ഇരിങ്ങാലക്കുട ആനീസ് കൊലക്കേസ്; കട്ടര്‍ കണ്ടെത്തിയ വീട്ടിലെയും സമീപത്തെ പറമ്പിലെയും കിണറുകള്‍ വറ്റിച്ചു
ഇരിങ്ങാലക്കുട: കൊലചെയ്യപ്പെട്ട ആനീസിന്റെ വളകള്‍ മുറിക്കുവാന്‍ ഉപയോഗിച്ചതായി കരുതുന്ന കട്ടര്‍ കണ്ടെത്തിയ വീട്ടുപറമ്പിലെയും സമീപത്തെ പറമ്പിലെയും കിണറുകള്‍ വറ്റിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണു ആനീസിന്റെ വളകള്‍ മുറിക്കാന്‍ ഉപയോഗിച്ചതെന്നു സംശയിക്കുന്ന കട്ടര്‍ സമീപത്തെ ആളൊഴിഞ്ഞ വീട്ടുപറമ്പില്‍ നിന്നും കണ്ടെത്തിയത്. ആനീസിന്റെ വീടിനു അമ്പതു മീറ്റര്‍ മാറി നെടുമ്പാക്കാരന്‍ വീട്ടില്‍ ഉഷ എന്ന സ്ത്രീയുടെ വീട്ടുപറമ്പില്‍ നിന്നാണു കട്ടര്‍ കണ്ടെത്തിയത്. ആനീസ് കൊല്ലപ്പെടുന്ന സമയത്തും ഈ വീട്ടില്‍ ആരും താമസമുണ്ടായിരുന്നില്ല. പറമ്പ് വൃത്തിയാക്കുന്നതിനിടയിലാണു കട്ടര്‍ കണ്ടെത്തിയത്. ജനുവരി 19 ന് ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തി കട്ടര്‍ കിട്ടിയ വീട്ടിലെയും സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെയും കിണറുകള്‍ വറ്റിക്കുകയായിരുന്നു. കവര്‍ന്നെടുത്ത വളകളോ ആനീസിനെ കൊലചെയ്യുവാനുപയോഗിച്ച ആയുധമോ പ്രതികളെ കുറിച്ച് സൂചന നല്കുന്ന എന്തെങ്കിലും ലഭിക്കുമെന്നു കരുതിയായിരുന്നു പരിശോധന. എന്നാല്‍ കേസിനു സൂചനകള്‍ നല്കുന്ന യാതൊന്നും ഇന്നലെ കിണറുകള്‍ വറ്റിച്ചതില്‍ നിന്നും കണ്ടെത്താനായില്ല. ആനീസിന്റെ വീട്ടുവളപ്പിലെ കിണര്‍ കൊലപാതകം നടന്നതിനു തൊട്ടടുത്ത ദിവസങ്ങളില്‍ പോലീസ് വറ്റിച്ച് പരിശോധന നടത്തിയിരുന്നു. ക്രൈംബ്രാഞ്ച് എസ്പി സുദര്ശന്, ഡിവൈഎസ്പി എം. സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു ഇന്നലെ പരിശോധന നടത്തിയത്. കൊലചെയ്യപ്പെട്ട വീടും പരിസരവും കേന്ദ്രീകരിച്ചു തുടര്‍ന്നുള്ള ദിവസങ്ങളിലും അന്വേഷണങ്ങളും പരിശോധനകളും തുടരുവാനാണു അന്വേഷണ സംഘത്തിന്റെ നീക്കം. പോലീസ് ചോദ്യം ചെയ്തു മൊഴി രേഖപ്പെടുത്തിയവരെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. കട്ടര്‍ പരിശോധനക്കു തൃശൂരിലെ ഗവ. ലാബിലേക്കു അയച്ചിട്ടുണ്ടെന്നും പരിശോധനാ ഫലം വരുവാന്‍ മൂന്നാഴ്ചയോളം സമയമെടുക്കുമെന്നും ഡിവൈഎസ്പി എം. സുകുമാരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കണ്ടെത്തിയ കട്ടറില്‍ രക്തക്കറ ഉണങ്ങിപ്പിടിച്ച നിലയിലാണ്. ഇതില്‍ പറ്റിപിടിച്ചിരിക്കുന്നത് തുരുമ്പ് മാത്രമാണോ അതോ രക്തക്കറ ഉണ്ടോ എന്നുള്ളത് രാസപരിശോധനാ ഫലം വഴി വ്യക്തമാക്കണം. രക്തകറയുണ്ടെന്നു സ്ഥിരീകരിച്ചാല്‍ കൊലചെയ്യപ്പെട്ട ആനീസിന്റെ രക്ത സാമ്പിളുകളുമായി ക്രോസ് മാച്ചിംഗ് നടത്തുന്ന പ്രക്രിയ അടക്കമുള്ള നടപടികളിലേക്കു നീങ്ങും. കവര്‍ന്നെടുത്ത വളകള്‍ കട്ട് ചെയ്യുന്നതിനു മാത്രമേ ഈ കട്ടര്‍ ഉപയോഗിക്കുവാന്‍ സാധ്യതയുള്ളൂ. ആനീസിനെ കൊലചെയ്യുവാന്‍ മറ്റൊരു ആയുധം ഉപയോഗിച്ചിരിക്കാമെന്നാണു കരുതുന്നത്. ചെടികളും അലുമിനിയം ഷീറ്റുകളും കട്ട് ചെയ്യുന്നതിനു ഉപയോഗിക്കുന്ന തരത്തിലുള്ള കട്ടറാണു കഴിഞ്ഞ ദിവസം കണ്ടെത്തിയത്. വളകള്‍ കട്ട് ചെയ്യുവാന്‍ വേണ്ടി ആയുധം കരുതിയിരുന്ന മോഷ്ടാക്കള്‍ ആനീസിനെ കൊലചെയ്യുവാനും മറ്റൊരു ആയുധം കരുതിയിട്ടുണ്ടാകും. 2019 നവംബര്‍ 14 നാണു ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയില്‍ അറവുശാലയ്ക്കു സമീപം പരേതനായ കൂനന്‍ പോള്‍സണ്‍ ഭാര്യ ആനീസിനെ വീട്ടിലെ ഡ്രോയിംഗ് റൂമിനോടു ചേര്‍ന്നുള്ള മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇരിങ്ങാലക്കുട പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തില്‍ അന്നേദിവസം തന്നെ ആയുധം പൊതിഞ്ഞു കൊണ്ടുവന്നു എന്നു കരുതുന്ന ന്യൂസ് പേപ്പറിന്റെ ഒരു കഷ്ണം ലഭിച്ചതല്ലാതെ മറ്റു തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. പിന്നീട് ഒരു വര്‍ഷക്കാലം കൊലപാതകം നടന്ന വീട്ടിലടക്കം ക്യാമ്പ് ചെയ്തു അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. എന്നാല്‍ ഇപ്പോള്‍ ലഭിച്ച കട്ടര്‍ കേന്ദ്രീകരിച്ചാണു അന്വേഷണം നടക്കുന്നത്. രണ്ടാഴ്ച മുമ്പാണു കേസന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്.