ഹെല്‍ത്ത് സ്ക്വാഡ് ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു
ഇരിങ്ങാലക്കുട: നഗരസഭ ഹെല്‍ത്ത് സ്ക്വാഡ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ തനിനാടന്‍, ബോബനും മോളിയും എന്നീ ഹോട്ടലുകളില്‍ നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണം പിടിച്ചെടുത്തു. പഴകിയ പൊറോട്ട, പഴകിയ അരി, പഴകിയ മൈദ കുഴച്ചത്, പഴകിയ കോളിഫല്‍വര്‍ എന്നിവയും ഫ്രീസറില്‍ മസാല പുരട്ടിയതും അല്ലാത്തതുമായ മാംസം, വൃത്തിഹീനമായ രീതിയില്‍ സൂക്ഷിച്ചിരുന്നതും തനിനാടന്‍ ഹോട്ടലില്‍ നിന്നും ആരോഗ്യവിഭാഗം കണ്ടെത്തി. പഴകിയ ഗ്രില്‍ഡ് ചിക്കന്‍, പഴകിയ ചില്ലി ബീഫ്, പഴകിയ ബീഫ് കറി എന്നിവ ബോബനും മോളിയും ഹോട്ടലില്‍ നിന്നും ആരോഗ്യവിഭാഗം കണ്ടെത്തി. ഇവിടെ സ്റ്റോര്‍ റൂം വൃത്തിഹീനമാണ്. നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.എല്‍. സാജന്, അബീഷ് ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. തുടര്‍ന്നും പരിശോധനകള്‍ ഉണ്ടാകുമെന്ന് ആരോഗ്യവിഭാഗം പറഞ്ഞു.