സാംസ്കാരിക നഗരിയിലെ അന്താരാഷ്ട്ര കലാ പൈതൃകകേന്ദ്രം കാടുകയറിയ നിലയില്‍
ഇരിങ്ങാലക്കുട: കലാ-സാംസ്കാരിക വളര്‍ച്ച ലക്ഷ്യമാക്കി ഇരിങ്ങാലക്കുട ആസ്ഥാനമാക്കി തുടക്കം കുറിച്ച അന്താരാഷ്ട്ര കലാ പൈതൃക നഗരം പദ്ധതി അഞ്ചു വര്‍ഷമായിട്ടും യാഥാര്‍ഥ്യമായില്ല. 2015 ല്‍ വിഭാവനം ചെയ്ത പദ്ധതിയുടെ രേഖകളില്‍ ഒരു താളുപോലും നീങ്ങിയിട്ടില്ലെന്നാണു ഉയര്‍ന്നിരിക്കുന്ന ആക്ഷേപം. പദ്ധതിക്കായി കമ്മിറ്റി രൂപവത്കരിക്കുകയും ഇരിങ്ങാലക്കുടയില്‍ താത്കാലിക ഓഫീസ് തുറക്കുകയും ചെയ്തെങ്കിലും തുടര്‍ പ്രവര്ത്തനങ്ങളില്ലാതായതോടെ ഓഫീസ് കെട്ടിടം കാടുകയറി. 2014 ല്‍ അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം. മാണിയാണു അന്താരാഷ്ട്ര പൈതൃക നഗരം പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചത്. കേരളത്തിലെയും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും വിദേശരാജ്യങ്ങളിലെയും കലയും ചരിത്രവും സംസ്കാരത്തെയും കുറിച്ച് പഠിക്കുവാനും മനസിലാക്കുവാനുമാണു കലാ പൈതൃകകേന്ദ്രം ആരംഭിക്കുവാന്‍ തീരുമാനമായത്. 2015 ലെ ബജറ്റില്‍ പദ്ധതി ഉള്‍പ്പെടുത്തി അലോട്ട്മെന്റ് ചെയ്യുകയുമുണ്ടായി. ടോക്കണ്‍ തുകയായി 20 ലക്ഷം രൂപയും നീക്കിവച്ചു. 2014 ജൂലായില്‍ സ്ഥലം ഏറ്റെടുക്കുന്നതിനു അന്നത്തെ ഡെപ്യൂട്ടി കളക്ടറായിരുന്ന പി. മോഹനനെ ചുമതലപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര കലാ പൈതൃക കേന്ദ്രത്തിനായി ഭരണാനുമതി ലഭിച്ചശേഷം ആദ്യഘട്ടത്തില്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ പത്തു ഏക്കര്‍ സ്ഥലം അക്വയര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതിനായി വിവിധ സ്ഥലങ്ങള്‍ പരിശോധിക്കുകയും ഉണ്ടായി. ഇതിന്റെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കു 10 ലക്ഷം രൂപയും നീക്കിവെച്ചു. കലാ പൈതൃക കേന്ദ്രത്തിന്റെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കായി മനവലശേരി വില്ലേജ് ഓഫീസിനു സമീപം കെട്ടിടം നിര്‍മിച്ച് അന്നത്തെ കളക്ടര്‍ ഉദ്ഘാടനം ചെയ്തതുമാണ്. എംഎല്‍എ ചെയര്‍മാനായി താത്ക്കാലികമായ ഭരണസമിതി നിലവില്‍ വരുകയും ചെയ്തിരുന്നു. പി.കെ. ഭരതന് മാസ്റ്റര്‍, ഹരി ഇരിങ്ങാലക്കുട, ബോബി ജോസ് തുടങ്ങി എട്ടുപേര്‍ അടങ്ങുന്നതായിരുന്നു സമിതി. തുടര്‍ന്ന് ഒട്ടനവധി യോഗങ്ങളും ചര്‍ച്ചകളും കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്നിരുന്നു. ഇതിനിടയില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതോടെ എല്ലാം നിശ്ചലമായ അവസ്ഥയിലായി. അന്നത്തെ സര്‍ക്കാരിലെ ധനകാര്യ വകുപ്പും ടൂറിസം സാംസ്കാരിക വകുപ്പും പിന്തുണ പ്രഖ്യാപിച്ച പദ്ധതി പിന്നീട് പ്രാരംഭ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടും ഓഫീസ് കെട്ടിടം മാത്രമായി ചുരുങ്ങി. ഒട്ടനവധി തൊഴിലവസരങ്ങള്‍ കൂടി ഇരിങ്ങാലക്കുടയിലേക്കു ലഭ്യമാകേണ്ട ഒരു വലിയ പദ്ധതികൂടിയാണു പേരില്‍ മാത്രം ഒതുങ്ങികിടക്കുന്നത്. ഈ കെട്ടിടമാകട്ടെ ഇപ്പോള്‍ കാടുകയറി തകര്‍ച്ചയിലെ വക്കിലുമാണ്.