യുവതയ്ക്ക് പറന്നുയരാന്‍ സ്വപ്ന ചിറകേകി മുരിയാട് പഞ്ചായത്തിന്റെ ‘ഉയരെ’
മുരിയാട്: ഗ്രാമപഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ ഓണ്‍ലൈന്‍ മത്സര പരീക്ഷാ പദ്ധതി ഉയരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. കൈറ്റ്സ് ഫൗണ്ടേഷന്റെ ഇന്‍സ്പെയര്‍ പദ്ധതിയുടെ പൈലറ്റ് പ്രൊജക്ട് ആയിട്ടാണ് ഉയരെ മുരിയാട് പഞ്ചായത്തില്‍ നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ ആയിരത്തോളം വിദ്യാര്‍ഥികള്‍ക്കു പിഎസ്സി, സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്കു തയാറെടുക്കാനുള്ള ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സൗജന്യ ഓണ്‍ലൈന്‍ പരിശീലന പദ്ധതിയാണിത്. കൈറ്റ്സ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.ഡി. ഗ്രാംഷി പദ്ധതി വിശദീകരിച്ചു. ചടങ്ങില്‍ പഞ്ചായത്ത് അതിര്‍ത്തിയില്‍ നിന്നും മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ച പി.ആര്. മനോഹരനെയും മീഡിയ അക്കാദമി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഗായത്രി ഗോപിയെയും വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെയും ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ് മന്ത്രി ഡോ. ആര്. ബിന്ദുവിന് ഉപഹാരം സമര്‍പ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് രതി ഗോപി, ബ്ലോക്ക് പഞ്ചായത്തംഗം മിനി വരിക്കശേരി, പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, പഞ്ചായത്ത് അംഗങ്ങളായ നിജി വത്സന്, ജിനി സതീശന്, ശ്രീജിത്ത് പട്ടത്ത്, നിത അര്ജുനന്, പഞ്ചായത്ത് സെക്രട്ടറി പി. പ്രജീഷ്, കൈറ്റ്സ് ഫൗണ്ടേഷന് കോ-ഓര്‍ഡിനേറ്റര്‍മാരായ അപ്പു, മജിത, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, വാര്‍ഡ് അംഗം മനീഷ മനീഷ് എന്നിവര്‍ പ്രസംഗിച്ചു. ഈ പരിശീലന പരിപാടി അടുത്ത ആഴ്ച മുതല്‍ ആരംഭിക്കും. ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ അടക്കം നിരവധി ഐഎഎസ്, ഐപിഎസ്, ഐആര്‍എസ് ഉദ്യോഗസ്ഥര്‍, വിവിധ ഘട്ടങ്ങളില്‍ കുട്ടികള്‍ക്കു ക്ലാസുകള്‍ നല്‍കും.