എം.എം. ഹസന് മരണപ്പെട്ട മുകുന്ദന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു
കരുവന്നൂരില്‍ നടന്നത് കേരളം കണ്ട എറ്റവും വലിയ കൊള്ളയെന്നും ഉത്തരവാദികള്‍ പിണറായി സര്‍ക്കാരും സിപിഎമ്മെന്നും കോണ്‍ഗ്രസ് നേതാവ് എം.എ. ഹസന്; ആത്മഹത്യ ചെയ്ത മുന്‍ പഞ്ചായത്ത് അംഗത്തിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും എം.എം. ഹസന്
ഇരിങ്ങാലക്കുട: കരുവന്നൂരില്‍ നടന്നത് കേരളം കണ്ട എറ്റവും വലിയ കൊള്ളയാണെന്നും ബാങ്കിന്റെ ജപ്തി നടപടികളെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മുന്‍ പഞ്ചായത്ത് അംഗത്തിന്റെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും യുഡിഎഫ് കണ്‍വീനറും കോണ്‍ഗ്രസ് നേതാവുമായ എം.എം. ഹസന് ആവശ്യപ്പെട്ടു. ആത്മഹത്യ ചെയ്ത മുന്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗവുമായിരുന്ന തളിയക്കാട്ടില്‍ മുകുന്ദന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുവന്നൂര്‍ ബാങ്കില്‍ നടന്ന തട്ടിപ്പിലെ പ്രതികളെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കളവാണ്.
പിണറായി വിജയന്റെ സര്‍ക്കാരും സിപിഎമ്മുമാണ് പ്രതികളെ സംരക്ഷിക്കുന്നത്. 2019 ലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചിട്ടും നടപടികള്‍ ഉണ്ടായില്ലെന്ന കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി. 80 ലക്ഷത്തിന്റെ ബാധ്യതയാണ് ജപ്തി നോട്ടീസില്‍ പറയുന്നത്. പകരം 37 സെന്റ് ഭൂമിയുടെ ആധാരം കൊടുക്കാമെന്ന് പറഞ്ഞിട്ടും വീടിന്റെ ആധാരം തിരിച്ച് കൊടുക്കാത്തതില്‍ ദുരൂഹതയുണ്ട്. ഒരു ദുശീലവുമില്ലാത്ത മുകുന്ദനു ഇത്രക്കും ചെലവ് ഉണ്ടാകാന്‍ സാധ്യതയില്ല. 80 ലക്ഷം കടം എടുത്തത് ബന്ധുക്കളും അറിഞ്ഞിട്ടില്ല. കരുവന്നൂര്‍ ബാങ്കില്‍ നടന്ന കൊള്ളയുടെ ആദ്യത്തെ രക്തസാക്ഷിയാണ് മുകുന്ദന്. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകരെ സംരക്ഷിക്കാന്‍ കേരള ബാങ്കില്‍ നിന്ന് പണം അനുവദിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരള ബാങ്കിലെ പണം പ്രാഥമിക സംഘങ്ങളുടെ പണമാണ്. നഷ്ടപ്പെട്ട പണം പ്രതികളില്‍ നിന്ന് തന്നെ ഈടാക്കണം.
തട്ടിപ്പിന് ഇരയായവരുടെ ബാധ്യതകളും സര്‍ക്കാര്‍ ഏറ്റെടുക്കണം. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. മുന്‍ ഡിസിസി പ്രസിഡന്റുമാരായ ഒ. അബ്ദുറഹ്മാന്‍കുട്ടി, പി.എ. മാധവന്, മുന്‍ ജില്ലാ ബാങ്ക് പ്രസിഡന്റ് എം.കെ. അബ്ദുള്‍സലാം, കെപിസിസി സെക്രട്ടറി രാജേന്ദ്രന് അരങ്ങത്ത്, ഡിസിസി സെക്രട്ടറി ഒ.സി. ജേക്കബ്, എന്‍.കെ. സുധീര്‍, ജില്ലാ ഭാരവാഹികളായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലന്, സത്യന് നാട്ടുവള്ളി, മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു