കരുവന്നൂര്‍ മൂര്‍ക്കനാട് സൗത്ത് ബണ്ട് റോഡിലും കരുവന്നൂര്‍ പുഴയോരത്തും നടപ്പാത നിര്‍മ്മിക്കണം- കോണ്‍ഗ്രസ്

കരുവന്നൂര്‍ മൂര്‍ക്കനാട് സൗത്ത് ബണ്ട് റോഡ്.
മൂര്‍ക്കനാട്: കരുവന്നൂര്‍ മൂര്‍ക്കനാട് സൗത്ത് ബണ്ട് റോഡിലും, കരുവന്നൂര്‍ പുഴയോരത്തും പാര്‍ശ്വഭിത്തി കെട്ടി നടപ്പാത നിര്‍മ്മിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം. പൈങ്കിളി പാടം മുതല്‍ ആറാട്ടുകടവ് വരെ നിലവിലുള്ള റോഡിന്റെ മുകളില്‍ മെറ്റല്‍ ഇട്ട് അതിന്റെയും മുകളിലാണ് ടൈല്‍ വിരിച്ചിട്ടുള്ളത്. ഇതോടെ റോഡ് വളരെയധികം ഉയര്‍ന്നു. പൈങ്കിളി പാടവും, പുഴയുടെ ഭാഗവും വളരെ താഴ്ന്ന നിലയിലാണ്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലേക്കുള്ള എളുപ്പവഴി കൂടിയാണ് ഈ റോഡ്.
സ്കൂള്‍ വിദ്യാര്‍ഥികളും, നിരവധി യാത്രക്കാരും കടന്നു പോകുന്ന റോഡാണിത്. വാഹനങ്ങള്‍ പോകുമ്പോള്‍ റോഡില്‍ നിന്ന് ഒഴിഞ്ഞു നില്ക്കാന് പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍. മുന്‍ എംഎല്‍എ തോമസ് ഉണ്ണിയാടന് രണ്ട് കോടി ഏഴു ലക്ഷം രൂപ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ചെലവഴിച്ചാണ് ഈ റോഡ് നിര്‍മ്മാണം 2006 ല്‍ പൂര്‍ത്തീകരിച്ചത്. അന്ന് ജനകീയ കമ്മിറ്റി രൂപീകരിച്ചായിരുന്നു നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
ജനകീയ കമ്മിറ്റി ചെയര്‍മാനായിരുന്നത് പരേതനായ കാറളത്തുള്ള ഐ.ഡി. ഫ്രാന്‍സിസ് മാസ്റ്റാറായിരുന്നു. അന്നത്തെ റോഡ് ഉള്‍പ്പെടുന്ന പ്രദേശത്തെ മെമ്പര്മാരായിരുന്നത് കെ.കെ. അബ്ദുള്ളകുട്ടി (മൂര്‍ക്കനാട്) അല്ലി വില്‍സണ്‍ (കാറളം) എന്നിവരായിരുന്നു. ഈ റോഡിന് ആവശ്യമായ നടപ്പാത ഉടന്‍ യാഥാര്‍ഥ്യമാക്കാന്‍ കോണ്‍ഗ്രസ് മൂര്‍ക്കനാട് കമ്മിറ്റി ആവശ്യപ്പെട്ടു. വാര്‍ഡ് പ്രസിഡന്റ് റപ്പായി കോറോത്ത്പറമ്പില് അധ്യക്ഷത വഹിച്ചു. കെ.കെ. അബ്ദുള്ളകുട്ടി, ടി.എം. ധര്മ്മരാജന്, കെ.ബി. ശ്രീധരന്, പി.ഒ. റാഫി എന്നിവര്‍ പ്രസംഗിച്ചു.