സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ ധര്‍ണ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. രാജ്യത്തിന്റെ സുരക്ഷയെ അപകടപ്പെടുത്തിക്കൊണ്ട് പ്രതിരോധ മേഖലയിലെ ആയുധ നിര്‍മാണ ഫാക്ടറികള്‍ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യൂണിയനുകള്‍ നടത്തുന്ന അനിശ്ചിതകാല സമരത്തെ നിരോധിച്ചു കൊണ്ട് ആവശ്യ സര്‍വീസ് നിയമ ഓര്‍ഡിനന്‍സ് പുറത്തിറക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ തൊഴിലാളി ദ്രോഹമാണെന്നും സംഘടിക്കാനും സമരം ചെയ്യാനുമുള്ള യൂണിയനുകളുടെ അവകാശത്തെ ഹനിക്കുന്നതുമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് പ്രതിരോധ മേഖലയിലെ യൂണിയനുകളുടെ സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സംയുക്ത ട്രേഡ് യൂണിയന് ധര്‍ണ സംഘടിപ്പിച്ചത്. ഇരിങ്ങാലക്കുട ബിഎസ്എന്‍എല്‍ ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണ എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് അസോസിയേഷന് സിഐടിയു ഏരിയ സെക്രട്ടറി കെ.വി. പവിത്രന് അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി നേതാവ് പി. ഉണ്ണികൃഷ്ണന്, കെ.എസ്. പ്രസാദ് (എഐടിയുസി), സി.വൈ. ബെന്നി (സിഐടിയു), പി. ഭരത് കുമാര്‍ (ഐഎന്‍ടിയുസി) എന്നിവര്‍ പ്രസംഗിച്ചു.