ആനന്ദപുരം ഇടവകയിൽ ബൈബിള്‍ പകര്‍ത്തി എഴുതല്‍ ജീവിതചര്യയാക്കിയ കുടുംബം
ആനന്ദപുരം: ആനന്ദപുരം ഇടവകയിലെ ഇല്ലിക്കല്‍ തോമന്കുട്ടിയുടെ ഭാര്യ ലില്ലി ബൈബിളിലെ പഴയനിയമം ഒരു പ്രാവശ്യവും പുതിയനിയമം രണ്ടു തവണയും എഴുതി പൂര്‍ത്തിയാക്കി. മകള്‍ സിജി ഫെമിയും മരുമകള്‍ ഹാപ്പി റോജോയും പുതിയ നിയമം എഴുതി പൂര്‍ത്തിയാക്കി. മൂത്ത മരുമകള്‍ സൗമ്യ സീജോ പുതിയ നിയമം എഴുതിക്കൊണ്ടിരിക്കുകയാണ്. 62 വയസിന്റെ നിറവിലും ദൈവവചനം ഹൃദിസ്ഥമാക്കുവാനും ജീവിതത്തില്‍ പകര്‍ത്തുവാനും എഴുതുവാനും ഈ വീട്ടമ്മ പുലര്‍ത്തിയ താല്പര്യം ഏറ്റവും മാതൃകായോഗ്യമാണെന്നു വികാരി റവ. ഡോ. ആന്റോ കരിപ്പായി പറഞ്ഞു.
നാലു ഷീറ്റില്‍ രണ്ടു പുറത്തുമായി എഴുതിയ ബൈബിള്‍ ഏഴു പുസ്തകങ്ങളായിട്ടാണു ബൈന്റ് ചെയ്തിട്ടുള്ളത്. പഴയനിയമം അഞ്ചു പുസ്തകങ്ങളായും പുതിയനിയമം രണ്ടു പുസ്തകങ്ങളായും ബൈന്റ് ചെയ്തിരിക്കുന്നു. 300 പേന ഇതിനുവേണ്ടി ഉപയോഗിച്ചിട്ടുണ്ട്. വലിയ കൂട്ടുകുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ നിര്വഹിക്കുന്നതിനിടയിലും സമയം കണ്ടെത്തി ബൈബിള്‍ എഴുതുവാന്‍ കാട്ടിയ തീക്ഷ്ണത പ്രത്യേകം ശ്ലാഘനീയമാണെന്നു മാര്‍ പോളി കണ്ണൂക്കാടന്‍ ആനന്ദപുരം പള്ളിയില്‍ വെച്ചു നടത്തിയ അനുമോദനയോഗത്തില്‍ ലില്ലി തോമന്‍കുട്ടി ഇല്ലിക്കലിനെ അഭിനന്ദിച്ചുകൊണ്ടു പറഞ്ഞു. ചടങ്ങില്‍ കെഎല്‍എം രൂപതാ ഡയറക്ടര്‍ ഫാ. ജോസ് പുല്ലൂപ്പറമ്പില്‍, കെഎല്‍എം രൂപതാ പ്രസിഡന്റ് ജോസ് മാത്യു, പള്ളി ട്രസ്റ്റി തോമാസ് ഇല്ലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.