പുത്തന്‍തോട് പാലത്തിന്റെ സ്ലാബുകള്‍ മാറ്റി സ്ഥാപിക്കും നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് പിഡബ്ല്യുഡി
കരുവന്നൂര്‍: പ്രളയത്തില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് പുത്തന്‍തോട് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഒരുഭാഗം താഴേയ്ക്കിരുന്നത് അടിയന്തരമായി പരിഹരിക്കുമെന്നു പൊതുമരാമത്തുവകുപ്പ് ബ്രിഡ്ജസ് വിഭാഗം. തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയിലെ കരുവന്നൂര്‍ പുത്തന്‍തോട് പാലത്തിന്റെ തെക്കേയറ്റത്തുള്ള ബീമുകള്ക്കുശേഷം റോഡിനോടു ബന്ധിക്കുന്ന അപ്രോച്ച് റോഡിന്റെ സ്ലാബുകളാണു അടിയിലുള്ള മണ്ണ് പ്രളയത്തില്‍ ഇടിഞ്ഞുപോയതിനെത്തുടര്ന്ന് താഴ്ന്നത്. കരുവന്നൂര്‍ കെഎല്‍ഡിസി കനാലിനു കുറുകെയുള്ള പുത്തന്‍തോട് പാലം പ്രളയകാലത്ത് വെള്ളത്തില്‍ മുങ്ങിയിരുന്നു. വാഹനങ്ങള്‍ ഈ സ്ഥലത്ത് എത്തുമ്പോള്‍ വലിയ ശബ്ദത്തോടെ പാലത്തിനു കുലുക്കവും അനുഭവപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് പിഡബ്ല്യുഡി റോഡ്സ് വിഭാഗം ഈ ഭാഗത്ത് മണ്ണിട്ടുനികത്തി ടാര്‍ ചെയ്തിരുന്നു. മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിരുന്നു. ചെറിയ പാലത്തിന്റെ പണി നടക്കുന്നതിനാലാണു പുത്തന്‍തോട് പാലത്തിന്റെ പ്രവൃത്തികള്‍ നീട്ടിവെച്ചിരുന്നതെന്നു പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം വ്യക്തമാക്കി. അടുത്ത മഴക്കാലത്തിനുമുമ്പെ താഴേയ്ക്കിരുന്ന സ്ലാബുകള്‍ പൊളിച്ചുമാറ്റി അവിടെ പില്ലറിട്ട് ബലപ്പെടുത്തുവാനാണു പദ്ധതി. ഇതിനായി രണ്ടാഴ്ച റോഡ് ബ്ലോക്ക് ചെയ്ത് ഗതാഗതം തിരിച്ചുവിടേണ്ടിവരുമെന്നു ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. താഴ്ന്നുപോയ സ്ലാബുകള്‍ പൊളിക്കുക, പാലത്തിനോടു ചേര്‍ന്നുള്ള ഭാഗത്ത് കല്ലിട്ട് ബലപ്പെടുത്തി ടാറിടുക എന്നിവയാണു ചെയ്യാനുള്ളതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേരത്തേ പാലത്തിനാണു പ്രശ്നമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും വിദഗ്ധ പരിശോധനയില്‍ അപ്രോച്ച് റോഡിനോടു ചേര്‍ന്നുള്ള സ്ലാബുകള്‍ താഴേയ്ക്കിരുന്നതാണു കാരണമെന്നു വ്യക്തമായെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.