അടച്ചിട്ട കള്ള് ഷാപ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി നിര്‍ദേശം
ജൂലൈ എട്ടിന് കേസ് വീണ്ടും പരിഗണക്കും
ഇരിങ്ങാലക്കുട: പ്രാദേശിക വികാരത്തിന്റെ പേരില്‍ നഗരസഭ അധിക്യതര്‍ അടച്ചിട്ട 18, 19 വാര്‍ഡുകളിലെ കള്ള് ഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ച് തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് ജൂലൈ എട്ടിന് വീണ്ടും പരിഗണിക്കും. അതുവരെ ഷാപ്പുകളുടെ താക്കോല്‍ ചെയര്‍പേഴ്സന്റെ കൈവശം സൂക്ഷിക്കാനും നിര്‍ദേശിച്ചു. ജൂലൈ എട്ടിന് കള്ളു ഷാപ്പുകളുടെ പ്രവര്‍ത്തനങ്ങളുമായി സംബന്ധിച്ചുള്ള മുഴുവന്‍ ഹര്‍ജികളും അന്നേ ദിവസം പരിഗണിക്കും. പരിസരവാസികള്‍, നഗരസഭ, നഗരസഭ ഷാപ്പ് ലൈസന്‍സി എന്നിവര്‍ നല്കിയ ഹര്‍ജികളാണ് അന്നേ ദിവസം കേടതി പരിഗണിക്കുക. ജനവാസകേന്ദ്രത്തിലും അങ്കവാടിക്കും ആശുപത്രിക്കും ആരാധനാലയങ്ങള്‍ക്കും സമീപമായതിനാല് ഷാപ്പുകള്‍ അടച്ചുപൂട്ടണമെന്നാണ് പരിസരവാസികള്‍ കേടതിയില്‍ നല്‍കിയിരിക്കുന്നത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള സംഭരണ കേന്ദ്രം എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഷാപ്പുകള്ക്കായുള്ള കെട്ടിടം നിര്‍മിച്ചതെന്നും നഗരസഭയുടെ ട്രേഡ് ലൈസന്‍സ് ഇല്ലാതെയാണ് ഷാപ്പ് തുറന്നതെന്നും കള്ള് ഷാപ്പുകള്‍ പൂട്ടണമെന്നും ഇത് കൗണ്‍സിലിന്റെ ഏകകണ്ഠമായ തീരുമാനമാണെന്നും നഗരസഭ ഹൈക്കോടതിയെ അറിയിച്ചു. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് സര്‍ക്കാരും എക്സൈസ് വകുപ്പും അനുവദിച്ച ലൈസന്‍സ് പ്രകാരം പ്രവര്‍ത്തനം ആരംഭിച്ച ഷാപ്പുകളാണ് അധികൃതര്‍ പൂട്ടിയിട്ടിരിക്കുന്നതെന്നും മതിയായ പോലീസ് സംരക്ഷണം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാപ്പ് ലൈസന്‍സി കാട്ടൂര്‍ പൊഞ്ഞനം സ്വദേശി പാലക്കല്‍ വീട്ടില്‍ സജേഷ് കോടതിയെ സമീപിച്ചിരിക്കുന്നത്. നഗരസഭയില്‍ പതിനെട്ടാം വാര്‍ഡില്‍ അറവുശാലക്കു സമീപവും, പത്തൊന്‍പതാം വാര്‍ഡില്‍ ഊമന്കുളത്തിന് സമീപവുമാണ് ജൂണ്‍ 13ന് കള്ളു ഷാപ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. നാട്ടുക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഷാപ്പുകള്‍ അടച്ചു പൂട്ടുകയായിരുന്നു.