നല്ല മനസുള്ളവരുടെ നന്മ; കരുതലിന്റെ കരം നീട്ടി സെന്റ് പീറ്റര്‍ കുടുംബകൂട്ടായ്മ

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇവകയിലെ സെന്റ് പീറ്റര്‍ കുടുംബ കൂട്ടായ്മ നിര്‍മിച്ചു നല്കിയ വീടിന്റെ താക്കോല്‍ദാനം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കുന്നു. കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ സമീപം
ഇരിങ്ങാലക്കുട: നിര്‍ധന കുടുംബത്തിന് സ്വപ്നഭവനം നിര്‍മിച്ചു നല്കി സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയിലെ സെന്റ് പീറ്റര്‍ കുടുംബ കൂട്ടായ്മ. പിണ്ടിപ്പെരുനാളിന്റെ ആഘോഷങ്ങളില്‍ മിച്ചം വന്ന തുക എന്തു ചെയ്യണമെന്നായിരുന്നു കുടുംബ കൂട്ടായ്മയില്‍ ചര്‍ച്ച. ഒരു നിര്‍ധന കുടുംബത്തിന് വീടു നിര്‍മിച്ച് നല്‍കാമെന്ന് തീരുമാനമായി. ഈ തുക മതിയാകില്ലെന്നു മനസിലാക്കിയപ്പോള്‍ കൂട്ടായ്മയിലെ 47 കുടുംബങ്ങളും തങ്ങളാല്‍ കഴിയാവുന്ന തുക സംഭാവനകളായി നല്‍കിയാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
2025 ജനുവരി ഒന്നിന് പുതുവര്‍ഷ ദിനത്തില്‍ കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ സ്നേഹ ഭവനത്തിന് തറക്കല്ലിട്ടു. മൂന്നു മാസം കൊണ്ട് വീടിന്റെ പണി പൂര്‍ത്തീകരിച്ച് ഇടവകയിലെ ഒരു നിര്‍ധന കുടുംബത്തിന് കൈമാറി. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ വീടിന്റെ വെഞ്ചിരിപ്പും താക്കോല്‍ ദാനവും നിര്‍വഹിച്ചു. കുടുംബ കൂട്ടായ്മയുടെ പ്രസിഡന്റ് ബാബു ചേലക്കാട്ടുപറമ്പില്‍, സെക്ട്രറി വര്‍ഗീസ് റപ്പായി പറമ്പി, ട്രഷറര്‍ ടോമി പോള്‍ പറമ്പി. വൈസ് പ്രസിഡന്റ് രാജമ്മ ലോനപ്പന്, ജോയിന്റ് സെക്രട്ടറി ജോയ് മുളരിക്കല്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.