സോള്‍വന്റ് ഈസ്റ്റ് റോഡ് പാലം വീതികൂട്ടി പുനര്‍നിര്‍മിക്കണം
ഇരിങ്ങാലക്കുട: സോള്‍വന്റ് ഈസ്റ്റ് റോഡ് പാലം വാഹനങ്ങള്‍ കടന്നുപോകാവുന്ന തരത്തില്‍ വീതികൂട്ടി പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ഉയരുന്നു. പൂമംഗലം, വേളൂക്കര പഞ്ചായത്തുകളെ നഗരസഭയുമായി ബന്ധിപ്പിക്കുന്ന കളത്തുപടി പാലം എന്നറിയപ്പെട്ടിരുന്ന ഷണ്മുഖം കനാലിനു കുറുകെയുള്ള സോള്‍വന്റ് ഈസ്റ്റ് റോഡ് പാലമാണു വാഹനങ്ങള്‍ കടന്നുപോകുന്ന രീതിയില്‍ വീതികൂട്ടി പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ഉയരുന്നത്. ഐക്കരകുന്ന്, എടക്കുളം ഭാഗത്തുള്ളവര്‍ക്കു ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിലേക്കു എത്തിച്ചേരുവാനുള്ള എളുപ്പമാര്ഗമാണു ഈ പാലം. എന്നാല്‍ പടികളോടുകൂടിയ വീതികുറഞ്ഞ പാലത്തിലൂടെ വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ കഴിയാത്തതു യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. കിടപ്പുരോഗികളെ എടുത്ത് പാലത്തിനു അപ്പുറം കടത്തി വാഹനത്തില്‍ കയറ്റിയാണു ആശുപത്രിയിലേക്കു കൊണ്ടുപോകുന്നത്. അല്ലെങ്കില്‍ നാലര കിലോമീറ്ററോളം ചുറ്റി കോമ്പാറ ജംഗ്ഷനിലെത്തണം. ഒരു കിലോമീറ്റര്‍ അപ്പുറത്ത് കനാല്‍പാലം വന്നിട്ടും തെക്കേ ബണ്ടില്‍നിന്നു വാഹനങ്ങള്‍ക്കു പോകാവുന്ന വീതിയുള്ള റോഡില്ലാത്തതിനാല്‍ ഈ ഭാഗത്തുള്ളവര്‍ക്കു ഗുണം ചെയ്യുന്നില്ല. കനാലിന്റെ തെക്കേ ബണ്ട് പൂമംഗലം പഞ്ചായത്തിലും തെക്കേ ബണ്ടിനു പുറത്തുള്ള ഭാഗം വേളൂക്കര പഞ്ചായത്തിലുമാണു സ്ഥിതിചെയ്യുന്നത്. ഇവര്‍ക്ക് നഗരത്തിലെത്താനുള്ള എളുപ്പവഴിയാണു സോള്‍വന്റ് ഈസ്റ്റ് റോഡ് പാലം. ഈ പാലം കടന്നാല്‍ നഗരസഭ ബസ് സ്റ്റാന്‍ഡിലേക്കു ഒന്നര കിലോമീറ്ററില്‍ താഴെ മാത്രമാണു ദൂരം. 98 വര്‍ഷത്തോളം പഴക്കമുള്ള സോള്‍വന്റ് ഈസ്റ്റ് പാലത്തിന്റെ പുനര്‍ നിര്‍മാണത്തിനുള്ള നടപടികള്‍ ആരംഭിക്കണമെന്നു പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.