ബിജെപി ഭരണത്തിനു കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്കു രക്ഷയില്ല–സുഭാഷിണി അലി
ഇരിങ്ങാലക്കുട: ബിജെപി ഭരണത്തിനു കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്കും രക്ഷയില്ലെന്നു മലയാളികളായ കന്യാസ്ത്രീകള്‍ക്കു നേരെ എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ കയേറ്റങ്ങള്‍ വ്യക്തമാക്കുന്നതെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണു ഇപ്പോള്‍ റെയില്‍വേ മന്ത്രി പറയുന്നത്. പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പിലാക്കില്ലെന്നു പ്രഖ്യാപിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞതായും സിപിഎം നേതാവ് പറഞ്ഞു. കേരളത്തില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനു കഴിയില്ല. യുഡിഎഫും ബിജെപിയും തമ്മിലുള്ള സംബന്ധ ഏര്പ്പാടാണു കേരളത്തില്‍ നടക്കുന്നതെന്നും ഗുരുവായൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണച്ചു കൊണ്ടുള്ള രാജ്യസഭ എംപിയും ബിജെപി സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപിയുടെ പ്രസ്താവന ഇതിന്റെ തെളിവാണെന്നും സുഭാഷിണി അലി പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം മാപ്രാണത്ത് നടന്ന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പരിപാടികള്‍ തടയാനും സര്‍ക്കാരിനെ താഴെയിറക്കാനുമാണു മോദി ശ്രമിക്കുന്നത്. മോദി ഇന്ന് പറയുന്നതു നാളെ ആവര്‍ത്തിക്കുകയാണു രമേശ് ചെന്നിത്തല ചെയ്യുന്നത്. തൊഴിലാളി വര്‍ഗത്തിനെതിരായ നിയമങ്ങള്‍ പാസാക്കുന്ന മോദി സര്‍ക്കാര്‍ ഹീനമായ മാര്‍ഗങ്ങളിലൂടെ എല്ലാ സംസ്ഥാനങ്ങളിലും അധികാരം നേടാനാണു ശ്രമിക്കുന്നത്. വികസനത്തിന്റെ ഉദാഹരണമായി ബിജെപി ചൂണ്ടിക്കാണിക്കുന്ന ഉത്തര്‍പ്രദേശില്‍ പൊതുവിദ്യാലയങ്ങളുടെയും സര്‍ക്കാര്‍ ആശുപത്രികളുടെയും സ്ഥിതി ദയനീയമാണ്. തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് പി.ആര്. രാജന് അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് നേതാക്കളായ ബേബി ജോണ്‍, ഉല്ലാസ് കളക്കാട്ട്, കെ.സി. പ്രേമരാജന്‍, പി. മണി, അഡ്വ. കെ.ആര്. വിജയ, പി.കെ. ഡേവിസ് മാസ്റ്റര്‍, സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദു, എം.ബി. രാജു മാസ്റ്റര്‍, ആര്.എല്‍. ശ്രീലാല്‍ എന്നിവര്‍ പ്രസംഗിച്ചു.