സിഗ്നല്‍ ലൈറ്റ് ഉണ്ട്: വെളിച്ചം തെളിഞ്ഞില്ലേലും അപകടത്തിന്റെ സിഗ്നല്‍ തെളിയും
ദയാവധം കാത്ത് നോക്കുകുത്തിയായ സിഗ്നല്‍: യാത്രക്കാര്‍ക്ക് ഭീഷണി
ഇരിങ്ങാലക്കുട: പ്രവര്‍ത്തനരഹിതമായി നടപ്പാതയിലേക്കു ചാഞ്ഞുനില്ക്കുന്ന പഴയ സിഗ്നല്‍ പോസ്റ്റ്, കാല്‍നടയാത്രക്കാര്‍ക്കു ഭീഷണി. ഠാണാ സിഗ്നല്‍ ജംഗ്ഷനിലെ നടപ്പാതയിലേക്കാണ് ഏതു നിമിഷവും വീഴാവുന്ന വിധം പോസ്റ്റ് ചാഞ്ഞു നില്‍ക്കുന്നത്.
ഠാണാ ജംഗ്ഷനില്‍ ഇപ്പോള്‍ സിഗ്നല്‍ ലൈറ്റ് സംവിധാനമില്ലെങ്കിലും പഴയ ഈ ലൈറ്റ് ഇതുവരെ നീക്കം ചെയ്തിട്ടില്ല. വഴിമുടക്കിയായി ഇതു നില്ക്കാന് തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. പോസ്റ്റിന്റെ അടിഭാഗമാണെങ്കില് തുരുമ്പെടുത്തിരിക്കുന്നു. ഏതു നിമിഷം വേണമെങ്കിലും റോഡിലേക്കു മറിഞ്ഞുവീണ് അപകടം സംഭവിക്കാവുന്ന തരത്തിലാണ് ഈ പോസ്റ്റിപ്പോള്‍. കാറ്റും മഴയും വെയിലും കൊണ്ട് നശിച്ചുകൊണ്ടിരിക്കുകയാണ് ഈ പോസ്റ്റ്.
കേബിളുകള്‍ സുരക്ഷിതമല്ലാത്ത വിധം താഴ്ന്ന് കിടക്കുന്നതു യാത്രക്കാരുടെ കഴുത്തില്‍ കുടുങ്ങാനുള്ള സാധ്യതയുണ്ട്. കേബിളുകള്‍ താഴേക്ക് ഊര്‍ന്നു കിടക്കുന്നത് പലപ്പോഴും വഴിയാത്രക്കാരുടെ കാലില്‍ കുരുങ്ങാറുണ്ട്. സമീപത്തെ കച്ചവടക്കാര്‍ കേബിളുകള്‍ താത്കാലികമായി ഉയര്‍ത്തി കെട്ടി വച്ചിരിക്കുകയാണ്. ഠാണാ ജംഗ്ഷനിലെ ഗതാഗതക്കുരുക്കഴിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ അധികൃതര്‍ അവലംബിക്കുമ്പോള്‍ ഇനിയൊരിക്കലും ഈ സിഗ്നല്‍ ലൈറ്റിനു പുതിയൊരു ജീവിതം ഉണ്ടാവില്ലെന്നുറപ്പാണ്. അതിനാല്‍ ചെരിഞ്ഞ ഗോപുരം പോലെ നില്ക്കുന്ന ഈ പോസ്റ്റ് മറിഞ്ഞുവീണ് അപകടങ്ങളുണ്ടാകും മുമ്പ് ഇതിനെ നീക്കം ചെയ്യുകയാണ് വേണ്ടത്.