ഇരിങ്ങാലക്കുട പ്രസ് ഫോറം മുന്‍ അംഗം കെ.സി. പോള്‍സണ്‍ നിര്യാതനായി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പ്രസ് ഫോറം മുന്‍ അംഗവും മലയാള മനോരമയുടെ മുന്‍ ലേഖകനുമായിരുന്ന കേരള ബാങ്കേഴ്സ് സൈഡ് റോഡില്‍ കളളാപറമ്പന് ചാക്കോ മകന് പോള്സന് (64) നിര്യാതനായി. ഇന്നു ( ഫെബ്രുവരി 2) പുലര്‍ച്ചെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂരിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കുശേഷം വീട്ടിലേക്കു കൊണ്ടുവരും. 1981 മുതല്‍ 2014 വരെ മലയാള മനോരമയുടെ ഇരിങ്ങാലക്കുട ലേഖകനായി പ്രവര്‍ത്തിച്ചു. എറണാകുളത്ത് കേരള ടൈംസ് ലേഖകനുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആദ്യകാലത്ത് ഇരിങ്ങാലക്കുടയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന വാര്‍ത്താ സൗധം പത്രത്തിന്റെ ലേഖകനും എഡിറ്ററുമായിരുന്നു. കെഎസ്യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തി യൂണിറ്റ് പ്രസിഡന്റ്, താലൂക്ക് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ്, ഇരിങ്ങാലക്കുട പ്രസ് ഫോറം സ്ഥാപക പ്രസിഡന്റ്, കെസിവൈഎം സെനറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കാട്ടുങ്ങച്ചിറ എസ്എന്‍ ലൈബ്രറിയുടെ ഭരണസമിതിയില്‍ ദീര്‍ഘകാലം അംഗമായിരുന്നു. ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഭരണസമിതി, രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ എന്നിവയില്‍ അംഗമായിരുന്നു. കേരളത്തിലെ വൈഎംസിഎയുടെ യുവജന പ്രസ്ഥാനമായ യൂണിവൈയുടെ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, നാഷണല്‍ എക്സിക്യുട്ടീവ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട രൂപത സിവൈഎം സ്ഥാപക സെക്രട്ടറിയായിരുന്നു. 1987 തൃശൂര്‍ ജില്ലയിലെ മികച്ച പ്രാദേശിക പത്രപ്രവര്‍ത്തകനുള്ള കരുണാകരന് നമ്പ്യാര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മികച്ച നാടക അഭിനേതാവ് കൂടിയായിരുന്നു കെ.സി. പോള്‍സണ്‍. ഭാര്യ: ബീന (എസ്എന്‍ സ്കൂള്‍ അധ്യാപിക, ഇരിങ്ങാലക്കുട). മകന്: മനു. സംസ്കാരം പിന്നീട് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കും.