ഒഴുക്കു നിലക്കുന്നു: കല്ലേറ്റുംകര ജംഗ്ഷനിലെ തോട് ചീഞ്ഞു നാറുന്നു………….
കല്ലേറ്റുംകര: മഴവെള്ളം ഒഴുകേണ്ട തോട് മാലിന്യ വാഹിനി ആയതോടെ പരിസരവാസികള്‍ രോഗഭീതിയില്‍. മാലിന്യം അടിഞ്ഞു കൂടിയ തോടില്‍ നിന്നുള്ള ദുര്‍ഗന്ധം ജനങ്ങളെ അലട്ടുകയാണ്. കല്ലേറ്റുംകര ജംഗ്ഷനിലൂടെ ഒഴുകുന്ന തോടിന്റെ അവസ്ഥയാണിത്. പഴയ റെയില്‍വേ ലെവല്‍ ക്രോസിനു സമീപത്തു നിന്നും ആരംഭിക്കുന്ന ഈ തോട് മാര്‍ക്കറ്റിനു പിന്നിലൂടെ ഒഴുകുന്ന ഒരപ്പന് തോടിലൂടെ തെക്കുഭാഗത്തുള്ള ചെമ്മീന്‍ ചാലിലാണു വന്നുചേരുന്നത്. പലരും മാലിന്യം നിക്ഷേപിക്കുന്നതിനുള്ള സ്ഥലമായാണ് ഈ തോടിനെ കാണുന്നത്. മാലിന്യങ്ങളില്‍ നിന്നുള്ള ദുര്‍ഗന്ധം മൂലം ഇവിടത്തെ പരിസരവാസികളുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണ്. അസഹനീയമായ ദുര്‍ഗന്ധം മൂലം പലപ്പോഴും മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയുമാണിവിടെ. ഇത്തരത്തില്‍ കെട്ടികിടക്കുന്ന മലിനജലത്തില്‍ നിന്നും രോഗാണുക്കള്‍ ദിനംപ്രതി പെറ്റുപെരുകുകയാണ്. ഇവിടെ കെട്ടികിടക്കുന്ന മാലിന്യങ്ങളില്‍ നിന്നും കൊതുകുശല്യം രൂക്ഷമാകുന്നതോടെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടരുമെന്ന ആശങ്കയാണു ജനങ്ങള്‍ക്കുള്ളത്. മഴക്കാലത്തു വെള്ളം ഒഴുകി പോകുന്നതിനായി നിര്‍മിച്ചതാണ് ഈ തോട്. വളരെയധികം ആഴമുണ്ടായിരുന്ന ഈ തോടിന്റെ ഒരു ഭാഗത്തു സ്വകാര്യവ്യക്തി മണ്ണിട്ട് ഉയര്‍ത്തിയതാണ് തോട്ടില്‍ മലിനജലം കെട്ടികിടക്കുവാന്‍ കാരണമായത്. കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതിനാല്‍ മഴപെയ്യുന്നതോടെ ഈ മാലിന്യം വെളളത്തിനൊപ്പം നടുറോഡിലേക്ക് ഒഴുകിയെത്തുകയാണു പതിവ്. റെയില്‍വേ സ്റ്റേഷനിലേക്കും മറ്റും ദിനംപ്രതി നിരവധി പേര് സ്ഥിരം വന്നുപോകുന്ന സ്ഥലമാണിത്. കെട്ടികിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിനും തോട്ടിലെ മലിനജലം ഒഴുക്കി കളയുന്നതിനുമുള്ള നടപടികള്‍ പഞ്ചായത്തിലെ ആരോഗ്യ വകുപ്പധികൃതരോ ഉദ്യോഗസ്ഥരോ സ്വീകരിക്കാത്തതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പഞ്ചായത്താഫീസിനു നൂറുമീറ്ററിനുള്ളിലാണു തോട്ടിലെ ഈ മാലിന്യം എന്നുള്ളത് പഞ്ചായത്തധികൃതരുടെ അനാസ്ഥയെയാണു തുറന്നുകാട്ടുന്നത്. കോവിഡ് രോഗവ്യാപന കാലമായതിനാല്‍ അധികൃതര്‍ ഇക്കാര്യത്തില്‍ കണ്ണുതുറക്കണമെന്നും പൊതുജനങ്ങള്‍ക്കു ദുരിതം വിതക്കുന്ന രീതിയില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.