അമ്മന്നൂര്‍ ഗുരുകുലത്തിന്റെ 12-ാമത് ഗുരുസ്മരണ മഹോത്സവം സമാപിച്ചു
അമ്മന്നൂര്‍ മാധവച്ചാക്യാരുടെ സ്മരണാര്‍ഥം ഇരിങ്ങാലക്കുട അമ്മന്നൂര്‍ ഗുരുകുലം 2020 ഈ മാസം ഒന്നിനു ആരംഭിച്ച ഗുരുസ്മരണ കൂടിയാട്ട മഹോത്സവം സമാപിച്ചു. ഒന്നിനു അമ്മന്നൂര്‍ അനുസ്മരണവും തുടര്‍ന്നു കൂടിയാട്ടവും അരങ്ങേറി. അമ്മന്നൂര്‍ സംവിധാനം ചെയ്ത ഹനുമദ്ദൂതം കൂടിയാട്ടത്തിലെ രാവണന്റെ അഭിനയ ഭാഗമാണു അരങ്ങേറിയത്. സീതാമോഹിതനായ രാവണന് സീതയെ കാണാന്‍ ആഗ്രഹിച്ച് ഉദ്യാനത്തിലേക്കു പോകുന്ന വഴിക്കുള്ള രാവണന്റെ മനസിലെ ചിന്തകളാണു രംഗത്ത് അവതരിപ്പിച്ചത്. സൂരജ് നമ്പ്യാര്‍ രാവണനായി രംഗത്തു വന്ന കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ.എന്‍. ഹരിഹരന്, കലാമണ്ഡലം കെ.പി. നാരായണന് നമ്പ്യാര്‍ എന്നിവര്‍ മിഴാവിലും കലാനിലയം ഉണ്ണിക്കൃഷ്ണന് ഇടയക്കയിലും സരിത കൃഷ്ണകുമാര്‍ താളത്തിലും കലാനിലയം ഹരിദാസ് ചമയത്തിലും പങ്കെടുത്തു.
10 ദിവസങ്ങളിലായി നടത്തിയ മഹോത്സവത്തിന്റെ മൂന്നാം ദിവസം അമ്മന്നൂര്‍ സംവിധാനം ചെയ്ത കല്യാണസൗഗന്ധികം കൂടിയാട്ടത്തിലെ ഭീമന്റെ വനവര്ണനയിലെ അജഗര കബളിതം അവതരിപ്പിച്ചു. നേപത്ഥ്യ കൂടിയാട്ട വിദ്യാലയത്തിലെ കലാകാരന്മാര്ക്കൊപ്പം മാര്‍ഗി മധു ചാക്യാരാണു ഭീമനായി രംഗത്തു വന്നത്. മഹോത്സവത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളെപ്പറ്റി എട്ടു പ്രഭാഷണവും രണ്ടു ചര്‍ച്ചകളും മൂന്നു വെബിനാറുകളും സംഘടിപ്പിച്ചു. കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചു എല്ലാ പരിപാടികളും ഓണ്‍ലൈനിലാണു സംഘടിപ്പിച്ചത്.
ന്യൂസ് പേപ്പർ ക്ലിപ്പ് ലഭിക്കുവാൻ മെനുവിലെ e-paper ക്ലിക്ക് ചെയ്യുക