ചോര്‍ന്നൊലിക്കുന്ന കൂരയില്‍ ജീവിതം തള്ളി നീക്കി അസുഖ ബാധിതരായ മക്കള്‍ക്കൊപ്പം ഒരുകുടുംബം
ചോരാത്ത വീടെന്ന സ്വപ്നം ഇവര്‍ക്ക് സാധ്യമാകുമോ…?
വള്ളിവട്ടം: ‘മാനം കറുത്താല്‍ സുനിലിനും ഭാര്യ ശാലിനിക്കും മനസില്‍ നിറയെ ആധിയാണ്. മഴ പെയ്താല്‍ വീട് ചോര്‍ന്നൊലിക്കും. മഴ ശക്തമായാല്‍ കുട്ടികളോടൊപ്പം ഏതെങ്കിലും മൂലയില്‍ ചേര്‍ന്നിരിക്കും. രണ്ടു സെന്റ് ഭൂമിയില്‍ ‘അടച്ചുറപ്പുള്ള ഒരു വീട് കിട്ടിയാല്‍ മതി ഞങ്ങളുടെ കുഞ്ഞുങ്ങളെ നോക്കി കഴിയാന്‍’-വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ വള്ളിവട്ടം കടവിനു സമീപം ഓലപ്പുരയില്‍ കഴിയുന്ന പട്ടാട്ട് വീട്ടില്‍ സുനിലിന്റെ ഭാര്യ ശാലിനി ഇതുപറയുമ്പോള്‍ സുനിലിന്റെയും ശാലിനിയുടെയും മുഖത്ത് നിരാശയും വിഷമവും. പ്രത്യേക പരിഗണന ആവശ്യമായ ദില്‍ജിത്ത് (14) അഖിലേഷ് (12) എന്നീ വിദ്യാര്‍ഥികളും നാലരവയസുള്ള ദീക്ഷിത്തും ഈ സങ്കടത്തില്‍ ഇവരോടൊപ്പമുണ്ട്. മൂത്തകുട്ടികളുടെ ചികിത്സയ്ക്കായി നാലു ലക്ഷത്തോളം രൂപ ഇതിനോടകം ചെലവായി. നാലുവര്‍ഷം മുമ്പ് അപേക്ഷിച്ച ഇവരുടെ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ വര്‍ഷമാണ് കിട്ടിയത്. രണ്ടുപേര്‍ക്കും 40 ശതമാനത്തില്‍ കൂടുതലാണ് വൈകല്യം. സുനിലിനു പഞ്ചായത്തില്‍ നിന്ന് വീടിനായി 35,000 രൂപ അനുവദിച്ചെങ്കിലും തറ പണിക്കുള്ള സാധനങ്ങള്‍ നൂറുമീറ്ററോളം അകലെയുള്ള കടവില്‍ നിന്ന് വീട്ടിലെത്തിക്കാനുമായി അതില്‍ വലിയൊരു ഭാഗം ചെലവായി. ബാക്കി തുക കൊണ്ട് വീടുപണിയാനുള്ള ശ്രമം നടന്നില്ല. കൂലിപ്പണിക്കാരനായ സുനില്‍ മാത്രമാണ് വീട്ടിലെ ആകെ വരുമാനമാര്‍ഗം. അതിനിടെ ക്ഷയവും പ്രമേഹവും ബാധിച്ച് ഒന്നരവര്‍ഷത്തോളം സുനില്‍ കിടപ്പിലായിരുന്നു. ജോലിക്കുപോയി തുടങ്ങിയപ്പോഴാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. മൂന്നരമാസമായി ജോലിയില്ല. കൂട്ടുടമസ്ഥതയിലുള്ള ഭൂമിയായതിനാല്‍ ലൈഫുള്പ്പെടെയുള്ള പദ്ധതികളിലും പട്ടികജാതി കുടുംബാംഗമായിട്ടും സുനില്‍ ഉള്‍പ്പെട്ടില്ല. അപേക്ഷകള്‍ക്കും പരാതികള്‍ക്കുമൊടുവില്‍ മൂന്നുവര്‍ഷം മുമ്പാണ് വൈദ്യുതിയും കുടിവെള്ള കണക്ഷനും ലഭിച്ചത്. ഭൂമിയും വീടും ഉള്‍പ്പെടുന്ന പദ്ധതിയില്‍ ഉള്‍പ്പെട്ടാല്‍ മാത്രമേ അവരുടെ ആവശ്യം നിറവേറ്റപ്പെടുകയുള്ളൂ. ഇതുസംബന്ധിച്ച് വി.ആര്. സുനില്‍കുമാര്‍ എംഎല്‍എയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.