ക്രിസ്തുമസ് ആഘോഷങ്ങളില്‍ പുതുമ ഉണര്‍ത്തി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ ”സാനിറ്റൈസിംഗ് സ്റ്റാര്‍’
ഇരിങ്ങാലക്കുട: ക്രിസ്തുമസ് കാലത്ത് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ എത്തുന്നവരെ സ്വാഗതം ചെയ്തു കൊണ്ട് കോളജിനു മുമ്പില്‍ സ്ഥാപിച്ചിരിക്കുന്ന ”സാനിറ്റൈസിംഗ് സ്റ്റാര്‍’ ഏവരുടേയും ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നു. നക്ഷത്രത്തിനുള്ളില്‍ നിറഞ്ഞ പുഞ്ചിരിയോടെ നില്ക്കുന്ന സാന്റയാണു ഇതിന്റെ പ്രത്യേകത. സാന്റയുടെ സമ്മാനപ്പെട്ടിയില്‍ കൈകള്‍ വെച്ചാല്‍ വരുന്നവര്‍ക്കു ഓട്ടോമാറ്റിക്കായി കൈകള്‍ അണുവിമുക്തമാക്കാനുള്ള സാനിറ്റൈസര്‍ ലഭിക്കും. കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാവണം എന്ന അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണു വിദ്യാര്‍ഥികള്‍ ഇത്തരം ഒരു സംരംഭത്തിനു മുതിര്‍ന്നത്. കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ സാനിറ്റൈസിംഗ് സ്റ്റാര്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ ലൂയി ഫിലിപ്പ്, ജെറിന് സി. ആന്റണി, വിഷ്ണു ശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു ഈ സംരംഭത്തിനു പിന്നില്‍.