യെമനില്‍ കുടുങ്ങിയത് പത്തുവര്‍ഷം; സ്നേഹത്തിന്റെ കരുതലില്‍ ദിനേശന് നാട്ടിലെത്തി
ആശങ്കയുടെ ദിനരാത്രങ്ങള്‍ …. നാട്ടിലേക്കുള്ള യാത്ര പ്രതീക്ഷിച്ചതല്ല….
ജീവിതം കരുപിടിപ്പിക്കാനായി യെമനിലെത്തിയ തന്നെ കാത്തിരുന്നത് ദുരിതത്തിന്റെയും ഭീതിയുടെയും നാളുകള്‍….
ഇനി, യെമനിലേക്കില്ല ജന്മനാടിന്റെ തണലില്‍
ഇരിങ്ങാലക്കുട: കാത്തിരിപ്പും പ്രാര്‍ഥനകളും വെറുതെയായില്ല, പത്തു വര്‍ഷത്തിലധികം യെമനില്‍ കുടുങ്ങിയ ഇരിങ്ങാലക്കുട എടക്കുളം സ്വദേശി കുണ്ടൂര്‍ വീട്ടില്‍ കെ.കെ. ദിനേശന് (49) നാട്ടിലെത്തി. ഏറെക്കാലത്തെ പരിശ്രമത്തിനൊടുവിലാണ് സുരക്ഷിതനായി മടങ്ങിയെത്തിയത്. ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന ദിനേശന് 2014 ജൂണിലാണ് ജീവിതം കരുപ്പിടിപ്പിക്കാന്‍ യെമനിലേക്ക് പോയത്. അവിടെ ചെന്നിറങ്ങിയപ്പോള്‍ കുഴപ്പമില്ലായിരുന്നു. ആദ്യത്തെ സമയം ഏഴുമാസം വരെ 25000 രൂപ വരെ കൃത്യമായി വീട്ടിലേക്ക് അയക്കാന്‍ പറ്റിയിരുന്നു. ചെന്ന് എട്ടുമാസം കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ വഷളായി. ഇതിനിടയില്‍ യെമനില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചതോടെ എല്ലാം തകിടം മറിഞ്ഞു.
ദിനേശന്റെ പാസ്പോര്‍ട്ട് സ്പോണ്‍സറുടെ കയ്യില്‍ അകപ്പെട്ടു. അതോടെ തൊഴിലും താമസവും നഷ്ടമായി. ഒരു വര്‍ഷം കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. യുദ്ധത്തെത്തുടര്‍ന്ന് ഹൂതികളുടെ നിയന്ത്രണത്തിലുള്ള മേഖലയായ യെമനിന്റെ തലസ്ഥാനമായ സനയില്‍ കുടുങ്ങി. പിന്നീട് അവിടുത്തെ ആളുകളെ പരിചയപ്പെട്ടു. നാട്ടില്‍ ദിവസക്കൂലിക്കു പണിക്കുപോകുന്ന രീതിയില്‍ പണിയെടുത്തു. അത്യാവശ്യം ചെലവിനുള്ള കാശ് സംഘടിപ്പിച്ചു. നാട്ടിലേക്ക് അയയ്ക്കാന്‍ കാര്യമായി ഒന്നുമുണ്ടാകില്ല. ഇതിനിടയില്‍ പാസ്പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥന് ഇടപെട്ട് ഹൂതി വിമതര്‍ കൈയ്യടക്കിയ മാരിബ് എന്ന പ്രദേശത്ത് ടൈല്‍സ് ജോലിക്കായി എത്തിച്ചെങ്കിലും ജീവിതം ഏറെ ദുരിതത്തിലാകുകയായിരുന്നു. കടുത്ത ചൂടും പൊടിക്കാറ്റും നിറഞ്ഞ ഈ പ്രദേശത്ത് ജോലി ഒന്നും ഇല്ലാതെ ഒരുപാട് കഷ്ടതകള്‍ സഹിക്കേണ്ടിവന്നു.
ഇതോടെ വീട്ടുകാരുമായി ബന്ധപ്പെടാന്‍ പറ്റാതായി. കുറെ നാളുകള്‍ ദിനേശനെ കുറിച്ച് വിവരം ഒന്നും ഉണ്ടായില്ല. ഇതിനിടയില്‍ കടബാധ്യതമൂലം എടക്കുളത്തെ പത്തുസെന്റ് സ്ഥലവും വീടും സഹകരണ ബാങ്കിന്റെ ജപ്തിയിലായി. വീട് ജപ്തിയായതോടെ അനിതയും രണ്ടു കുഞ്ഞുമക്കളും സഹോദരന് അനിലിന്റെ പറപ്പൂക്കര നെടുമ്പാളിലുള്ള വീട്ടിലേക്ക് താമസം മാറ്റി. ഇളയ മകന് സായ്കൃഷ്ണയ്ക്ക് ആറുമാസം പ്രായമുള്ള സമയത്താണ് ദിനേശന് യെമനിലേക്ക് പോയത്. മൂത്ത മകള്‍ കൃഷ്ണവേണിക്ക് രണ്ടു വയസായിരുന്നു അന്നു പ്രായം. വിമാനം ഇറങ്ങി ആദ്യം ജന്മനാടായ എടക്കുളത്തേക്കും പിന്നീട് ഭാര്യയും മക്കളും താമസിക്കുന്ന പറപ്പൂക്കര നെടുമ്പാളിലെ വീട്ടിലും എത്തിച്ചേര്‍ന്നു. സ്വന്തം മക്കള്‍ അന്ന് കൈക്കുഞ്ഞുങ്ങളായിരുന്നപ്പോള് കണ്ടതാണ്. ഭാര്യയും മക്കളും ഭാര്യാ മാതാവ് കമലയും ദിനേശനെ ഏറെ സന്തോഷത്തോടെ സ്വീകരിച്ചു.
മോചനത്തിന്റെ പുലരിയിലേക്ക്…..
2021 മുതലാണ് ദിനേശനെ നാട്ടില്‍ എത്തിക്കാന്‍ തീവ്രശ്രമങ്ങള്‍ തുടങ്ങിയത്. ദിനേശനെ തിരിച്ചുകൊണ്ടുവരാന്‍ ഭാര്യ അനിത എടക്കുളം സ്വദേശിയായ ഉണ്ണി പൂമംഗലം വഴി പൊതുപ്രവര്‍ത്തകനായ വിപിന്‍ പാറമേക്കാട്ടിലിനോട് കാര്യം അവതരിപ്പിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസുമായി ഇടപെടലുകള്‍ നടത്തി. കോട്ടയം സ്വദേശി സിജു ജോസഫ്, നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്ത്തകന് സാമുവല്‍ ജെറോം, വേള്‍ഡ് മലയാളി ഫെഡറേഷന് മീഡിയ സെല്‍ കണ്‍വീനര്‍ പാലക്കാട് സ്വദേശി റോജി മൂക്കന് എന്നിവര്‍ ഇക്കാര്യത്തില്‍ ഇടപെട്ടു. യെമനിലെ ഇന്ത്യന്‍ എംബസിയിലെ ഒരു ഉദ്യോഗസ്ഥനെ മോചനത്തിനായി സര്‍ക്കാര്‍ ചുമതലപപടുത്തി. പാസ്പോര്‍ട്ടിനുള്ള പണവും പാസ്പോര്‍ട്ട് ഇല്ലാതെ താമസിച്ചതിനുള്ള പിഴയും വിമാന ടിക്കറ്റിനുള്ള പണവും നല്‍കിയതോടെ നാട്ടിലെത്താനുള്ള വഴിയൊരുങ്ങി. യെമനില്‍ വച്ച് തന്റെ ബുദ്ധിമുട്ടുകള്‍ ചോദിച്ചറിഞ്ഞ് പത്തനംതിട്ട സ്വദേശി ബ്രദര്‍ ലാല്‍കുമാര്‍, കോട്ടയം സ്വദേശി ജസ്റ്റിന് ജെയിംസ് എന്നിവര്‍ പലപ്പോഴും സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്.
ജന്മനാട്ടിലെത്തിയപ്പോള് ഒന്നു വിതുമ്പി
വിമാനം ഇറങ്ങിയപ്പോഴും സുഹൃത്തുക്കളെ കണ്ടപ്പോഴും ഏറെ സന്തോഷവാനായിരുന്നു ദിനേശന്. ജന്മനാട്ടില് എത്തിയപ്പോള്‍ ഒന്ന് വിതുമ്പി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം തന്റെ കുടുംബത്തെ എല്ലാ ദുരിതത്തില്‍ നിന്നും കരകയറ്റാനാണ് പ്രവാസജീവിതം തെരഞ്ഞെടുത്തത്. വിധി മറ്റൊന്നായിരുന്നു കരുതിവെച്ചിരുന്നത്. താമസിച്ചിരുന്ന വീട് അസ്ഥിവാരമായിരിക്കുന്ന അവസ്ഥ ഏറെ വേദനിപ്പിച്ചു. കാടുകയറി ചുമരെല്ലാം വീണ് മേല്‍ക്കൂര ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥ. ഹൃദയഭേദകമായിരുന്നു ആ കാഴ്ച. ഈ കുടുംബത്തിന്റെ അത്താണിയായി മാറാന്‍ പ്രവാസ ജീവിതം തെരഞ്ഞെടുത്ത തനിക്ക് പ്രതീക്ഷകള്‍ സാധ്യമാകാത്തതിലുള്ള ദുഖവും ഏറെ. അയല്‍വാസികളുമായി മധുരവും പങ്കിട്ടു.
നിമിഷപ്രിയയുടെ മോചനം…
തന്നെ നാട്ടിലെത്തിക്കുവാന്‍ ശ്രമിച്ച സാമൂഹിക പ്രവര്ത്തകന് സാമുവല്‍ ജെറോം തന്നെയാണ് നിമിഷപ്രിയയുടെ മോചനത്തിനായി പരിശ്രമിക്കുന്നത്. നിമഷപ്രിയയുടെ അമ്മ പ്രേമകുമാരിയെ സാമുവല്‍ ജെറോമിന്റെ വീട്ടില്‍ വച്ച് രണ്ടാഴ്ച മുമ്പ് കണ്ടിരുന്നു. നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷ.
നന്ദി… നന്ദി… ഒരുപാട് നന്ദി, സന്തോഷം
പ്രതീക്ഷകളെല്ലാം നശിച്ചുപോയെന്നു കരുതിയ നിമിഷങ്ങളായിരുന്നു തന്റെ മുന്നിലൂടെ കടന്നുപോയത്. ആദ്യമൊക്കെ വീട്ടിലേക്ക് സ്ഥിരമായി വിളിക്കുമായിരുന്നു. പതിയെ അതും കുറഞ്ഞു. നാട്ടിലേക്ക് എന്ന് വരുമെന്ന് ചോദിച്ചാല്‍ മറുപടിയില്ല, അതുകൊണ്ടാണ് വിളിപോലും ഒഴിവാക്കിയത്. നാട്ടില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷകളെല്ലാം നശിച്ച സമയത്താണ് തനിക്ക് ആശ്വാസം നല്കുന്ന രീതിയിലുള്ള ഇടപെടലുകള്‍ ഉണ്ടായത്. അത് ഏറെ സന്തോഷകരമായി. നാട്ടിലെത്തിയപ്പോള്‍ സന്തോഷം ഇരട്ടിച്ചു. കൂടെ നിന്നവര്ക്കല്ലാം ഒരുപാട് നന്ദിയുണ്ട്. ഏവരെയും നന്ദിയോടെ എന്നും ഓര്‍ക്കും, ദിനേശന് പറഞ്ഞു. ഇനി നാട്ടില്‍ ജോലി ചെയ്തു കുടുംബത്തോടൊപ്പം ജീവിക്കും. വിദേശരാജ്യങ്ങളിലേക്ക് പോകുന്നില്ല ദിനേശന് പറഞ്ഞു. വിഷമിക്കരുത്, എല്ലാം മറക്കണം നന്മയുടെ കരങ്ങളുമായി എന്നുമുണ്ടാകുമെന്ന ഉറപ്പാണ് ഇന്നലെ നാട്ടുകാര്‍ ദിനേശന് നല്‍കിയത്. ദിനേശന്റെ പുതുജീവിതം പാതി വഴിയിലാണ്. എടക്കുളത്തെ വീടും സ്ഥലവും ജപ്തിയില്‍ നിന്ന് മോചിപ്പിക്കണം പുതിയ വീട് പണിയണം ഇതിനെല്ലാം നാട്ടുകാര്‍ ഒപ്പമുണ്ടാകുമെന്നും അതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നും വിപിന്‍ പാറമേക്കാട്ടില്‍ പറഞ്ഞു.