‘ജാഗ്രത’; ഇരിങ്ങാലക്കുടയിൽ മോഷ്ടാക്കള്‍ വിലസുന്നു
പോലീസിന്റെ നൈറ്റ് പെട്രോളിംഗ് സംവിധാനം ശക്തമാക്കണമെന്ന് നാട്ടുകാര്‍
മോഷണശ്രമങ്ങള്‍ നടന്നത് ആനീസ് കൊല്ലപ്പെട്ട വീടിനു സമീപം-പരിസരവാസികള്‍ ആശങ്കയില്‍
ഇരിങ്ങാലക്കുട: ടൗണിലും പരിസര പ്രദേശങ്ങളിലും മോഷ്ടാക്കളുടെ ശല്യം ഏറുന്നതായി പരാതി. കഴിഞ്ഞ ദിവസം ഈസ്റ്റ് കോമ്പാറ മതമൈത്രി നഗറിലെ വീട്ടില്‍ മോഷണ ശ്രമം നടന്നു. ഇതു സംബന്ധിച്ച് മാത്തന്ചിറ ജോര്‍ജ് പോലീസില്‍ പരാതി നല്കി. രാത്രി 12.15 ഓടെ മോഷ്ടാക്കള്‍ വീടിന്റെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറാനാണു ശ്രമിച്ചത്.
വാതിലിന്റെ പൂട്ടുതകര്ക്കുന്ന ശബ്ദം കേട്ട് വീട്ടുകാരിലൊരാള്‍ ഉടന്‍ എണീറ്റ് വീടിനകത്തെയും പുറത്തെയും ലൈറ്റുകള്‍ ഇടുകയും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുകയും ചെയ്തു. ഇതോടെ മോഷ്ടാക്കള്‍ ഓടി പോകുകയാണുണ്ടായത്. ഈ സമയം സമീപത്തെ വീടുകളിലെ വളര്‍ത്തു നായ്ക്കള്‍ ശബ്ദം ഉണ്ടാക്കിയതായി പ്രദേശവാസികള്‍ പറഞ്ഞു. മുമ്പ് പലതവണയും ഈ പ്രദേശത്തെ പല വീടുകളിലും ഇതുപോലെ മോഷണ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇതുവരെയും തെളിയിക്കപ്പെടാത്ത ആനീസ് കൊലപാതകം നടന്ന വീടിനു 100 മീറ്റര്‍ ചുറ്റളവിലാണ് ഇത്തരം സംഭവങ്ങള്‍ എന്നുള്ളത് പരിസരവാസികളെ ഏറെ ഭയപ്പെടുത്തുന്നു. കുറച്ചു നാള് മുമ്പ് ബസ് സ്റ്റാന്‍ഡിനു സമീപം മെയിന്‍ റോഡിനോടു ചേര്‍ന്നുള്ള ഇടവഴിയിലെ വീട്ടിലും മോഷണ ശ്രമം നടന്നിരുന്നു. രണ്ടു ദിവസം മുമ്പാണു ഠാണാ ജംഗ്ഷനിലെ മുസ്ലിം പള്ളിക്കു മുമ്പിലെ ഭണ്ഡാരം കുത്തി തുറന്നത്. ഇതുവരെയും സംഭവത്തിലെ പ്രതികളെ പിടികൂടാനായിട്ടില്ല. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്നും 20,000 രൂപയും ഠാണാവില്‍ മെറിനാ ആശുപത്രിയ്ക്കു സമീപം താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്നും 38,000 രൂപയും മോഷണം പോയിരുന്നു.
ഒരു മാസം മുമ്പ് പട്ടാപകല്‍ ഈസ്റ്റ് കോമ്പാറ മേച്ചേരി ഡേവിസിന്റെ വീട്ടിലും ഷീറ്റ് പൊളിച്ച് മോഷണശ്രമം നടന്നിരുന്നു. സമീപവാസി കണ്ടതിനാല്‍ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ കേസുകളിലെ പ്രതിയെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നുവെങ്കിലും മോഷണ ശ്രമങ്ങള്‍ തുടരുകയാണ്. മഴക്കാലത്ത് റോഡുകളില്‍ ആളുകള്‍ കുറവാകുന്നതും ആളുകള്‍ പെട്ടെന്നു കിടന്ന് ഉറക്കം പിടിക്കുന്നതും മോഷണശ്രമങ്ങള്‍ കൂടുവാന്‍ സാധ്യതയുണ്ട്. നല്ല മഴ പെയ്യുന്ന രാത്രി സമയത്ത് വീടിന്റെ ജനാലകളോ വാതിലുകളോ പൊളിക്കുന്നതിന്റെ ശബ്ദവും വീട്ടുകാര്‍ അറിയില്ല. മേല്‍ക്കൂരയില്‍ ടിന്‍ഷീറ്റ് മേഞ്ഞ വീടുകളാണെങ്കില്‍ ഷീറ്റില്‍ മഴവെള്ളം വീഴുമ്പോഴുള്ള ശബ്ദത്തിനിടെ എന്തു സംഭവിച്ചാലും പുറംലോകം അറിയില്ല എന്നുള്ളതും മോഷ്ടാക്കള്‍ക്ക് സഹായകരമാണ്. പോലീസിന്റെ നൈറ്റ് പെട്രോളിംഗ് സംവിധാനം കുടുതല്‍ ശക്തമാക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.