കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ വായ്പാ തട്ടിപ്പ്
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വന്‍ വായ്പാ തട്ടിപ്പ്്. നൂറു കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തല്‍. 46 പേരുടെ ആധാരത്തില്‍ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതടക്കം വന്‍തട്ടിപ്പുകളാണ് ബാങ്കില്‍ നടന്നത്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. ബാങ്ക് അധികൃതരോട് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പെരിഞ്ഞനം സ്വദേശി കിരണ്‍ എന്നയാളുടെ അക്കൗണ്ടിലേക്ക് മാത്രം മറ്റുള്ളവരുടെ ആധാരം പണയം വച്ച് 23 കോടി രൂപ എത്തിയെന്നാണ് സൂചന. സായിലക്ഷ്മി എന്ന സ്ത്രീയുടെ ഭൂമിയുടെ ആധാരം പണയംവച്ച് മൂന്നുകോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊരു ഇടപാട് നടന്നതിനെക്കുറിച്ച് സായിലക്ഷ്മിക്ക് യാതൊരു അറിവുമില്ല. ബാങ്കില്‍ വായ്പ എടുക്കുന്നതിനായി പലരും വീടിന്റെ ആധാരവും അതോടൊപ്പം തന്നെ സ്ഥലത്തിന്റെ രേഖകളുമെല്ലാം നല്‍കിയിരുന്നു. ഈ ആധാരങ്ങള്‍ വീണ്ടും പണയം വെച്ച് അല്ലെങ്കില്‍ ആ ആധാരങ്ങള്‍ ഉപയോഗിച്ച് വായ്പ എടുത്തിട്ടാണ് ഈ തട്ടിപ്പ് നടന്നിരിക്കുന്നത്. അങ്ങനെ ഒരു ആധാരത്തിന്മേല് മൂന്നും നാലും തവണ വായ്പകള്‍ നല്‍കിയിട്ടുണ്ട്. ഭൂവുടമകള്‍ അറിയാതെയാണ് ഇത്തരം തട്ടിപ്പ് നടന്നത്. ജീവനക്കാരുടെയും ബാങ്കിലെ ഭരണസമിതിയുടെയും ഒക്കെ ഒത്താശയോടെ ഈ തട്ടിപ്പ് നടന്നുവെന്നാണ് ഇപ്പോള്‍ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരിക്കുന്നത്. പലര്‍ക്കും ജപ്തി നോട്ടീസ് ലഭിക്കുമ്പോഴാണ് ഇത്തരത്തിലുള്ള തട്ടിപ്പ് അറിയുന്നത്. ഈ തട്ടിപ്പിന്റെ വ്യാപ്തി വളരെ വലുതാണ്. ഈ സംഭവത്തില്‍ ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പോലീസ് കേസെടുത്തിട്ടുണ്ട്. ബാങ്ക് മുന്‍ സെക്രട്ടറി ടി.ആര്. സുനില്‍കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ എം.കെ. ബിജു, മുന്‍ സീനിയര്‍ അക്കൗണ്ടന്റ് സി.കെ. ജില്‍സ്, കമ്മീഷന് ഏജന്റ് എ.കെ. ബിജോയ്, സൂപ്പര്‍ മാര്‍ക്കറ്റ് അക്കൗണ്ടന്റ് റജി അനില്‍, ഇടനിലക്കാരന് കിരണ്‍ എന്നിവര്‍ക്കെതിരെയാണ് ഇരിങ്ങാലക്കുട പോലീസ് കേസെടുത്തിരിക്കുന്നത്. ബാങ്കിന്റെ ഇപ്പോഴത്തെ സെക്രട്ടറി ശ്രീകല നല്കിയ പരാതി പ്രകാരമാണ് കേസെടുത്തത്. പ്രതികള്‍ക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2019 ജനുവരി 16 ന് ബാങ്കിന്റെ സിവില്സ്റ്റേഷന് എക്സ്റ്റന്‍ഷന്‍ കൗണ്ടറിന്റെ മാനേജരും മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എം.വി. സുരേഷ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സഹകരണ വകുപ്പ് അന്വേഷണം നടത്തിയത്. സഹകരണസംഘം തൃശൂര്‍ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുകുന്ദപുരം താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാരെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ഒരാള്‍ക്ക് പരമാവധി 50 ലക്ഷം രൂപ മാത്രമേ വായ്പ കൊടുക്കാന്‍ പാടുള്ളൂ. അതുപ്രകാരമാണ് ഇവര്‍ വായ്പ തട്ടിപ്പ് നടത്തിയത്. രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് വന്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവന്നതും. ഇരിങ്ങാലക്കുട സിഐ യ്ക്കാണ് അന്വേഷണചുമതല. ഇത്രയും കോടി രൂപയുടെ തട്ടിപ്പായതിനാല്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറണമെന്നാണ് ലോക്കല്‍ പോലീസ് പറയുന്നത്. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്റെ തലപ്പത്തുള്ളത്. തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടര്‍ന്ന് സിപിഎം നേതാക്കള്‍ ഉള്‍പ്പെടുന്ന 13 അംഗഭരണസമിതി പിരിച്ചുവിട്ടിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും പിരിച്ചുവിടല്‍ നടപടി ആയിട്ടില്ലെന്നും ബാങ്ക് അധികൃതരുടെ വിശദീകരണം ലഭിച്ച ശേഷമേ ഭരണസമിതി പിരിച്ചുവിടുന്ന നടപടിയുണ്ടാകൂവെന്നും പറയുന്നു.