മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ പരിപാടികള്‍ നടത്തി
ഇരിങ്ങാലക്കുട: സാമൂഹ്യനീതി വകുപ്പിന്റെയും ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും കേരള സാമൂഹ്യ സുരക്ഷ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണം നടത്തി. കോളജ് വിദ്യാര്‍ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ വെബിനാര്‍, ബ്രോഷര്‍ പ്രകാശനം, പ്രശസ്ത സിനിമാ സാംസ്കാരിക പ്രവര്‍ത്തകരുടെ വീഡിയോ സന്ദേശപ്രചരണം, ‘കൂടെ’ എന്ന പേരില്‍ സ്കൂള്‍ കോളജ് വിദ്യാര്‍ഥികളെ പങ്കാളികളാക്കിയുള്ള ‘സോഷ്യല്‍ മീഡിയ കാമ്പയിന്’ എന്നിവയെല്ലാം നടത്തി. വയോജനങ്ങളുടെ അവകാശങ്ങള്‍, നിയമങ്ങള്‍ സംബന്ധിച്ച പ്രത്യേക ബ്രോഷര്‍ ഇരിങ്ങാലക്കുട ആര്‍ഡിഒ പി. കാവേരിക്കുട്ടി പ്രകാശനം ചെയ്തു. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായുള്ള ‘കൂടെ’ എന്ന സോഷ്യല്‍ മീഡിയ കാമ്പയിന് മെറ്റീരിയല്‍ തൃശൂര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി.എച്ച്. അസ്ഗര്‍ഷ നിര്‍വഹിച്ചു. സാമൂഹ്യനീതി വകുപ്പിനു വേണ്ടി പ്രത്യേക ബോധവത്കരണ വീഡിയോയുമായി പ്രശസ്ത സിനിമ താരങ്ങളായ അപര്‍ണ ബാലമുരളി, മുത്തുമണി സോമസുന്ദരന്‍, സംവിധായകന് ജിജോ ജോര്‍ജ്, മലപ്പുറം ഡെപ്യൂട്ടി കളക്ടറും വിവര്‍ത്തകയുമായ സി. കബനി, സാഹിത്യകാരിയും ആകാശവാണി അനൗണ്‍സറുമായ ശാലിനി പടിയത്ത് എന്നിവരുമെത്തി. വെബിനാറില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, സെന്റ് ജോസഫ്സ് കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, വയോജന സംരക്ഷണ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. മുതിര്‍ന്ന പൗരന്മാരോടുള്ള അക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ വെബിനാര്‍ ഇരിങ്ങാലക്കുട ആര്‍ഡിഒ ആന്‍ഡ് മെയിന്റനന്‍സ് ട്രൈബ്യൂണല്‍ പി. കാവേരിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.ആര്. രാജേഷ് സന്ദേശം നല്കി. തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ ജഡ്ജ് ആര്. ജയകൃഷ്ണന് ‘വയോജന സൗഹൃദ കേരളം കരുതല്‍, നിയമസംരക്ഷണം’ എന്ന വിഷയത്തിലും, സാമൂഹ്യനീതി വകുപ്പ് ടെക്നിക്കല്‍ അസിസ്റ്റന്റ് മാര്‍ഷല്‍ സി. രാധാകൃഷ്ണന് ‘വയോജനക്ഷേമം വിദ്യാര്‍ഥി സമൂഹത്തിന്റെ കടമ’ എന്ന വിഷയത്തിലും, കേരള സാമൂഹ്യ സുരക്ഷമിഷന്‍ (വയോമിത്രം) കോ-ഓര്‍ഡിനേറ്റര്‍ എം.ആര്. ശരത് ‘വയോമിത്രം മുതിര്‍ന്നവര്‍ക്കൊരു കരുതല്‍’ എന്ന വിഷയത്തിലും ക്ലാസുകള്‍ നയിച്ചു. ഇരിങ്ങാലക്കുട ആര്‍ഡിഒ കാര്യാലയത്തിലെ സീനിയര്‍ സൂപ്രണ്ട് പി. രേഖ, ജൂണിയര്‍ സൂപ്രണ്ടുമാരായ ഐ.കെ. പൂക്കോയ, സി.എച്ച്. അഹമ്മദ് നിസാര്‍, സെക്ഷന്‍ ക്ലാര്‍ക്ക് കസ്തൂര്‍ബായ്, എന്‍. രഞ്ജിത, പ്രസീത ഗോപിനാഥ്, ടെക്നിക്കല്‍ അസിസ്റ്റന്റ് മാര്‍ഷല്‍ സി. രാധാകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി. വാര്‍ധക്യം പ്രമേയമാക്കി ചിത്രീകരിക്കുകയും ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്ത ‘ദി സൗണ്ട് ഓഫ് ഏജ്’ എന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശനവും ഓണ്‍ലൈന്‍ വെബിനാറില്‍ പ്രദര്‍ശിപ്പിച്ചു.