കൈ ചിഹ്നത്തില്‍ മല്‍സരിക്കണം,ഘടക കക്ഷിക്കു സീറ്റു നല്‍കരുത്
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ഘടകകക്ഷിയെ ഒഴിവാക്കി കോണ്‍ഗ്രസ് തന്നെ മല്‍സരിക്കണമെന്ന ആവശ്യവുമായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍…
ഇരിങ്ങാലക്കുട: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട സീറ്റ് ഘടകകക്ഷിക്ക് നല്‍കാതെ കോണ്‍ഗ്രസ് എറ്റെടുത്ത് ‘ കൈ ‘ അടയാളത്തില്‍ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കണമെന്ന ആവശ്യവുമായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികള്‍. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇരിങ്ങാലക്കുട എത്തിയ മണ്ഡലത്തിന്റെ ചാര്‍ജ് ഉള്ള കെപിസിസി സെക്രട്ടറി മുന്‍ എംപി ചാള്‍സ് ഡയസ് പങ്കെടുത്ത യോഗങ്ങളില്‍ ആണ് ഭാരവാഹികള്‍ ആവശ്യം ഉന്നയിച്ചത്. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഒന്‍പത് മണ്ഡലം പ്രസിഡന്റുമാരായ ജോസഫ് ചാക്കോ, സോമന് ചിറ്റെത്ത്, ബൈജു കുറ്റിക്കാടന്‍, കെ കെ സന്തോഷ്, ഷാറ്റോ കുര്യന്, ഋഷിപാല്‍ പ്രഭാകരന്, അഡ്വ ജോസ് മൂഞ്ഞേലി, ബാസ്റ്റിന് ഫ്രാന്‍സിസ്, എ എസ് ഹൈദ്രോസ്, എന്നിവര്‍ ഒപ്പിട്ട നിവേദനമാണ് പ്രമേയം ആയി അവതരിപ്പിച്ചത്. വിരലില്‍ എണ്ണാന്‍ പോലും പ്രവര്‍ത്തകര്‍ ഇല്ലാത്ത ഒരു ഘടക കക്ഷിയെ ഇനിയും ചുമക്കാന്‍ ആവിലെന്നും ജയിക്കുമ്പോള്‍ സ്വന്തം കഴിവായും തോല്‍ക്കുമ്പോള്‍ അത് കോണ്‍ഗ്രസിന്റെ കുറ്റമായും പരസ്യ പ്രതികരണം നടത്തുന്നവരെ ഇനിയും ചുമാക്കാനാവില്ല എന്നും പ്രമേയം ചൂണ്ടികാട്ടുന്നു. ബ്ലോക്ക് ഭാരവാഹികളായ ടോണി പാറേക്കാടന്‍, കെ എഫ് ഡൊമിനിക്ക് , വിനോദ് തറയില്‍, എം ആര് ഷാജു, അഡ്വ സിജു പാറേക്കാടന്‍, അഡ്വ വി സി വര്‍ഗീസ് എന്നിവര്‍ പ്രമേയത്തെ പിന്താങ്ങി സംസാരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റുമാരായ ടി വി ചാര്‍ളി, കെ കെ ജോണ്സണ് എന്നിവര്‍ രണ്ടു യോഗങ്ങളില്‍ അധ്യക്ഷത വഹിച്ചു. െകപിസിസി നിര്‍വാഹക സമിതി അംഗം എം പി ജാക്ക്സണ്, ഡി സി സി ഭാരവാഹികളായ അഡ്വ എം എസ് അനില്‍കുമാര്‍, ആന്റോ പെരുമ്പിള്ളി, കെ കെ ശോഭനന്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, മുതിര്‍ന്ന നേതാവ് എന്‍ എം ബാലകൃഷ്ണന് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തില്‍ ആയിരുന്നു ഭാരവാഹികള്‍ ഘടക കക്ഷിക്ക് വീണ്ടും സീറ്റ് നല്‍കുന്നതിനെ എതിര്‍ത്തത്. വരും ദിവസങ്ങളില്‍ മേല്‍ തട്ടിലെ നേതാക്കള്‍ക്കും പരാതി നല്‍കുമെന്ന് ബ്ലോക്ക് ഭാരവാഹികള്‍ പലരും സൂചിപ്പിച്ചു. കഴിഞ്ഞ 30 വര്‍ഷമായി കേരള കോണ്‍ഗ്രസ് (എം) ആണ് ഇരിങ്ങാലക്കുടയില്‍ മല്‍സരിച്ച് കൊണ്ടിരിക്കുന്നതെന്നും വിരലില്‍ എണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രമേ കേരളകോണ്‍ഗ്രസ്സിന് ഇരിങ്ങാലക്കുടയില്‍ ഉള്ളുവെന്നും പിളര്‍പ്പിന് ശേഷം ജോസഫ് വിഭാഗത്തിന് തീരെ പ്രവര്‍ത്തകര്‍ ഇല്ലെന്നും 2001,2006, 2011 കാലഘട്ടങ്ങളില്‍ അഡ്വ തോമസ് ഉണ്ണിയാടന് വിജയിച്ചത് കോണ്‍ഗ്രസ്് സംവിധാനം ഉപയോഗിച്ചിട്ടാണെന്നും വിജയിച്ചപ്പോള്‍ തന്റെ നേട്ടമായും 2016 ല്‍ പരാജയപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താനുമാണ് ശ്രമിച്ചതെന്നും പ്രമേയത്തില്‍ പറയുന്നു. എംഎല്‍എ, ചീഫ് വിപ്പ് തുടങ്ങിയ സ്ഥാനങ്ങളില്‍ ഇരുന്നപ്പോള്‍ അഡ്വ. തോമസ് ഉണ്ണിയാടനെ കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഗുണമുണ്ടായിട്ടില്ലെന്നും വീണ്ടും സ്ഥാനാര്‍ഥിയായി വന്നാല്‍ പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളില്ലെന്നും പ്രമേയത്തില്‍ പറയുന്നു.