ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒരുങ്ങുന്നത് മൂന്ന് വികസനപദ്ധതികള്‍
ബസ് സ്റ്റാന്‍ഡ് വികസിപ്പിക്കാന്‍ സ്ഥലം വിട്ടുതരണമെന്ന് നഗരസഭ
ഇരിങ്ങാലക്കുട: ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്ന് വടക്കുഭാഗത്തായി ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്ഥലം മുന്നില്‍ക്കണ്ട് ഒരുങ്ങുന്നതു മൂന്നു പദ്ധതികള്‍. ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള എട്ടുകോടിയുടെ കുടുംബശ്രീ ഹൈപ്പര്‍മാര്‍ക്കറ്റ്, ജില്ലാ പഞ്ചായത്തിന്റെ തന്നെ പദ്ധതിയായ ഷീ ലോഡ്ജ്, ഇരിങ്ങാലക്കുട നഗരസഭയുടെ ബസ് സ്റ്റാന്‍ഡ് വികസനം ഇവയാണ് പദ്ധതികള്‍. ഒരു ഏക്കര്‍ 17 സെന്റ് സ്ഥലമാണ് ഇവിടെയുള്ളത്. നിലവില്‍ ഈ സ്ഥലത്ത് ടെക്നിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പിന്റെ വനിതകള്‍ക്കായുള്ള ഫാഷന്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണു പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുണ്ടായിരുന്ന സ്ഥാപനങ്ങള്‍ 1996 ല്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം ജില്ലാ പഞ്ചായത്തുകള്‍ക്കു കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ടെക്നിക്കല്‍ സ്കൂള്‍ ജില്ലാ പഞ്ചായത്തിനു ലഭിച്ചത്. ജില്ലാ പഞ്ചായത്താണ് ഈ സ്ഥലത്ത് ഷീ ലോഡ്ജ് നിര്‍മിക്കാന്‍ ആദ്യം പദ്ധതി പ്രഖ്യാപിച്ചത്. ഇതിനായി ബജറ്റില്‍ 65 ലക്ഷം വകയിരുത്തുകയും ചെയ്തു. പിന്നീട് പദ്ധതിക്കായി കൂടുതല്‍ ഫണ്ട് ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാരിന്റെ പിന്തുണയും സഹായവും ലഭിച്ചത്. മൂന്നു നിലകളിലായി നിര്‍മിക്കാനുദ്ദേശിക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റില്‍ തീയേറ്റര്‍ സമുച്ചയം, ഷീ ലോഡ്ജ്, ഹോട്ടല്‍, വനിതകള്‍ക്ക് ജിംനാസ്റ്റിക്, ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ട്രെയിനിംഗ് കോളജ് എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടയിലാണ് സ്ഥലപരിമിതിമൂലം ബുദ്ധിമുട്ടുന്ന ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് വികസനത്തിനായി ഈ സ്ഥലം ഉപയോഗപ്പെടുത്താന്‍ നഗരസഭ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്തുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനമായില്ല. 2020-21 ബജറ്റില്‍ ഇരിങ്ങാലക്കുട നഗരസഭ ബസ് സ്റ്റാന്‍ഡ് വികസനത്തിനായി ഈ സ്ഥലം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വടക്കുഭാഗത്ത് പുതിയ കെട്ടിട്ടം നിര്‍മിച്ച് എംഎല്‍എ ഓഫീസ് അടക്കമിരിക്കുന്ന ബസ് സ്റ്റാന്‍ഡിലെ പഴയ കെട്ടിടം പൊളിച്ച് വികസനം നടപ്പാക്കാനാണ് നഗരസഭ ആലോചിക്കുന്നത്.
പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി- പി.കെ. ഡേവിസ് മാസ്റ്റര്‍ (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് )
സ്കെച്ചും പ്ലാനും തയാറായിട്ടുണ്ട്. പദ്ധതിയുടെ പ്രൊജക്ട് വര്‍ക്ക് അവസാനഘട്ടത്തിലാണ്. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടെന്‍ഡര്‍ ഉടന്‍ നടക്കും. ഇതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
ബസ് സ്റ്റാന്‍ഡ് വികസനത്തിന് സ്ഥലം വിട്ടു നല്‍കണം- സോണിയ ഗിരി (നഗരസഭാ ചെയര്‍പേഴ്സണ്‍)
സ്ഥലപരിമിതിമൂലം ബുദ്ധിമുട്ടുന്ന ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് വികസനത്തിനു സ്ഥലം ആവശ്യമാണ്. ഇതിനായി സ്റ്റാന്‍ഡിനോടു ചേര്‍ന്നുള്ള കുറച്ചുഭാഗം വിട്ടുതരുവാന്‍ ജില്ലാ പഞ്ചായത്തിനെ സമീപിച്ചിട്ടുണ്ട്. നേരത്തേ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും പൂര്‍ണമായില്ല. അതിനാല്‍, ഇക്കാര്യത്തിനായി നഗരസഭ വീണ്ടും ജില്ലാ പഞ്ചായത്തിനെ സമീപിക്കും.