നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ എത്തിയവര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം

150 ടോക്കണുവേണ്ടി എത്തിയത് ആയിരത്തോളം പേര്
കൈക്കുഞ്ഞുമായി എത്തിയവര്‍ വരിയില്‍
പ്രായമായവരും കുട്ടികളും വരിയില്‍

ഇരിങ്ങാലക്കുട: കോടികളുടെ വെട്ടിപ്പ് നടന്ന കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ എത്തിയവര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം. പണം പിന്‍വലിക്കുന്നതിന് ഇന്നലെ വൈകീട്ടും രാത്രിയിലുമായി ടോക്കണ്‍ നേടിയവരും ഇതറിയാതെ തിങ്കളാഴ്ച രാവിലെ തന്നെ ബാങ്കിനു മുന്നില്‍ എത്തിയവരും തമ്മിലാണു തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.

അടുത്ത ആഴ്ചക്കുള്ള ടോക്കണിനായി വന്നവരും വരിയിലുണ്ട്. ഒരു ദിവസം 150 ടോക്കണാണ് അനുവദിക്കുന്നത്. ഒരു ടോക്കണ്‍ നേടിയവര്‍ക്ക് 10,000 രൂപയും. കഴിഞ്ഞ ദിവസം ടോക്കണ്‍ നേടിയവരെ പരിഗണിക്കാനായി ടോക്കണ്‍ വിതരണം അവസാനിച്ചതായി ബാങ്ക് അധികൃതര്‍ നോട്ടീസ് ഇട്ടതോടെ രാവിലെ വന്നവര്‍ ക്ഷുഭിതരാവുകയായിരുന്നു.

തര്‍ക്കം പരിഹരിക്കാനും സംഘര്‍ഷം ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ പോലീസ് നടത്തി. നിക്ഷേപകര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന മാര്‍ച്ച് കൂടി കണക്കിലെടുത്ത്, ബാങ്ക് അടച്ചിടേണ്ടി വരുമെന്നും ആര്‍ക്കും പണം ലഭിക്കാത്ത സാഹചര്യം ഉടലെടുക്കുമെന്നും പോലീസ് നിക്ഷേപകരുടെ ശ്രദ്ധയില്‍പ്പെടുത്തി.

അടുത്ത ആഴ്ചത്തേക്കുള്ള ടോക്കണിനായി വരിയില്‍ നില്ക്കുന്നവരോടു പിരിഞ്ഞുപോകാന്‍ പോലീസ് അഭ്യര്‍ഥിക്കുകയായിരുന്നു. കൈക്കുഞ്ഞുമായി നിക്ഷേപം പിന്വലിക്കാനെത്തിവര് പൊരിവെയിലത്ത് നില്‍ക്കുകയാണ്. കുട്ടികളും പ്രായമായവരും വരിയില്‍ നില്‍ക്കുന്നുണ്ട്. 150 ടോക്കണുവേണ്ടി എത്തിയത് ആയിരത്തോളം പേരാണ്. ബാങ്കിന്റെ മുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ മാര്‍ച്ച് കണക്കിലെടുത്ത് ഇരുന്നൂറോളം വരുന്ന പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.


