ഇരിങ്ങാലക്കുടയില്‍ ഷെയര്‍ ട്രേഡിംഗിന്റെ പേരില്‍ 150 കോടി തട്ടി സഹോദരങ്ങള്‍; ഉടമകള്‍ ഒളിവില്‍

ബിബിന്‍, ജൈത.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ ഷെയര്‍ ട്രേഡിംഗിന്റെ പേരില്‍ 150 കോടി തട്ടിയതായി പരാതി. തട്ടിപ്പ് നടത്തിയ ഉടമകള്‍ മുങ്ങി. അമിത പലിശ വാഗ്ദാനം ചെയ്ത് ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബില്യണ്‍ ബീസ് എന്ന സ്ഥാപനമാണ് നിക്ഷേപകരില്‍ നിന്ന് കോടികളുടെ നിക്ഷേപം സ്വീകരിച്ച് പണം തട്ടിയത്. ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. 32 ഓളം പരാതിയില്‍ ആറോളം പേരുടെ പരാതിയില്‍ കേസെടുത്ത് കഴിഞ്ഞു. ഇരിങ്ങാലക്കുട പോലീസ് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്രൈം ബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്.
150 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക നിഗമനം. 2020 മുതലാണ് സ്ഥാപനം തുടങ്ങി തട്ടിപ്പ് ആരംഭിച്ചത്. ഒരു കോടി 95ലക്ഷം രൂപ നിക്ഷേപിച്ച ആളുടെ പരാതിയിലാണ് പോലീസ് ആദ്യം കേസെടുത്തത്. സ്ഥാപന ഉടമകളായ നടവരമ്പ് കോലോത്തുംപടി സ്വദേശി ബിബിന്‍, ഭാര്യ ജൈത, സഹോദരന് സുബിന് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. 10ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 30000 രൂപ വരെ ലാഭവിഹിതം തരാമെന്നും ട്രേഡിംഗില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
ട്രേഡിംഗിലൂടെ ആദ്യകാലങ്ങളില്‍ വലിയ തുകകള്‍ ലഭിച്ചിരുന്നതായും അത് നിക്ഷേപകര്‍ക്ക് നല്‍കുകയും ചെയ്തതോടെയാണ് സ്ഥാപനത്തില്‍ വിശ്വാസമര്‍പ്പിച്ച് കൂടുതല്‍ പേര് പണം നിക്ഷേപിച്ചത്. എന്നാല്‍ പിന്നീട് നിക്ഷേപകര്‍ക്ക് പലര്‍ക്കും പണം തിരികെ ലഭിക്കാതായതോടെ സ്ഥാപനത്തിലേക്ക് പലരും പണം അന്വേഷിച്ചെത്തിയതോടെയാണ് ഇവര്‍ മാസങ്ങള്‍ക്കുമുമ്പേ അത്യാഢംബരമായി നിര്‍മിച്ചിട്ടുള്ള ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് എകെപി റോഡിലെ പാംസ്ക്വയര് ബില്‍ഡിംഗിലെ സ്ഥാപനം അടച്ചുപൂട്ടിയത്.
ചാലക്കുടി റോഡില്‍ വിശ്വനാഥപുരം ക്ഷേത്രത്തിനെതിര്വശത്തായി ഇവരുടെ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നു. ഇതും അടച്ചതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. ആദ്യത്തെ അഞ്ച് മാസത്തോളം സ്ഥാപനം നല്‍കാമെന്ന് പറഞ്ഞ പലിശ ലഭിച്ചിരുന്നു. പിന്നീട് ലാഭവിഹിതം മുടങ്ങിയതോടെ നിക്ഷേപകര്‍ പണം തിരികെ ചോദിച്ച് എത്തിയപ്പോള്‍ ഉടമകള്‍ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് ഇവര്‍ വിദേശത്തേക്ക് കടന്നെന്നും പരാതിക്കാര്‍ പറയുന്നു. പണം ലഭിക്കാനുള്ള നിക്ഷേപകരുടെ വാട്സാപ്പ് കൂ്ടായ്മക്കും രൂപം നല്‍കിയിട്ടുണ്ട്.
ഏകദേശം 150 ഓളം പേര് ഇപ്പോള്‍ തന്നെ ഈ കൂട്ടായ്മയില്‍ അംഗങ്ങളാണ്. പ്രതികളുടെ അക്കൗണ്ട് വഴിയായിരുന്നു പണം സ്വീകരിച്ചിരുന്നത്. സ്ഥാപന ഉടമകള്‍ ദുബായിലേക്ക് മുങ്ങിയതായി നിക്ഷേപകര്‍ പറയുന്നു. വരും ദിവസങ്ങളില്‍ സ്ഥാപനത്തിനെതിരെ നിരവധിപേര്‍ പരാതിയുമായി എത്തുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. ദുബായിലേക്ക് കടന്നവരെ തിരികെ കൊണ്ടുവരുവാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ ദുബായിലും പരാതി നല്‍കിയിട്ടുണ്ട്.
തട്ടിപ്പിനിരയായവരില്‍ ഡോക്ടര്‍മാരും റിയല്‍ എസ്റ്റേറ്റ് മുതലാളിമാരും
ബില്യണ്‍ ബീസ് എന്ന സ്ഥാപനം വഴി തട്ടിപ്പിനിരയായവരില്‍ ഡോക്ടര്‍മാരും റിയല്‍ എസ്റ്റേറ്റ് മുതലാളിമാരുമടക്കം നിരവധി പ്രമുഖരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പലരും പുറത്ത് പറഞ്ഞാല്‍ മാനം പോകും എന്ന അവസ്ഥയിലാണ്. ദുബായില്‍ വച്ച് ചില ബിസിനസ് മുതലാളിമാരെ ഇവര്‍ക്ക് പരിചയപ്പെടുത്തി നല്‍കിയത് ഇരിങ്ങാലക്കുടയിലെ ഒരു പ്രമുഖനായ വ്യക്തിയാണ്.
തട്ടിപ്പ് പുറത്തായതോടെ ഇവരോടൊപ്പമുള്ള ചിത്രങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും മറ്റും വന്‍തോതില്‍ പര്യം നല്‍കിയായിരുന്നു ഇവര്‍ ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ചത്. നിക്ഷേപിച്ച തുക ആവശ്യപ്പെടുന്ന മുറയ്ക്ക് രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ തിരികെ നല്‍കാമെന്ന് പറഞ്ഞായിരുന്നു ആളുകളില്‍ നിന്നും പണം കൈപ്പറ്റുകയിരുന്നത്. കമ്പനി ലാഭത്തിലായാലും നഷ്ടത്തിലായാലും നിക്ഷേപിച്ച തുക അപ്പോള്‍ തന്നെ രണ്ടുദിവസത്തിനുള്ളില്‍ തിരികെ നല്‍കുമെന്ന ഉറപ്പും ഈ നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നു.
അതിന്റെ തെളിവായി തന്നെ ഉടമ ബിബിന്‍ കെ. ബാബുവും അയാളുടെ സഹോദരങ്ങള്‍ സുബിന്, ലിബിന് എന്നിവരുടെയെല്ലാം ഒപ്പുമടങ്ങിയ ചെക്കും നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ എഗ്രിമെന്റില്‍ പറഞ്ഞതുപോലെ ലാഭവിഹിതം കിട്ടാതെ വന്നപ്പോള്‍ സ്ഥാപനത്തില്‍ തിരിച്ചുചെന്ന് ഈ നിക്ഷേപകര്‍ പണം ആവശ്യപ്പെട്ടിരുന്നു. അപ്പോള്‍ സ്ഥാപനത്തിന്റെ ഉടമയായ ബിബിന്‍ ഭീഷണിപ്പെടുത്തുകയും പണം തരാന്‍ തന്റെ കൈവശമില്ല, പറ്റില്ല എന്നുള്ള രീതിയില്‍ സംസാരിക്കുകയുമൊക്ക ചെയ്തിരുന്നു. പിന്നീട് ഇവര്‍ ഈ കുടുംബത്തെ ബിബിനെയും അദ്ദേഹത്തിന്റെ സഹോദരങ്ങളെയുമെല്ലാം ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഇവരെ ഫോണില്‍ ലഭിക്കുന്നുണ്ടായിരുന്നില്ല. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇവര്‍ ദുബായിലേക്ക് കടന്നു എന്ന് അറിയാന്‍ സാധിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇരിങ്ങാലക്കുട പോലീസില്‍ പരാതിയുമായി നിക്ഷേപകര്‍ എത്തിയത്.