കൂടല്‍മാണിക്യം ക്ഷേത്രഗോപുരനടയില്‍ നടന്ന പല്ലാവൂര്‍ താളവാദ്യ മഹോത്സവം സമാപിച്ചു
ഇരിങ്ങാലക്കുട: പല്ലാവൂര്‍ സമിതിയുടെയും സംസ്കാരികവകുപ്പിന്റെയും നേതൃത്വത്തില്‍ കൂടല്‍മാണിക്യം ക്ഷേത്രഗോപുരനടയില്‍ നടന്ന താളവാദ്യ മഹോത്സവം സമാപിച്ചു. സമപാന സമ്മേളനം കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ടി.കെ. നാരായണന് ഉദ്ഘാടനം ചെയ്തു. പല്ലാവൂര്‍ ഗുരുസ്മൃതി അവാര്‍ഡ് തിമില ആചാര്യന് കുനിശേരി അനിയന് മാരാര്‍ക്കും തൃപ്പേക്കുളം പുരസ്കാരം ഇലത്താളപ്രമാണി മണിയാംപറമ്പില്‍ മണിനായര്ക്കും ഗുരുപൂജാ പുരസ്കാരം ഇലത്താളപ്രമാണി പറമ്പില്‍ നാരായണന് നായര്‍ക്കും വീക്കന്‍ചെണ്ട പ്രമാണി പിണ്ടിയത്ത് ചന്ദ്രന് നായര്‍ക്കും ടി.കെ. നാരായണന് സമ്മാനിച്ചു. മദ്ദള കലാകാരന് വടക്കുമ്പാട്ട് രാമന്‍കുട്ടി, കൊമ്പുകലാകാരന്‍ വരവൂര്‍ മണികണ്ഠന്, ഇലത്താളം കലാകാരന് കാട്ടുകുളം ബാലകൃഷ്ണന് എന്നിവര്‍ക്കു ജി.എസ്. പോള്‍ ചികിത്സാസഹായം കൈമാറി. സമിതി പ്രസിഡന്റ് കലാമണ്ഡലം ശിവദാസ് പ്രസംഗിച്ചു. മേജര്‍ സെറ്റ് പഞ്ചവാദ്യത്തില്‍ കുനിശേരി അനിയന്മാരാര്, പരയ്ക്കാട് തങ്കപ്പന് മാരാര്‍, കോങ്ങോട്ട് മധു എന്നിവര്‍ തിമിലയിലും ചെര്‍പ്പുളശേരി ശിവന്, കൃഷ്ണവാര്യര്‍, കോട്ടയ്ക്കല്‍ രവി എന്നിവര്‍ മദ്ദളത്തിലും പല്ലാവൂര്‍ രാഘവ പിഷാരടി, ചേലക്കര സൂര്യന്, തോന്നൂര്‍ക്കര ശിവന് എന്നിവര്ഇലത്താളത്തിലും മച്ചാട്ട് മണികണ്ഠന്, മച്ചാട്ട് പദ്മകുമാര്‍, മച്ചാട്ട് ഹരി എന്നിവര്‍ കൊമ്പിലും കാക്കൂര്‍ അപ്പുക്കുട്ടമാരാര്‍, തിരുവില്വാമല ഹരി എന്നിവര്‍ ഇടയ്ക്കയിലും പങ്കെടുത്തു.