കോവിഡിലും തളരാതെ സുബീന ഇത് മരണ തണുപ്പുള്ള ദിനങ്ങൾ
തളരില്ല സുബീന, ഇത് മരണത്തണുപ്പുള്ള ദിനങ്ങള്‍…..
രണ്ടോ മൂന്നോ മൃതദേഹങ്ങള്‍ സംസ്കരിച്ചിരുന്ന ഇരിങ്ങാലക്കുട ക്രിമിറ്റോറിയത്തില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ ഒരു ദിവസം സംസ്കരിച്ചത് 13 ഓളം മൃതദേഹങ്ങള്‍
ഇരിങ്ങാലക്കുട: ജോലിഭാരം കൂടുന്നതു ഇരിങ്ങാലക്കുടയിലെ ശ്മശാനം ജീവനക്കാരി സുബീനയെ തളര്‍ത്തുന്നില്ല. ക്രിമിറ്റോറിയത്തിലെ ജീവനക്കാരിയാണു ഞാന്‍. മൃതദേഹങ്ങള്‍ സംസ്കരിക്കലാണ് ജോലി. കോവിഡ് കാലത്തും എല്ലാ ദിവസവും നേരിട്ടെത്തി പണിയെടുക്കുന്നു. രാവിലെ ഏഴുമണിയോടെ എത്തും. ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്കു പോകുമ്പോള്‍ രാത്രിയാകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്ലാം മറന്നു ജോലി ചെയ്യുകയാണ്.
ഇരിങ്ങാലക്കുട എസ്എന്‍ബിഎസ് സമാജം വക മുക്തിസ്ഥാനില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കുന്ന ജീവനക്കാരി കുഴികണ്ടത്തില്‍ വീട്ടില്‍ റഹ്മാന് ഭാര്യ സുബീന റഹ്മാന്റെ വാക്കുകളാണ് ഇത്. ക്രിമിറ്റോറിയത്തിനു സമീപമാണു താമസം. ക്രിമിറ്റോറിയത്തിലെ നിയമാവലി അനുസരിച്ചാണെങ്കില്‍ ഒരു ദിവസം നാലോ അഞ്ചോ മൃതദേഹങ്ങള്‍ സംസ്കരിച്ചാല്‍ മതി. എന്നാല്‍ കോവിഡ് രണ്ടാം തരംഗ വേളയില്‍ അതൊന്നും നോക്കിയിരുന്നില്ല. അടുത്ത നാളായി എല്ലാ ദിവസവും പത്തും പന്ത്രണ്ടും മൃതദേഹങ്ങള്‍ ഉണ്ടാകും. ഒരു മൃതദേഹം സംസ്കരിച്ചു കഴിഞ്ഞാല്‍ രണ്ടു മണിക്കൂറെങ്കിലും കഴിഞ്ഞേ അടുത്തത് എടുക്കാന്‍ കഴിയൂ. മെഷീന് തണുക്കണം. സഹായിക്കാന്‍ സജീവന് കുന്നുമ്മല്‍ എന്ന ജീവനക്കാരനുമുണ്ട്. ഒരു പിടി ചാരമാകുക അല്ലെങ്കില്‍ മണ്ണിലേക്ക് മടങ്ങുക എന്നത് ഏതൊരു മൃതദേഹത്തിന്റെയും അവകാശമാണ്. അതിനായി ഇവിടെ പാടുപ്പെടുകയാണ് ഈ സ്ത്രീ. ജീവിതമെന്ന യാഥാര്‍ഥ്യത്തില്‍ പ്രാരാബ്ദങ്ങള്‍ വെല്ലുവിളിയായി മുമ്പില്‍ വന്നപ്പോള്‍ പകച്ചു നില്‍ക്കാതെ തന്നെക്കൊണ്ട് സാധിക്കാത്തതായി ഒന്നുമില്ല എന്ന മനസുറപ്പോടെയാണ് സുബീന ഈ ജോലി ചെയ്യുന്നത്.
ഓഫീസ് ജോലിയായിരുന്നു ഇവിടെ ആദ്യം. മൃതദേഹം കൊണ്ടുവരുമ്പോള്‍ മാത്രം ചില രേഖകള്‍ എഴുതി നല്‍കുക എന്നുള്ളതായിരുന്നു ജോലി. കാര്യമായ ജോലി ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ പിന്നീട് മൃതദേഹം സംസ്കരിക്കുന്നതിനും സഹായിക്കാമെന്നായി. പിന്നീട് ഇവിടുത്തെ പ്രധാന ജീവനക്കാരിയായി മാറി. ഒരേസമയം രണ്ടു മൃതദേഹങ്ങള്‍ വരെ സംസ്കരിക്കാം. കോവിഡിനു മുമ്പ് 89 മൃതദേഹങ്ങളാണു ഒരു മാസം സംസ്കരിക്കേണ്ടി വന്നതെങ്കില്‍ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് 200 ഓളം മൃതദേഹങ്ങള്‍ സംസ്കരിക്കേണ്ടി വന്നു. അതില്‍ കൂടുതല്‍ കോവിഡ് രോഗികളുടേതായിരുന്നു. 275 ഓളം കോവിഡ് രോഗികളെ ഇവിടെ സംസ്കരിച്ചിരുന്നു. ബന്ധുക്കള്‍ക്കു പോലും എത്താന്‍ പറ്റാത്ത അവസ്ഥയില്‍ ആചാരപ്രകാരം ചിതാഭസ്മം വേണമെന്നുള്ളവര്‍ക്ക് അതു നല്‍കും.