അവയവദാനസമ്മത പത്രം സമര്‍പ്പിച്ചുള്ള യാത്രയയപ്പുവേള വേറിട്ടൊരനുഭവമായി
ഇരിങ്ങാലക്കുട: അവയവദാനസമ്മത പത്രം സമര്‍പ്പിച്ചുള്ള യാത്രയയപ്പുവേള വേറിട്ടൊരനുഭവമായി. തന്റെ 42 വര്‍ഷത്തെ സേവനത്തിനു ശേഷം ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസില്‍ നിന്നും വിരമിച്ച ടി.കെ. ശക്തീധരനാണു തന്റെ യാത്രയയപ്പു വേളയില്‍ മരണാനന്തരം തന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനു വിട്ടുനല്‍കിയും കണ്ണുകള്‍ അന്ധര്‍ക്കു വെളിച്ചമേകാന്‍ ദാനം ചെയ്തും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ സമ്മതപത്രം നല്കി മാതൃകയായത്. ദീര്‍ഘകാലം എന്‍എഫ്പിഇ പോസ്റ്റ്മെന്‍ യൂണിയന് ഡിവിഷണല്‍ സെക്രട്ടറി, പ്രസിഡന്റ്, ഇരിങ്ങാലക്കുട പോസ്റ്റല്‍ റിക്രീയേഷന്‍ ക്ലബ് സെക്രട്ടറി എന്നിങ്ങനെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. മരണാനന്തര ശരീര അവയവദാന രംഗത്തു പ്രവര്‍ത്തിക്കുന്ന ശക്തീധരന് നിലവില്‍ കേരള യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇതിനകം നിരവധി പേരുടെ മൃതശരീരങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി മെഡിക്കല്‍ കോളജിനും കണ്ണുകള്‍ അന്ധര്‍ക്കു വെളിച്ചമേകന് നേത്രബാങ്കിനും നല്‍കിയിട്ടുണ്ട്. ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് വെച്ച് നടന്ന യാത്രയയപ്പു ചടങ്ങില്‍ പോസ്റ്റല്‍ സൂപ്രണ്ട് സി.ഐ. ജോയ്മോന് അധ്യക്ഷത വഹിച്ചു. മുന്‍ എംപിയും സിനിമാ നടനുമായ ഇന്നസെന്റ് മുഖ്യാതിഥിയായിരുന്നു. കേരള ബാര്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനും കേരളയുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റുമായ അഡ്വ. കെ.എന്‍. അനില്‍കുമാര്‍ സമ്മതപത്രം ഏറ്റുവാങ്ങി. തപാല്‍ വകുപ്പ് അസിസ്റ്റന്റ് സൂപ്രണ്ടുമാരായ ലോലിതാ ആന്റണി, എം.എസ്. സുജ, ഹെഡ് പോസ്റ്റ്മാസ്റ്റര്‍ രേഷ്മ ബിന്ദു, വിവിധ സംഘടനാ നേതാക്കളായ കെ.എസ്. സുഗതന്, ആര്. ജയകുമാര്‍, ടി. എസ്. ശ്രീജ, പി.ഡി. ഷാജു, പി.കെ. രാജീവന്, കെ.എ. രാജന്, വി.എ. മോഹനന്, എം.എം. റാബി സക്കീര്‍, പോസ്റ്റല്‍ റിക്രീയേഷന്‍ ക്ലബ് സെക്രട്ടറി വി.ജി. രജനി, ജോയിന്റ് സെക്രട്ടറി പി. ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. തപാല്‍ വകുപ്പ് ഉപഹാരം പോസ്റ്റല്‍ സൂപ്രണ്ടും റിക്രീയേഷന്‍ ക്ലബ് വക ഉപഹാരം പോസ്റ്റ് മാസ്റ്ററും സഹപ്രവര്‍ത്തകരുടെ ഉപഹാരം എം.എ. അബ്ദുല്‍ ഖാദറും, പ്രത്യേക ഉപഹാരം ടി.എസ്. ശ്രീജയും ശക്തീധരനു സമര്‍പ്പിച്ചു.