. കെ.യു. അരുണന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടുപയോഗപ്പെടുത്തി കാറളം ഗ്രാമപഞ്ചായത്തില്‍ നിര്‍മിക്കുന്ന 53-ാം നമ്പര്‍ സ്മാര്‍ട്ട് എയര്‍കണ്ടിഷന്‍ അങ്കണവാടിയുടെ ശിലാസ്ഥാപനം നടത്തി. പ്രഫ. കെ.യു. അരുണന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 20 ലക്ഷം രൂപയും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപയും കാറളം ഗ്രാമപഞ്ചായത്തിന്റെ 2.5 ലക്ഷം രൂപയും ഉപയോഗിച്ചാണു 1200 ചതുരശ്ര അടിയിലധികം വലുപ്പമുള്ള എയര്‍കണ്ടിഷന്‍ അങ്കണവാടി നിര്‍മിക്കുന്നത്. അങ്കണവാടി പരിസരത്ത് വച്ച് നടന്ന ചടങ്ങില്‍ കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത മനോജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് രമ രാജന്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി. പ്രസാദ്, ഐസിഡിഎസ് ഓഫീസര്‍ ഷമീന എന്നിവര്‍ പ്രസംഗിച്ചു. ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.