ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം കേരള സര്‍ക്കാര്‍ ഏറ്റെടുക്കണം: സിപിഐ
ഇരിങ്ങാലക്കുട: സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ പ്രധാനപ്പെട്ട കഥകളി വിദ്യാലയങ്ങളില്‍ ഒന്നായ ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം അടിയന്തിരമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു സിപിഐ ഇരിങ്ങാലക്കുട ടൗണ്‍ സെന്റര്‍ ബ്രാഞ്ച് യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. കഥകളി വിദ്യാലയമെന്ന നിലയില്‍ മഹനീയ പാരമ്പര്യമുള്ള കലാനിലയം കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അധപതനത്തിലേക്കു കൂപ്പുകുത്തുകയാണെന്നു യോഗം വിലയിരുത്തി. കഴിഞ്ഞ രണ്ടു അധ്യയന വര്‍ഷങ്ങളില്‍ പുതിയ ഒരു വിദ്യാര്‍ഥി പോലും ഇവിടെ ചേര്‍ന്നിട്ടില്ല. ജീവനക്കാര്‍ക്കു മാസാമാസം ലഭിക്കേണ്ട ശമ്പളം ലഭിക്കാതെ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് വീടുകളില്‍ കഴിയുന്ന വിദ്യാര്‍ഥികളില്‍ ബഹുഭൂരിഭാഗത്തിനും ക്ലാസ് നടക്കുന്നില്ല. കലാനിലയം ഭരണസമിതി അടിയന്തിര പൊതുയോഗം വിളിച്ച് സ്ഥാപനത്തിന്റെ ഭരണം കേരള സര്‍ക്കാരിനു കൈമാറാന്‍ തീരുമാനമെടുക്കുവാന്‍ തയാറാകണമെന്നും സ്ഥാപനം സത്വരം ഏറ്റെടുത്ത് കുറ്റമറ്റ സംവിധാനങ്ങളോടെ ഒന്നാന്തരം കഥകളി വിദ്യാലയമാക്കി മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. പി.കെ. സദാനന്ദന് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സെക്രട്ടറി വര്ധനന് പുളിക്കല്‍, വി.എസ്. വസന്തന്, അഡ്വ. രാജേഷ് തമ്പാന് കെ.എസ്. പ്രസാദ്, അഡ്വ. കെ.ജി. അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.