ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം ഏറ്റെടുക്കല്‍; ചര്‍ച്ചകള്‍ സജീവമായി
ഏറ്റെടുക്കാന്‍ തയാറെന്ന് കാണിച്ച് കൂടല്‍മാണിക്യം ദേവസ്വം സര്‍ക്കാരിന് കത്ത് നല്കി
ഇരിങ്ങാലക്കുട: ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം ഏറ്റെടുക്കാന്‍ തയാറാണെന്നു സര്‍ക്കാരിനോടു കൂടല്‍മാണിക്യം ദേവസ്വം. എന്നാല്‍, ഇക്കാര്യം ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ കലാനിലയം ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി ദേവസ്വം സര്‍ക്കാരിനു കത്ത് കൈമാറിയിട്ടുണ്ടെന്നും പ്രദീപ് മേനോന് കൂട്ടിച്ചേര്‍ത്തു. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു ഉണ്ണായിവാര്യര്‍. അദ്ദേഹത്തിന്റെ പേരില്‍ നടക്കുന്ന സ്ഥാപനം നല്ല നിലയില്‍ നടത്തുവാന്‍ ദേവസ്വത്തിനു താത്പര്യമുണ്ട്. അതിനാല്‍ എല്ലാവിധത്തിലും എന്തിനും തയാറാണെന്നും ചെയര്മാന് കൂട്ടിച്ചേര്‍ത്തു. കലാനിലയത്തെ കൂടല്‍മാണിക്യം ദേവസ്വത്തിനു കീഴിലാക്കിയാല്‍ നല്ല കഥകളി വിദ്യാലയമാകുന്നതോടൊപ്പം വരുമാനം വര്‍ധിപ്പിക്കാമെന്നും കലാനിലയത്തിലെ മുന്‍ പ്രിന്‍സിപ്പല്‍മാരും മുന്‍ അധ്യാപകരും നേരത്തെ ആവശ്യപ്പെട്ടിരുന്നു. കലാനിലയം സര്‍ക്കാര്‍ ഏറ്റെടുക്കുകയോ ദേവസ്വത്തിനു കീഴിലാക്കുകയോ വേണമെന്നാവശ്യപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍മാര്‍, മുന്‍ അധ്യാപകര്‍, പൂര്‍വവിദ്യാര്‍ഥികള്‍, കഥകളി സംഘാടകര്‍ എന്നിവര്‍ ഒപ്പിട്ട നിവേദനം മന്ത്രിമാരായ കെ. രാധാകൃഷ്ണനും ആര്. ബിന്ദുവിനും നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണു ദേവസ്വം സര്‍ക്കാരിനു നിലപാട് അറിയിച്ചു കത്തുനല്‍കിയത്.
ജീവനക്കാരെ വഴിയാധാരമാക്കാന്‍ സമ്മതിക്കില്ല, സര്‍ക്കാര്‍ നേരിട്ട് ചര്‍ച്ചയ്ക്ക് വരട്ടെ; കലാനിലയം സെക്രട്ടറി
ഇരിങ്ങാലക്കുട: ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം കൈമാറുന്ന കാര്യത്തില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട അധികാരികള്‍ നേരിട്ട് ചര്‍ച്ചയ്ക്കു വരട്ടെയെന്നു കലാനിലയം സെക്രട്ടറി സതീഷ് വിമലന് പറഞ്ഞു. കലാനിലയത്തിന്റെ കാര്യത്തില്‍ ഭരണസമിതിക്കു വ്യക്തമായ കാഴ്ചപ്പാടുണ്ട്. ജീവനക്കാരെ വഴിയാധാരമാക്കാന്‍ സമ്മതിക്കില്ല. കലാനിലയത്തിന്റെ ഇപ്പോഴത്തെ ബാധ്യത, ഇനിയും ലഭിക്കാതെ കിടക്കുന്ന ജീവനക്കാരുടെ രണ്ട് ശമ്പള കമ്മിഷന് വര്‍ധന, ജീവനക്കാരുടെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും, പുതിയ കോഴ്സുകള്‍ ഇതൊക്കെ പരിഗണിക്കണം. ഇതൊക്കെ സാധ്യമാക്കാന്‍ കൂടല്‍മാണിക്യം ദേവസ്വത്തിനു കഴിയുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ദേവസ്വം ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലാണ്. അതുകൊണ്ട് ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നു സ്ഥാപനം വീണ്ടും താഴേയ്ക്കു പോകുന്ന തരത്തില്‍ തരത്തില്‍ കൈമാറാന്‍ കഴിയില്ല. വരുമാനം ഇല്ലാതാക്കി കലാനിലയത്തെ തകര്‍ക്കാന്‍ കൂട്ടുനിന്നവരാണ് ഇപ്പോള്‍ കലാനിലയം ഏറ്റെടുക്കുവാന്‍ തയാറായി രംഗത്തുള്ളത്. നേരത്തെ കലാമണ്ഡലം ഏറ്റെടുക്കണമെന്നാവശ്യത്തെ തുടര്‍ന്ന് വി.സി. ഇവിടെ വന്ന് അന്വേഷണം നടത്തിയിരുന്നു. അതിന്റെ വിവരങ്ങള്‍ ഭരണസമിതിക്കു വ്യക്തമായി അറിയാം. മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയും അറിയാം. അതിനാല്‍ നമ്മള് മുന്നോട്ടുവെയ്ക്കുന്ന വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്ത് നടപ്പാക്കാന്‍ തയാറാകണം. സര്‍ക്കാരുമായി ബന്ധപ്പെട്ട അധികാരികള്‍ ഭരണസമിതിയുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച നടത്തിയതിനു ശേഷം പൊതുയോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കുമെന്നും സെക്രട്ടറി വ്യക്തമാക്കി.
ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം; ഏറ്റെടുക്കല്‍ സര്‍ക്കാരോ ദേവസ്വമോ?
കലാനിലയം കൈമാറാന്‍ നേരത്തെ തീരുമാനിച്ചിരുന്നതായി മുന്‍ സെക്രട്ടറി
ഇരിങ്ങാലക്കുട: ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം കൂടല്‍മാണിക്യം ദേവസ്വത്തിനോ സര്‍ക്കാരിനോ കലാമണ്ഡലത്തിനോ കൈമാറാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ പൊതുയോഗം തീരുമാനിച്ചിരുന്നതായി കലാനിലയം മുന്‍ സെക്രട്ടറി കെ.എന്‍. ഉണ്ണികൃഷ്ണന് പറഞ്ഞു. കലാനിലയത്തെ രക്ഷപ്പെടുത്തുന്നതിനു പല വഴികള്‍ ആലോചിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ആ തീരുമാനമെടുത്തത്. എന്നാല്‍ കലാനിലയം ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിനാല്‍ ഏറ്റെടുക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്നായിരുന്നു കലാമണ്ഡലം തടസമായി പറഞ്ഞിരുന്നത്. രണ്ടുതവണ കലാനിലയം സര്‍ക്കാരിനു വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഒരു കമ്മിഷനെയും നിയോഗിച്ചു. എന്നാല്‍ വളരെ അകലെയുള്ള കലാമണ്ഡലവുമായി കലാനിലയത്തെ ചേര്‍ക്കുമ്പോള്‍ നിയന്ത്രണം ഉണ്ടാകില്ലെന്നതിനാലാണ് ഈ നിലയില്‍ നിലനിര്‍ത്തുന്നതിനും നടത്തിപ്പിനുമായി സര്‍ക്കാര്‍ ഗ്രാന്റ് അനുവദിച്ചത്. കലാനിലയം കൂടല്‍മാണിക്യം ദേവസ്വം ഏറ്റെടുക്കുന്നതിനെ നൂറ്റൊന്നു ശതമാനവും പിന്തുണയ്ക്കുന്നുവെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു. എന്നാല്‍ ദേവസ്വത്തിനു ചെലവ് പൂര്‍ണമായും താങ്ങാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാര്‍ ഗ്രാന്റ് തുടരണമെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു.
കൂടല്‍മാണിക്യം നടത്തുന്ന ശ്രമങ്ങളെ പിന്തുണച്ച് ബിജെപി ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ഭാരവാഹിയോഗം
ഇരിങ്ങാലക്കുട: ഉണ്ണായിവാരിയര്‍ കലാനിലയം സമുച്ചയവും ഭൂമിയും കൂടല്‍മാണിക്യം ദേവസ്വം ഏറ്റെടുക്കുവാന്‍ നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കുവാന് ബിജെപി ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ഭാരവാഹിയോഗം തീരുമാനിച്ചു. ഈ ആവശ്യം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ബിജെപി പരസ്യമായി ആവശ്യപ്പെട്ടിട്ടുള്ളതാണ്. ക്ഷേത്ര കലയായ കഥകളിയുടെ നവോഥാനത്തിനാണു ക്ഷേത്രത്തോടു ചേര്‍ന്ന് ഈ സ്ഥാപനം രൂപം കൊണ്ടത്. ഇന്ന് ഈ സ്ഥാപനം കഥകളിയുമായോ കലയുമായോ പുലബന്ധം പോലുമില്ലാത്ത ആളുകളുടെ കൈകളിലാണ്. സര്‍ക്കാര്‍ നല്കുന്ന ഗ്രാന്റ് ശമ്പളമായി പങ്കുവെച്ച് കൊടുക്കുന്ന പണി മാത്രമാണു ഭരണസമിതിക്കുള്ളത്. 10 പൈസ സ്വന്തം വരുമാനമില്ല ഈ സ്ഥാപനത്തിന്. കെട്ടിടം തന്നെ തകര്‍ച്ചയുടെ വക്കിലാണ്. അറ്റകുറ്റപണിയോ പെയിന്റിംഗോ നടത്തിയിട്ട് അനവധി വര്‍ഷങ്ങളായി. യോഗം ബിജെപി നിയോജകമണ്ഡലം പ്രസിസന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ബോബന് അധ്യക്ഷത വഹിച്ചു. സന്തോഷ് കാര്യാടന്‍, സത്യദേവ് മുര്‍ക്കനാട്, പി.ആര്. രാഗേഷ് എന്നിവര്‍ പ്രസംഗിച്ചു.