ഓണം സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് വാറ്റ് കേന്ദ്രം നശിപ്പിച്ചു
ഇരിങ്ങാലക്കുട: ഓണം സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ വാറ്റ് കേന്ദ്രങ്ങളും വാഷും നശിപ്പിച്ചു. ഇരിങ്ങാലക്കുട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. റിയാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വാറ്റ് കേന്ദ്രങ്ങളും വാഷും കണ്ടെത്തിയത്. പരിശോധനയില്‍ കണ്ടെത്തിയ 625 ലിറ്റര്‍ വാഷ് നശിപ്പിച്ചു. ലോക്ഡൗണിന്റെ ഭാഗമായി മദ്യശാലകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ മലയോര മേഖലകളില്‍ വന്‍തോതില്‍ വ്യാജവാറ്റ് നടക്കുന്നതായി രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പരിശോധന നടത്തിയത്. ഈ മേഖലകളില്‍ മുമ്പും എക്സൈസ് ഉദ്യോഗസ്ഥര്‍ ആയിരക്കണക്കിനു ലിറ്റര്‍ വാഷും വാറ്റു ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ മേഖലയില്‍ പ്രത്യേക നിരീക്ഷണം നടത്തുന്നതിനായി ഉദോഗ്യസ്ഥരെ ചുമതലപ്പെടുത്തിയതായി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചിട്ടുണ്ട്. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ഡി.എസ്. ജീന്ജു, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ഷിജു വര്‍ഗീസ്, പി.കെ. ആനന്ദന്, സിവില്‍ എക്സൈസ് ഓഫീസര്‍ സി. ഉല്ലാസ് എന്നിവരും ഉണ്ടായിരുന്നു.