ബണ്ട് റോഡ് പുനർനിര്‍മാണം തുടങ്ങി, ഭിത്തി ആദ്യം മുതല്‍ നിര്‍മിക്കാനാണ് തീരുമാനം
പൈലിംഗ് നടത്തി മണ്ണിന്റെ സാന്ദ്രത പരിശോധിക്കും
ഭിത്തി ആദ്യം മുതല്‍ നിര്‍മിക്കാനാണ് തീരുമാനം
കരുവന്നൂര്‍: നിര്‍മാണത്തിനിടെ ഇടിഞ്ഞ പുത്തന്‍തോട് കെഎല്‍ഡിസി കനാല്‍ ബണ്ട് റോഡിന്റെ സംരക്ഷണഭിത്തി പുനര്‍നിര്‍മാണം ആരംഭിച്ചു. പുത്തന്‍തോട് പാലത്തിനു പടിഞ്ഞാറു ഭാഗത്ത് മൂര്‍ക്കനാട്, ചെമ്മണ്ട ഭാഗത്തേക്കുള്ള തെക്കേ ബണ്ട് റോഡിന്റെ അരികിടിഞ്ഞ ഭാഗത്ത് കെഎല്‍ഡിസി നിര്‍മിച്ച സംരക്ഷണഭിത്തിയുടെ ഇടിഞ്ഞുപോയ ഭാഗത്തെ കരിങ്കല്ലുകള്‍ നീക്കുന്ന പണിയാണ് ആരംഭിച്ചത്. രണ്ടിടത്തായി 50 മീറ്ററിലാണ് കെഎല്‍ഡിസി സംരക്ഷണഭിത്തി നിര്‍മിച്ചിരുന്നത്. ഫ്ളോട്ടിംഗ് ഹിറ്റാച്ചി ഉപയോഗിച്ച്, സംരക്ഷണഭിത്തി കെട്ടാന്‍ ഉപയോഗിച്ചിരുന്ന കരിങ്കല്ലും വെള്ളത്തിനടിയില്നിന്നുള്ള ചെളിയും നീക്കുന്ന പ്രവൃത്തികളാണു നടക്കുന്നത്. കരിങ്കല്ലും ചെളിയും നീക്കിയശേഷം പൈലിംഗ് നടത്തി മണ്ണിന്റെ സാന്ദ്രത പരിശോധിക്കും. അതിനുശേഷമാണു ഭിത്തി പുനര്‍നിര്‍മിക്കുക. ഇടിഞ്ഞുപോയ ഭിത്തി പൂര്‍ണമായും പൊളിച്ചുനീക്കി ആദ്യംമുതല്‍ തന്നെ വീണ്ടും നിര്‍മിക്കാനാണ് കെഎല്‍ഡിസി തീരുമാനം. അതേ കരാറുകാരനെക്കൊണ്ടുതന്നെയാണു പുനര്‍നിര്‍മാണം നടത്തുന്നത്. 2018 ലെ പ്രളയത്തിലും 2019-2020 ലെ കാലവര്‍ഷത്തിലുമാണ് ബണ്ട് റോഡിന്റെ അരികുകള്‍ ഇടിഞ്ഞത്. വര്‍ഷംതോറും ബണ്ട് റോഡിന്റെ അരിക് ഇടിയുന്നത് യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും ഒരുപോലെ ഭീഷണി ഉയര്‍ത്തിയിരുന്നു. അതേസമയം, ബണ്ട് റോഡിന്റെ അരികില്‍ നിര്‍മിച്ച സംരക്ഷണഭിത്തി ഇടിയാന്‍ കാരണം അഴിമതിയും അശാസ്ത്രീയ നിര്മാണവുമാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്ത്തകന് ഷിയാസ് പാളയംകോട് കെഎല്ഡിസിക്കു പരാതി നല്കി. ഏറെ പ്രതിഷേധത്തിനൊടുവിലാണ് കനാലിന്റെ അരികും റോഡും സംരക്ഷിക്കുന്നതിനു നപടികള്‍ ആരംഭിച്ചത്. എന്നാല്‍, വല്ലവിധേനയും കരിങ്കല്ലുകള്‍ അടുക്കിവെച്ച് പ്ലാസ്റ്റിക് നിറഞ്ഞതും ജീര്‍ണിച്ചതുമായ മണ്ണ് ഉപയോഗിച്ച് ഫില്ലിംഗ് നടത്തിയതുമാണ് ഇടിഞ്ഞുപോകാന്‍ കാരണം. അതിനാല്‍, കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും ഷിയാസ് പരാതിയില്‍ ആവശ്യപ്പെട്ടു.