പോളിംഗ് സാമഗ്രികളുടെ വിതരണം സുഗമം
ഇരിങ്ങാലക്കുട: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 181 പോളിംഗ് സ്റ്റേഷനുകളിലെ 300 പോളിംഗ് ബൂത്തുകള്‍ക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നടന്നു. 181 പോളിംഗ് ബൂത്തുകള്‍ക്കു പുറമേ 1000 വോട്ടര്‍മാരില്‍ കൂടുതല്‍ വരുന്ന 119 ബൂത്തുകള്‍ ഉള്‍പ്പെടെ 300 പോളിംഗ് ബൂത്തുകളാണു മണ്ഡലത്തിലുള്ളത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഓഡിറ്റോറിയത്തിലാണു മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിലേക്കുള്ള യന്ത്രസാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച വിതരണം ഉച്ചയോടെ പൂര്‍ത്തിയായി. കൂടുതല്‍ കരുതല്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വിതരണ കേന്ദ്രത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. സാങ്കേതിക തകരാര്‍ വന്നാല്‍ മാറ്റാനാണിത്. പോളിംഗ് സമയത്തു കേടുവന്നതു ഏതാണോ ആ യൂണിറ്റ് മാത്രമാണു മാറ്റുക. ബൂത്തില്‍ ഒരു പ്രസീഡിംഗ് ഓഫീസറും മൂന്നു പോളിംഗ് ഓഫീസറുമാണു ഉണ്ടാകുക. ഇവര്‍ക്കു പുറമേ ഒരു പോലീസ് ഓഫീസര്‍, കൊറോണ പ്രോട്ടോക്കോള്‍ നിരീക്ഷണത്തിനു ആരോഗ്യവകുപ്പില്‍ നിന്നും ഒരു ഉദ്യോഗസ്ഥന്, ജില്ലാ പഞ്ചായത്തില്‍ നിന്നും വേസ്റ്റ് മാനേജ്മെന്റ് ഒരു ഉദ്യോഗസ്ഥനും ഓരോ പോളിംഗ് സ്റ്റേഷനിലും ഉണ്ടാകും. അസിസ്റ്റന്റ് റിട്ടേര്‍ണിംഗ് ഓഫീസര്‍ ജില്ലാ ലേബര്‍ ഓഫീസര്‍ വരണാധികാരി കെ.എം. സുനിലിന്റെ നേതൃത്വത്തിലാണു ക്രൈസ്റ്റ് ഓഡിറ്റോറിയത്തില്‍ നിന്നു പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തത്. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ആകെ 2,01,877 വോട്ടര്‍മാരാണുള്ളത്. 96185 പുരുഷന്മാരും 1,05,692 സ്ത്രീകളും ഒമ്പതു ട്രാന്സ്ജന്റര്മാരും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ന് വൈകീട്ട് ഏഴിനു വോട്ടിംഗ് പൂര്‍ത്തിയായശേഷം വോട്ടെണ്ണല്‍ കേന്ദ്രമായ ക്രൈസ്റ്റ് കോളജിലേക്കു വോട്ടിംഗ് സാമഗ്രികള്‍ തിരികെ എത്തിക്കും.
സ്ത്രീ സൗഹൃദ പോളിംഗ് ബൂത്ത് ഒന്ന്, ഹരിത പോളിംഗ് ബൂത്ത് ഒന്ന്, മോഡല്‍ പോളിംഗ് ബൂത്തുകള്‍ നാല്
ഇരിങ്ങാലക്കുട: സ്ത്രീ സൗഹൃദ ബൂത്തായി ഇരിങ്ങാലക്കുട ഗവ. ബോയ്സ് സ്കൂളും ഹരിത ബൂത്തായി ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസ് ബൂത്തും തെരഞ്ഞെടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് നിഷ്കര്‍ഷിച്ചിട്ടുള്ള അടിസ്ഥാന സൗകര്യങ്ങളുള്ള നാലു പോളിംഗ് സ്റ്റേഷനുകളെ മോഡല്‍ പോളിംഗ് സ്റ്റേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കരാഞ്ചിറ എസ്ജി യുപി സ്കൂള്‍, ഹോളി ഫാമിലി കുഴിക്കാട്ടുകോണം, എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇരിങ്ങാലക്കുട, കല്പറമ്പ് ബിവിഎം സ്കൂള്‍ എന്നീ സ്റ്റേഷനുകളാണു മോഡല്‍ പോളിംഗ് സ്റ്റേഷന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
വോട്ടിംഗ് കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍
ഇരിങ്ങാലക്കുട: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് കേന്ദ്രങ്ങളില്‍ പോലീസ് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. 800 ഓളം പോലീസ്, സ്പെഷല്‍ പോലീസ് ഉദ്യോഗസ്ഥരെയാണു മേഖലയില്‍ സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. മണ്ഡലത്തില്‍ ഒമ്പതു പ്രശ്നബാധിത ബൂത്തുകളാണു കണ്ടെത്തിയിരിക്കുന്നത്. കാട്ടൂര്‍ ഇല്ലിക്കാട് എസ്എന്‍ഡിപി ഓഫീസ്, എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂളിലെ അഞ്ചു ബൂത്തുകള്‍, പട്ടേപ്പാടം എഎല്‍പി സ്കൂളിലെ മൂന്നു ബൂത്തുകള്‍ എന്നിങ്ങനെയാണിത്. പ്രശ്നാധിഷ്ഠിത ബൂത്തുകളിലെല്ലാം വെബ് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ബൂത്തുകള്‍ മൈക്രോ ഒബ്സര്‍വര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനു പരിധിയില്‍ വരുന്ന ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളിലെ 176 ബൂത്തുകളിലായി 90 കേന്ദ്ര സേനാംഗങ്ങളെയാണു നിയോഗിച്ചിട്ടുള്ളത്. ഇവര്‍ക്കുപുറമെ 300 ഓളം പോലീസ് ഉദ്യോഗസ്ഥരും 150 സ്പെഷല്‍ പോലീസ് അംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. കാട്ടൂര്‍ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന 55 ബൂത്തുകളിലായി 35 കേന്ദ്ര സേനാംഗങ്ങളെ വിന്യസിപ്പിച്ചിട്ടുണ്ട്. കാട്ടൂര്‍ ഇല്ലിക്കാട് എസ്എന്‍ഡിപി ഓഫീസ്, എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂളിലെ അഞ്ചു ബൂത്തുകള്‍ എന്നിവയാണു സ്റ്റേഷന് പരിധിയിലെ പ്രശ്നാധിഷ്ഠിത ബൂത്തുകള്‍. ആളൂര്‍ സ്റ്റേഷന് പരിധിയിലെ പ്രശ്നാധിഷ്ഠിത ബൂത്തായ പട്ടേപ്പാടത്ത് കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. ഇവര്‍ക്കു പുറമെ സ്റ്റേഷന് പരിധിയില്‍ 58 സ്പെഷല്‍ പോലീസ് അംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
നിശബ്ദം…..കേള്‍ക്കാം ആ നെഞ്ചിടിപ്പ്…..
ഇരിങ്ങാലക്കുട: വോട്ടെടുപ്പിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ഥികളും അണികളും നിശ്ബ്ദ പ്രചരണത്തിലായിരുന്നു. കഴിഞ്ഞ തവണ കൈവിട്ടുപോയ വിജയം തിരിച്ചു പിടിക്കാന്‍ യുഡിഎഫും മണ്ഡലത്തില്‍ വിജയം ആവര്‍ത്തിക്കുവാന്‍ എല്‍ഡിഎഫും വിജയം ഉറപ്പിക്കുവാന്‍ ബിജെപിയും സജീവമായി രംഗത്തുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന് ഇന്നലെ നിയോജകമണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും വീടുകളും കയറിയിറങ്ങി വോട്ടുകള്‍ ഉറപ്പിക്കുന്ന തിരക്കിലായിരുന്നു. രാവിലെ മുതല്‍ പൊറത്തിശേരി, ആളൂര്‍, കാട്ടൂര്‍, മുരിയാട്, വേളൂക്കര, പൂമംഗലം, പടിയൂര്‍, ടൗണ്‍, കാറളം എന്നീ പഞ്ചായത്തുകളിലെ മഠങ്ങളും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് പരമാവധി ആളുകളെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കുകയും ചെയ്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദു ഇരിങ്ങാലക്കുട പഴയ നഗരസഭ, കോലോത്തുംപടി, വെളയനാട്, നടവരമ്പ്, മാപ്രാണത്തെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. രാവിലെ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ വടക്കേ നടയില്‍ നിന്നും പര്യടനം തുടങ്ങി. തുടര്‍ന്ന് കാത്തിരത്തോട് ലൈന്‍, പേഷ്ക്കാര്‍ റോഡ്, ചാലാംപാടം ഹാപ്പി നഗര്‍, ലിസി കോണ്‍വെന്റ്, കോ-ഓപ്പറേറ്റീവ് ആശുപത്രി, നടവരമ്പ് പള്ളി, വെളയനാട് അസംപ്ഷന്‍ കോണ്‍വെന്റ്, അസംപ്ഷന്‍ ഗാര്‍മെന്റസ്, കോലോത്തുംപടി സെന്റ് തോമസ് ബാലഭവനം, എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് ഉച്ചയ്ക്ക് ഡിവൈഎഫ്ഐ മേഖലാ ട്രഷറര്‍ കാവ്യ സുരേഷും ഡിവൈഎഫ്ഐ മേഖലാ ജോയിന്റ് സെക്രട്ടറി മണികണ്ഠനും തമ്മിലുള്ള വിവാഹത്തിലും ഡിവൈഎഫ്ഐ പ്രവര്‍ത്തക അശ്വതിയുടെ വിവാഹത്തിലും പങ്കെടുത്തു. തുടര്‍ന്ന് മാപ്രാണം മേഖലയില്‍ പ്രശസ്ത തിരക്കഥാകൃത്തും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ പി.കെ. ഭരതന് മാഷിന്റെ വസതി, പെന്‍സിലില്‍ മൈക്രോ ആര്‍ട്ട് ചെയ്യുന്ന ഷാന്റോ ലോനപ്പന്, അമൃതം ഫുഡ് യൂണിറ്റ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ ജേക്കബ് തോമസ് കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പ്രധാന വഴിപാടായ താമരമാല സമര്‍പ്പിച്ചു. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന് പുറത്തുവച്ച് മേല്‍ശാന്തി പുത്തില്ലത്ത് ആനന്ദ് നമ്പൂതിരിപ്പാടില്‍ നിന്നും വഴിപാട് പ്രസാദം സ്വീകരിച്ചു. മാപ്രാണം കാരക്കട, സാമുദായിക നേതാക്കളുടെ യോഗം, പ്രധാന വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ സന്ദര്‍ശിച്ചു.