സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
ഇരിങ്ങാലക്കുട: സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി മാറുകയായിരുന്നു ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്. ജീവന് പകുത്തു നല്കാനായില്ലെങ്കിലും മനുഷ്യ ജീവന്റെ വിലയറിഞ്ഞ് ജീവന്റെ നിലനില്‍പ്പിനായി പതിമൂന്ന് ലക്ഷത്തോളം രൂപയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്.
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിനോടുബന്ധിച്ച് നടന്ന പ്രസുന്തേദി വാഴ്ചയിലൂടെ സമാഹരിച്ച 12,92,000 രൂപ ദിവ്യബലി മധ്യേ ബിഷപ്പിനു കൈമാറി. പ്രസുന്തേദി വാഴ്ചയിലൂടെ 1292 പേര് ആയിരം രൂപ വീതം നല്കി സമാഹരിച്ച 12,92,000 രൂപ രൂപ തുക പ്രസുദേന്തി കണ്‍വീനര്‍ വില്‍സണ്‍ തെക്കേക്കര, ജോയിന്റ് കണ്‍വീനര്‍ ജോസ് മാമ്പിള്ളി എന്നിവര്‍ ചേര്‍ന്നു ബിഷപ്പിനു കൈമാറി.
വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഹാലിറ്റ് തുലാപറമ്പന്‍, ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍, ഫാ. ജോസഫ് പയ്യപ്പിള്ളി, ട്രസ്റ്റിമാരായ തിമോസ് പാറേക്കാടന്‍, സി.എം. പോള്‍ ചാമപറമ്പില്‍, ബാബു ജോസ് പുത്തനങ്ങാടി, ജോമോന് തട്ടില്‍ മണ്ടി ഡേവി, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ സെബി അക്കരക്കാരന്‍, ജോയിന്റ് കണ്‍വീനര്‍മാരായ പൗലോസ് താണിശേരിക്കാരന്, സാബു കൂനന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കത്തീഡ്രല്‍ ഇടവകയുടെ റൂബി ജൂബിലി സ്മാരകമായുള്ള സൗജന്യ ഡയാലിസിസ് പദ്ധതിക്കും ചികിത്സാ സഹായ പദ്ധതിയായ കനിവ് പദ്ധതിക്കുമാണ് ഈ തുകകള്‍ വിനിയോഗിക്കുക. ഈ വര്‍ഷം ഒന്നര കോടി രൂപയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കത്തീഡ്രല്‍ ഇടവക സമൂഹം ചിലവഴിക്കുക. കോമ്പാറ അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 50000 രൂപ കൈമാറി.
കോമ്പാറ അമ്പ് ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ഷാജു പാറേക്കാടന്‍, ഹൃദയ പാലിയേറ്റീവ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ഷാജു ചിറയത്തിന് തുക കൈമാറി. മണാര്‍ക്കാട് അഡി.ഡിസ്ട്രിക്ട് ജഡ്ജ് ജോമോന് ജോണ്‍, ഫാ. ജോസഫ് മാളിയേക്കല്‍, ഫാ. റിന്റോ തെക്കിനേത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.