കോവിഡ് വ്യാപനം രൂക്ഷം, ആശങ്കയുടെ തോത് ഉയരുന്നു……മണ്ഡലത്തില്‍ 777 കോവിഡ് രോഗികള്‍
നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി: പോലീസ്, സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ രംഗത്ത്
ഇരിങ്ങാലക്കുട: കോവിഡ് വ്യാപനം രൂക്ഷമായതോടെ ടൗണിലും ഗ്രാമീണ മേഖലകളിലും നിയന്ത്രണം കടുപ്പിച്ചു. ആളൂര്‍ പഞ്ചായത്തിലെ രണ്ടു വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളായി തുടരുകയാണ്. ഇരിങ്ങാലക്കുട നഗരസഭയില്‍ മാത്രം 336 കോവിഡ് രോഗികളാണുള്ളത്. 22 പേര് ആശുപത്രിയിലും 314 പേര് വീടുകളിലുമാണു കഴിയുന്നത്. നഗരസഭ പ്രതിരോധ നടപടികള്‍ ശക്തമാക്കി. പകര്‍ച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി ഈ മാസം 25 നു ഞായറാഴ്ച നഗരസഭാ പ്രദേശത്ത് ഡ്രൈഡേ ആചരിക്കും. നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും ആര്‍ആര്‍ടി കമ്മിറ്റികളെ സജീവമാക്കി വോളന്റിയര്‍മാരെ സജ്ജമാക്കുകയും പകര്‍ച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി വാര്‍ഡ് തല സാനിറ്റേഷന്‍ കമ്മിറ്റികള്‍ ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ജനതാ പേവാര്‍ഡില്‍ 15 കിടക്കകളും ഐസിയുവില്‍ ആറു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യത്തില്‍ ഇരിങ്ങാലക്കുട നഗരസഭയുടെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് സെന്ററായി പ്രവര്‍ത്തിച്ച ഔവര്‍ ആശുപത്രി കോവിഡ് ഫസ്റ്റ് ലെയര്‍ ട്രീറ്റ്മെന്റ് സെന്ററായി മാറ്റണമെന്നു ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആളൂര്‍ പഞ്ചായത്തില്‍ 150, പടിയൂര്‍ പഞ്ചായത്തില്‍ 59, വേളൂക്കര പഞ്ചായത്തില്‍ 71, പൂമംഗലം പഞ്ചായത്തില്‍ 24, കാറളം പഞ്ചായത്തില്‍ 35, കാട്ടൂര്‍ പഞ്ചായത്തില്‍ 31 എന്നിങ്ങനെയാണു രോഗികളായുള്ളത്. മണ്ഡലത്തില്‍ 777 കോവിഡ് രോഗികളാണുള്ളത്. വാര്‍ഡ് തലത്തില്‍ ജാഗ്രതാ സമിതികള്‍ ചേരുകയും ആശാവര്‍ക്കര്‍മാര്‍ക്കുള്ള ബോധവത്കരണ ക്ലാസും നടന്നു. വാക്സിന് ലഭ്യമല്ലാത്തതിനാല്‍ പല പഞ്ചായത്തുകളില്‍ വാക്സിനേഷന് മുടങ്ങിയിട്ടു രണ്ടു ദിവസമായി. വാക്സിന്റെ ക്ഷാമം മൂലം വാര്‍ഡുതലത്തിലുള്ള ക്യാമ്പുകളും നടക്കുന്നില്ല. ജനറല്‍ ആശുപത്രിയില്‍ ഇന്നലെ 200 പേര്‍ക്കു മാത്രമാണു വാക്സിനേഷന് നല്കാന് സാധിച്ചത്. മാര്‍ക്കറ്റ്, പൊതുസ്ഥലങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള കര്‍ശന നടപടി ആരംഭിച്ചു. സാമൂഹിക അകലം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് പിഴ ചുമത്തലുള്പ്പെടെ ആരംഭിച്ചു. രോഗവ്യാപന മുന്നറിയിപ്പ് നല്കാന് പഞ്ചായത്തുകള്‍ ഇന്നലെ മുതല്‍ അനൗണ്‍സ്മെന്റ് തുടങ്ങി.