കരുവന്നൂര്‍ ബാങ്ക് 300 കോടി സിപിഎം കൊള്ള: ബിജെപി സത്യാഗ്രഹ സമരം ആരംഭിച്ചു
സിപിഎം ഈ ബാങ്കിനെ തട്ടിപ്പ് ഗവേഷണ കേന്ദ്രമാക്കിയെന്ന് എ.എന്‍. രാധാകൃഷ്ണന്
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് 300 കോടി സിപിഎം കൊള്ള ഭരണസമിതിയേയും പങ്കുപറ്റിയ സിപിഎം നേതാക്കളെയും അറസ്റ്റു ചെയ്യുക എന്ന ആവശ്യമുന്നയിച്ചു നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായി വിവിധ പഞ്ചായത്ത് കമ്മിറ്റികള്‍ നേതൃത്വം നല്കുന്ന ബിജെപി സത്യാഗ്രഹസമരം ഹെഡ് ഓഫീസിനു മുമ്പില്‍ ആരംഭിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കാറളം പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കുറുമാത്ത് അധ്യക്ഷത വഹിച്ചു. കരുവന്നൂര്‍ ബാങ്കിനെ സിപിഎം തട്ടിപ്പ് ഗവേഷണകേന്ദ്രമാക്കി മാറ്റിയെന്നും വെറുതെയല്ല കേന്ദ്രസഹകരണ മന്ത്രാലയം രൂപീകരിക്കുകയും പ്രഥമ മന്ത്രിയായി അമിത് ഷാ വരികയും ചെയ്തപ്പോള്‍ തോമസ് ഐസകിനു ഞെട്ടലുണ്ടായതെന്നും എ.എന്‍. രാധാകൃഷ്ണന് പറഞ്ഞു. സിപിഎം ഏരിയാ ജില്ലാ സെക്രട്ടറിമാരടക്കമുള്ളവരുടെ അറിവോടു കൂടിത്തന്നെയാണ് ഇത്രയും വലിയ തട്ടിപ്പ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. സഹകാരികളും ജനങ്ങളും ഇതു സിപിഎമ്മിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയണമെന്നും മുഴുവന്‍ കൊള്ളക്കാരെയും അറസ്റ്റു ചെയ്യണമെന്നും ബിജെപി സഹകാരികള്‍ ഒപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ആമുഖപ്രസംഗം നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുമാസ്റ്റര്‍, ഷൈജു കുറ്റിക്കാട്ട്, ജില്ലാ സെക്രട്ടറി കവിത ബിജു, മണ്ഡലം ഭാരവാഹികളായ സണ്ണി കവലക്കാട്ട്, സുനില്‍ തളിയപറമ്പില്‍, അഖിലാഷ് വിശ്വനാഥന്, സി.സി. മുരളി, സിന്ധു സതീഷ്, ആശിഷ ടി. രാജ്, പാറയില്‍ ഉണ്ണികൃഷ്ണന്, സരിത വിനോദ്, രാഗി മാരാത്ത്, രമേഷ് ചന്ദ്രന്, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ രാമചന്ദ്രന് കോവില്‍പറമ്പില്‍, അജയന് തറയില്‍ എന്നിവര്‍ പ്രസംഗിച്ചു.