എഐടിയുസിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: എഐടിയുസിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഇന്ത്യയുടെ കടല്‍ മേഖലയും കടല്‍ സമ്പത്തും കോര്‍പ്പറേറ്റുകള്‍ക്കു വില്‍ക്കുന്ന നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫീസിനു മുമ്പില്‍ പ്രതിഷേധ സമരം നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബ്ലൂ ഇക്കോണമി നയം മൂലം ഭൂമിയുടെ സന്തുലിനാവസ്ഥക്കും ആഗോള പരിസ്ഥിതി വ്യവസ്ഥകള്‍ക്കും മാറ്റം വരുന്നതോടൊപ്പം കടലിലെ മത്സ്യസമ്പത്തും നാമാവശേഷമാകും. മാത്രമല്ല ടൂറിസത്തിന്റെ പേരില്‍ തീരദേശ മേഖലയില്‍ കൊണ്ടുവരുന്ന പുതിയ പദ്ധതികളുടെ ഭാഗമായി തുറമുഖങ്ങളുടെ എണ്ണത്തിലെ വര്‍ധനവും അശാസ്ത്രീയ നിര്‍മാണവും കടലാക്രമണങ്ങള്‍ക്കും പരിസ്ഥിതിക്കും ദോഷം വരും. 40 ലക്ഷത്തോളം വരുന്ന മത്സ്യതൊഴിലാളികളും അതിന്റെ അനുബന്ധ തൊഴിലാളികളും പട്ടിണിയിലാകും. സമരം എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. എഐടിയുസി മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.കെ. ശിവന്, കെ.എസ്. പ്രസാദ്, സി.കെ. ദാസന്, റസീല്‍ പടിയൂര്‍, വര്‍ദ്ധനന്‍ പുളിക്കല്‍, ബാബു ചിങ്ങാരത്ത് എന്നിവര്‍ പ്രസംഗിച്ചു.