വാട്ടര്‍ ടാങ്ക് നോക്കുകുത്തിയായിട്ട് 12 വര്‍ഷം പിന്നിടുന്നു
സംസ്ഥാന മനുഷ്യവകാശ കമ്മീഷന് റിപ്പോര്‍ട്ടിന് പുല്ലുവില-വാട്ടര്‍ ടാങ്ക് നോക്കുകുത്തിയായിട്ട് 12 വര്‍ഷം പിന്നിടുന്നു
പടിയൂര്‍: തൃശൂര്‍ ജില്ലാ പഞ്ചായത്ത് 2005-06 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ച് ഒരു ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഒരു വാട്ടര്‍ ടാങ്ക് മാരാംകുളത്തിനു സമീപം നിര്‍മിച്ചിരുന്നു. എന്നാല്‍ ഇതുവരെയും അതിലേക്കു പൈപ്പ് കണക്ഷന് നല്കി പദ്ധതി പൂര്‍ത്തീകരിച്ചിട്ടില്ല. 2012 ല്‍ വാര്‍ഡ് മെമ്പര്‍ സുനന്ദ ഉണ്ണികൃഷ്ണന് സംസ്ഥാന മനുഷ്യവകാശ കമ്മീഷന് മുമ്പാകെ ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. കമ്മീഷന് തൃശൂര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയേയും വാട്ടര്‍ അഥോറിറ്റി എക്സിക്യുട്ടീവ് എന്‍ജിനീയറെയും വിളിച്ചു വരുത്തുകയും എത്രയും പെട്ടെന്ന് പദ്ധതി പൂര്‍ത്തീകരിച്ച് കമ്മീഷനെ അറിയിക്കണമെന്നു ഉത്തരവിടുകയും ചെയ്തിരുന്നു. ഈ ഉത്തരവനുസരിച്ച് 2016 ല്‍ ജില്ലാ പഞ്ചായത്ത് ഇരിങ്ങാലക്കുട വാട്ടര്‍ അഥോറിറ്റിയില്‍ 23 ലക്ഷം അടക്കുകയും പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കുമെന്നു കാട്ടി പരാതികാരിക്കു കത്തയക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെ വാട്ടര്‍ അഥോറിറ്റി ഇവിടേക്കു തിരിഞ്ഞു നോക്കിയിട്ടില്ല. സമ്പൂര്‍ണ കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ച ശേഷവും പടിയൂരിനെ തെക്കന്‍ മേഖലകളായ കോങ്ങാടന് തുരുത്ത്, മുഴുവഞ്ചേരി തുരുത്ത്, കെട്ടുചിറ, മതിലകം കടവ്, പണ്ടാരത്തറ എന്നീ പ്രദേശങ്ങളില്‍ മഴ നിന്ന സാഹചര്യത്തില്‍ പോലും കൃത്യമായി കുടിവെള്ള ലഭ്യത ഇല്ല. ഈ സാഹചര്യത്തിലും കോടതി അലക്ഷ്യ നടപടി തുടരുന്ന വാട്ടര്‍ അഥോറിറ്റി തികഞ്ഞ കെടുകാര്യസ്ഥതയാണു കാട്ടുന്നതെന്നു സി.എം. ഉണ്ണികൃഷ്ണന് പറഞ്ഞു. ഇതു സംബന്ധിച്ച് പലതവണ ജില്ലാ കളക്ടര്‍ക്കും ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. അതിനാല്‍ വിധി നടപ്പാക്കുന്നതിലെ വീഴ്ചയില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരത്തുള്ള വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.