ഭരണസമിതി പിരിച്ച് വിടണം, കേന്ദ്ര എജന്‍സി അന്വേഷിക്കണംതോമസ് ഉണ്ണിയാടന്

ഇരിങ്ങാലക്കുട: ഇടതുമുന്നണി ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 300 കോടിയിലെറെ രൂപയുടെ വായ്പ നിക്ഷേപ തട്ടിപ്പ് നടത്തുകയും ഇടതു നേതാക്കള്‍ തട്ടിപ്പില്‍ പങ്കാളികളാകുകയും ചെയ്ത സാഹചര്യത്തില്‍ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് തട്ടിപ്പിനെക്കുറിച്ച് കേന്ദ്ര എജന്‍സി അന്വേഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനും മുന്‍ ഗവ. ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടന് ആവശ്യപ്പെട്ടു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരെ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാങ്കിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഏജന്‍സികള്‍ അന്വേഷിച്ചാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ട്. സിപിഎം ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളില്‍ തട്ടിപ്പും കൊള്ളയും തുടര്‍ക്കഥയായി മാറിയിരിക്കുന്നത് സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത തന്നെ തകര്‍ക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്കിലെ ഒരു അംഗത്തിന് ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും ഉണ്ണിയാടന് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി.വി. കുരിയാക്കോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയര്മാന് എം.പി. പോളി, സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, ജോണ്സണ് കാഞ്ഞിരത്തിങ്കല്‍, റോക്കി ആളൂക്കാരന്‍, പി.ടി. ജോര്‍ജ്, ഇട്ട്യേച്ചന് തരകന്, തോമസ് ആന്റണി, വിന്‍സെന്റ്, സിജോയ് തോമസ്, സേതുമാധവന്, ഷൈനി ജോജോ എന്നിവര്‍ പ്രസംഗിച്ചു.