വാക്സിന് സ്വീകരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല
ഇരിങ്ങാലക്കുട: കോവിഡ് വാക്സിന് സ്വീകരിക്കുന്നവര്‍ക്കു വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് അതത് സെന്ററുകള്‍ കൈയോടെ നല്‍കണമെന്ന കേന്ദ്ര നിര്‍ദേശം പാലിക്കുന്നില്ലെന്നു പരാതി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കോവിന്‍ പോര്‍ട്ടലില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് പലയിടത്തും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നല്‍കുന്നില്ലെന്നാണു പരാതി. പകരം വെള്ളക്കടലാസില്‍ പേരും വാക്സിന് ചെയ്ത ദിവസവും മാത്രം എഴുതി നല്കുന്ന സ്ഥാപനത്തിന്റെ സീല്‍ പോലും വെക്കാതെയാണു നല്‍കുന്നതെന്നും പരാതിയുണ്ട്. ഇതിനെതിരേ ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശി സഞ്ജയ് എസ്. നായര്‍ സംസ്ഥാന ആരോഗ്യമന്ത്രിയ്ക്ക് ഈ മെയില്‍ വഴി പരാതി അയച്ചിരുന്നു. എന്നാല്‍, മറുപടി ലഭിച്ചില്ലെന്നു സഞ്ജയ് പറഞ്ഞു. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ പത്രസമ്മേളനത്തിനിടയില്‍ അദ്ദേഹത്തിന്റെ ഓഫീസ് അസിസ്റ്റന്റ് മൊബൈലില്‍ ഇതേ പരാതി വീണ്ടും വാട്സ് ആപ്പില്‍ അയച്ചുനല്‍കി. തുടര്‍ന്ന് പരാതി ജില്ലാ കളക്ടര്‍ക്കു കൈമാറിയിട്ടുണ്ടെന്നു അറിയിപ്പ് ലഭിച്ചു. ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്നും മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വാക്സിന് സ്വീകരിച്ച വ്യക്തികള്‍ക്കു കോവിന്‍ പോര്‍ട്ടലില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണമെന്നു ആരോഗ്യവിഭാഗം പറഞ്ഞതായി ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു. എന്നാല്‍, പോര്‍ട്ടലില്‍ത്തന്നെ അതത് സെന്ററുകള്‍ സൗജന്യമായി അപ്പപ്പോള്‍ത്തന്നെ വാക്സിന് സ്വീകരിച്ചവര്‍ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നു നിഷ്കര്ഷിക്കുന്നുണ്ടെന്നു സഞ്ജയ് പറയുന്നു.