കേരളം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായി മാറികൊണ്ടിരിക്കുന്നു-കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ഇരിങ്ങാലക്കുട: കേരളം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായി മാറികൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രിയും ബിജെപി ദേശീയനേതാവുമായ രാജ്നാഥ് സിംഗ്. എന്‍ഡിഎ ഇരിങ്ങാലക്കുട നിയോജകമണ്ഡലം സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം മുനിസിപ്പല്‍ മൈതാനിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി കേരളം മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികളുടെ പിടിയില്‍ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കേണ്ട സമയമായിക്കഴിഞ്ഞു. കേരളം സംസ്കാരസമ്പന്നമാണെങ്കിലും കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. നൂറ് ശതമാനം സാക്ഷരത ഉണ്ടെങ്കിലും വികസനം അകലെയാണ്. ഇരുമുന്നണികളും തമ്മിലുള്ള ഒത്തുകളിക്ക് മുമ്പില്‍ കേരളീയ ജനതയാണ് പരാജയപ്പെടുന്നത്. കേരളത്തില്‍ പോരടിക്കുന്ന മുന്നണികള്‍ ബംഗാളില്‍ തോളോട് തോള് ചേര്‍ന്നാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്ന പാര്‍ട്ടിയാണ് ബിജെപി യെന്ന് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിയിലൂടെയും രാമക്ഷേത്ര നിര്‍മാണത്തിലൂടെയും ബോധ്യമായിക്കഴിഞ്ഞു. ആരെയും പ്രീണിപ്പിക്കാതെ, തുല്യനീതി ഉറപ്പാക്കുക എന്നതാണ് പാര്‍ട്ടി നയം. ഒരു മത വിഭാഗത്തിന്റെയും വിശ്വാസങ്ങളെ മുറിവേല്പിക്കാന് അനുവദിക്കില്ല. ശബരിമല വിഷയത്തില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കോവിഡിനെ നേരിടുന്നതില്‍ കേരളം പരാജയമായി. കോവിഡ് വാക്സിന് ആദ്യമായി ലോകത്ത് നിര്‍മിച്ചത് ഇന്ത്യയിലാണ്. 72 രാജ്യങ്ങളിലേക്ക് ഇപ്പോള്‍ നാം വാക്സിന് അയച്ചുകഴിഞ്ഞു. മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് പറയുന്ന രാഹുല്‍ ഗാന്ധിക്ക് 2019 ല്‍ തന്നെ മന്ത്രാലയം രൂപം കൊണ്ടത് അറിയില്ലെന്നും രാജ്നാഥ് സിംഗ് പരിഹസിച്ചു. കേരളത്തിന്റെ വികസനത്തിന് വേണ്ടി ബിജെപിക്ക് പ്രത്യേക പദ്ധതി തന്നെയുണ്ട്. അഴിമതിമുക്ത ഭാരതത്തിനായി പ്രയത്നിക്കുന്ന നരേന്ദ്രമോദിയുടെ പാത സ്വീകരിച്ച മെട്രോമാന് ഇ. ശ്രീധരനും ഡോ. ജേക്കബ് തോമസും ബിജെപി യില്‍ എത്തി. കേരളത്തില്‍ അടിമുടി ഗ്രസിച്ചിരിക്കുന്ന അഴിമതിക്കെതിരെ പോരാടുന്ന ഡോ. ജേക്കബ് തോമസിനെ വിജയിപ്പിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി അധികാരത്തില്‍ വന്നാല്‍ കേരളത്തെ അഴിമതി വിമുക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. പ്രകടനപത്രികയുടെ പ്രകാശനവും ഡോ. ജേക്കബ് തോമസ് രചിച്ച രണ്ട് പുസ്തകങ്ങളുടെ പ്രകാശനവും കേന്ദ്രമന്ത്രി നിര്‍വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ആര്. ഹരി, ജില്ലാ ഇലക്ഷന് ഇന്‍ ചാര്‍ജ് ജോസഫ് പടമാടന്, ജില്ലാ സെക്രട്ടറി കവിത ബിജു, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണു മാസ്റ്റര്‍, ഷൈജു കുറ്റിക്കാട്ട്, സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എസ്. സുനില്‍കുമാര്‍, ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റ് എ.ആര്. ജയചന്ദ്രന്, കേരള കോണ്‍ഗ്രസ് നേതാവ് അയ്യപ്പന് മനക്കല്, ജില്ലാ കമ്മിറ്റി ഭാരവാഹി പാറയില്‍ ഉണ്ണികൃഷ്ണന് എന്നിവര്‍ സന്നിഹിതരായിരുന്നു.

