യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച മാര്‍ച്ചുകളില്‍ സംഘര്‍ഷം; ജലപീരങ്കി ഉപയോഗിച്ച് പോലീസ്
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച എന്നിവര്‍ നടത്തിയ മാര്‍ച്ചുകളില്‍ സംഘര്‍ഷം. നിക്ഷേപകര്‍ക്കു പണം തിരികെ നല്‍കുക, ആത്മഹത്യ ചെയ്ത മുകുന്ദന്റെ കുടുംബത്തിന് സഹായം നല്‍കുക, പ്രതികളുടെ സ്വത്ത് കണ്ട് കെട്ടി സഹകാരികളുടെ നിക്ഷേപം തിരികെ പിടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കരുവന്നൂര്‍ പാലം പരിസരത്ത് നിന്ന് രാവിലെ പത്തരയോടെയാണ് ബാങ്കിന്റെ മുന്നിലേക്കു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്.
കരുവന്നൂര്‍ ബംഗ്ലാവ് പരിസരത്ത് വച്ച് മാര്‍ച്ച് ബാരിക്കേഡുകളുമായി പോലീസ് തടഞ്ഞു. മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡുകളില്‍ കയറാനും ഇവ മറികടക്കാനും ശ്രമിച്ചതോടെ പോലീസ് സമരക്കാര്‍ക്കെതിരെ ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു. വനിതാ പ്രവര്‍ത്തകരടക്കമുള്ള സമരക്കാര്‍ ബാരിക്കേഡിനു മുകളില്‍ കയറിയിരുന്നു ഏറെ നേരം മുദ്രാവാക്യം മുഴക്കി. ഉച്ചയ്ക്ക് 12 ഓടെയാണ് കരുവന്നൂര്‍ വലിയപാലം ജംഗ്ഷനു സമീപത്തു നിന്നും യുവോര്‍ച്ചയുടെ പ്രതിഷേധ പ്രകടനം ആരംഭിച്ചത്. ബംഗ്ലാവ് പരിസത്തുവെച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു.
പ്രകടനം എത്തുന്നതിനു മുമ്പേ പ്രവര്‍ത്തകര്‍ ഓടിയെത്തി ബാരിക്കേഡുകള്‍ മറിച്ചിടാനും ചാടികടക്കാനും ശ്രമിച്ചു. പോലീസുമായി എറെനേരം ബലപ്രയോഗം നടത്തി. പോലീസ് രണ്ടു വട്ടം ജലപീരങ്കി ഉപയോഗിച്ചു. റോഡില്‍ കിടന്നും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ബാരിക്കേഡിനു സമീപമുള്ള മതില് ചാടികടക്കാനുള്ള യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ശ്രമം പോലീസ് തടഞ്ഞു. ഇതിനിടയില്‍ സമീപത്തെ മതില് ഇടിഞ്ഞു വീണു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ജെ. ജിജോയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട, ചേര്‍പ്പ്, അന്തിക്കാട് തുടങ്ങി ആറോളം പോലീസ് സ്റ്റേഷനുകളില്‍ നിന്നും കെഎപി, എആര്‍ ക്യാമ്പുകളില്‍ നിന്നായി 150 ഓളം വരുന്ന പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
കൊള്ളയുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ ഉന്നതരുടെ പങ്ക് അന്വേഷിക്കണംകെ.എസ്. ശബരീനാഥന്
കരുവന്നൂര്‍: കരുവന്നൂര്‍ ബാങ്കിലെ കൊള്ളയുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ ഉന്നതരുടെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥന്. ബാങ്കിലേക്കു യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരും പാര്‍ട്ടിയും ഒരുമിച്ചു നടത്തിയ രാജ്യം കണ്ട വലിയ കൊളളയാണ് കരുവന്നൂര്‍ ബാങ്കില്‍ നടന്നിരിക്കുന്നത്. ഹര്‍ഷദ് മേത്തയുടെ ബാങ്ക് കുംഭകോണത്തെ വെല്ലുന്ന കൊള്ളയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് കഴിഞ്ഞ ആറു വര്‍ഷങ്ങളായി സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല.
പരാതികള്‍ നേരത്തെ ഉയര്‍ന്നിട്ടും എന്തുകൊണ്ട് വിജിലന്‍സ് അന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിട്ടില്ല എന്ന് മറുപടി പറയണം. നാധാരണക്കാരുടെ ആശ്രയമായ സഹകരണമേഖലയെ ചിലര്‍ ദുരുപയോഗം ചെയ്യുകയാണെന്നും ശബരീനാഥ് കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് ഒ.ജെ. ജനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ശോഭ സുബിന്, വാണി പ്രയാഗ്, നിയോജകമണ്ഡലം പ്രസിഡന്റ് വിബിന് വെള്ളയത്ത്, മറ്റ് നേതാക്കളായ ജെലിന് ജോണ്‍, ആര്.ജെ. ചാണ്ടി, സുനില്‍ തട്ടില്‍, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലന്, മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍ എന്നിവര്‍ പങ്കെടുത്തു.
ഒരു ജീവന് രക്ഷിക്കാന്‍ സമരക്കാരും പോലീസും ഒന്നിച്ച്
സമരം നിര്‍ത്തി ആംബുലന്‍സ് കടന്നുപോകാന്‍ വഴിയൊരുക്കി യൂത്ത് കോണ്‍ഗ്രസ്
കരുവന്നൂര്‍: സഹകരണ ബാങ്കിലേക്കു നടന്ന പ്രതിഷേധ സമരത്തിനിടയില്‍ വേറിട്ട കാഴ്ചയാണ് ഇന്നലെ ഉണ്ടായത്. യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷവും ജലപീരങ്കി പ്രയോഗവും നടക്കുന്നതിനിടയിലാണ് അത്യാസന്ന നിലയിലായ രോഗിയേയും കൊണ്ട് ആംബുലന്‍സ് വന്നത്.
ബാരിക്കേഡുകള്‍ ഉറപ്പിച്ച് കയര്‍ കെട്ടിയതുമൂലം വാഹനങ്ങള്‍ക്കു കടന്നു പോകാനാകാത്ത അവസ്ഥയിലായിരുന്നു. റോഡില്‍ തടസമുണ്ടായിരുന്നതിനാല്‍ അല്പസമയം ആംബുലന്‍സ് വഴിയില്‍ കുടുങ്ങി. ഉടന്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് അല്പസമയം സമരം നിര്‍ത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് ബാരിക്കേഡുകള്‍ എടുത്തുമാറ്റി ആംബുലന്‍സ് കടത്തിവിട്ടു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കുക: പി. ശ്യാംരാജ്
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നും കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത മുകുന്ദന്റെ മരണവുമായി ബന്ധപ്പെട്ട് ബിജു കരീം, സുനില്‍കുമാര്‍, ജില്‍സ്, ബിനോയ് എന്നിവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിനു കേസ് എടുക്കണമെന്ന് യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്.
യുവമോര്‍ച്ച ജില്ലാ കമ്മിറ്റി കരുവന്നൂര്‍ സഹകരണ ബാങ്കിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയും വലിയ തട്ടിപ്പിനു നേതൃത്വം നല്കിയ ഇടതുപക്ഷ നേതൃത്വത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും ശ്യാംരാജ് ചൂണ്ടിക്കാട്ടി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയ്യൂര് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്. ഹരി, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ബിജോയ് തോമസ്, ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, യുവമോര്‍ച്ച ജില്ലാ ഭാരവാഹികളായ ബാബു വലിയവീട്ടില്‍, രഞ്ജിത്ത്, സി.എസ്. അനുമോദ്, ശ്യാംജി, ജിതിന്, അഖില്‍, ഷൈജു കുറ്റിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.