ജുഡീഷ്യല്‍ കോംപ്ലക്സിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി- പണം പ്രശ്നമല്ലെന്നു എംഎല്‍എ
ഇരിങ്ങാലക്കുട: ജുഡീഷ്യല്‍ കോംപ്ലക്സിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുവാന്‍ പ്രഫ. കെ.യു. അരുണന് എംഎല്‍എ സിവില്‍ സ്റ്റേഷന് സന്ദര്‍ശിച്ചു. നിര്‍മാണ കമ്പനിയുടെ സൂപ്പര്‍വൈസര്‍ രാജന്, ബാര്‍ അസോസിയേഷന് സെക്രട്ടറി അഡ്വ. ലിസന്‍, പ്രോസിക്യൂട്ടര്‍ അഡ്വ. പി.ജെ. ജോബി, അസോസിയേഷന് മുന്‍ പ്രസിഡന്റ് അഡ്വ. എം.എ. ജോയ്, അഡ്വ. മനോഹരന്, പിഡബ്ല്യുഡി എന്‍ജിനീയര്‍ മൈഥിലി എന്നിവര്‍ സന്നിഹിതരായി. തുടര്‍ച്ചയായി പെയ്യുന്ന മഴ കാരണം മണ്ണ് മാറ്റുന്നതിനു തടസമുണ്ടാകുന്നതാണു കുറച്ച് സമയം നഷ്ടപ്പെട്ടതെന്നും നാലു മാസത്തിനുള്ളില്‍ സ്ട്രക്ചര്‍ പണി പൂര്‍ത്തിയാക്കാനാവുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും നിര്‍മാണ കമ്പനി സൂപ്പര്‍വൈസര്‍ രാജന് പറഞ്ഞു. പിഡബ്ല്യുഡി അടുത്ത ഘട്ടം എസ്റ്റിമേറ്റ് തയാറായിട്ടുണെന്നും പിഡബ്ല്യുഡി എന്‍ജിനീയര്‍ മൈഥിലി പറഞ്ഞു. 29.25 കോടി കൊണ്ടു അഞ്ചു നിലകളുടെ പണിയാണു ഇപ്പോള്‍ നടക്കുന്നത്. അടുത്ത ഘട്ടം മറ്റു ഭൗതിക സൗകര്യങ്ങളും അധികമായി രണ്ടു നിലകളും പണിയും. പണി പൂര്‍ത്തിയാക്കാന്‍ പണം യാതൊരു വിധത്തിലും തടസമല്ലായെന്നു എംഎല്‍എ പറഞ്ഞു. കേരള ഹൈക്കോടതി കഴിഞ്ഞാല്‍ ഏറ്റവും വലിയ ജുഡീഷ്യല്‍ കോംപ്ലക്സ് ആകുന്ന കെട്ടിടത്തിന്റെ പണികള്‍ യുദ്ധ കാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുവാന്‍ എംഎല്‍എ നിര്‍ദേശം നല്കി