ഠാണാ-ചന്തക്കുന്ന് റോഡ് വികസനത്തിനു ഏറ്റെടുക്കേണ്ട ഭൂമിയുടെ സര്‍വേ പൂര്‍ത്തീകരിച്ചു
ഇരിങ്ങാലക്കുട: ഠാണാ-ചന്തക്കുന്ന് റോഡ് വികസനത്തിനു മുന്നോടിയായി ഏറ്റെടുക്കേണ്ട ഭൂമിയുടെ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചു. സ്പെഷല്‍ തഹസില്‍ദാര്‍ പവിത്രന്റെ നേതൃത്വത്തിലാണു സര്‍വേ നടന്നത്. 14 ന് ആരംഭിച്ച സര്‍വേ നടപടികളാണു കഴിഞ്ഞദിവസം പൂര്‍ത്തീകരിച്ചത്. ഇനി ഏറ്റെടുക്കുന്ന ഭാഗത്തെ പൊളിച്ചുനീക്കേണ്ട കെട്ടിടങ്ങളുടെ മൂല്യനിര്‍ണയം നടത്തും. വികസനത്തിനായി 160 സെന്റ് സ്ഥലം ഏറ്റേടുക്കേണ്ടിവരുമെന്നാണു കരുതുന്നത്. ഠാണാ-ചന്തക്കുന്ന് റോഡില്‍ പുറമ്പോക്ക് ഭൂമി കുറവാണ്. മൂന്നുപീടിക റോഡില്‍ 50 മീറ്ററും കൊടുങ്ങല്ലൂര്‍ റോഡില്‍ സെന്റ് ജോസഫ് കോളജ് വരെയും തൃശൂര്‍ റോഡില്‍ ബൈപാസ് റോഡു വരെയും ചാലക്കുടി റോഡില്‍ ഗവ. ആശുപത്രി വരെയുമാണു വികസനം നടപ്പാക്കുക. സ്ഥലം അളന്ന് പ്ലാന്‍ തയാറായശേഷം കളക്ടറുടെ സാന്നിധ്യത്തില്‍ സ്ഥല ഉടമകളുമായും വ്യാപാരികളുമായും ചര്‍ച്ച നടത്തി, പൊളിക്കേണ്ട പ്ലാന്‍ നല്‍കുമെന്നും അതിനു ശേഷമാകും പൊളിക്കല്‍ നടപടികള്‍ ഉണ്ടാവുകയെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ 11 മീറ്റര്‍ വീതി മാത്രമുള്ള ഠാണാ-ചന്തക്കുന്ന് റോഡ് 17 മീറ്ററില്‍ ബിഎംബിസി നിലവാരത്തില്‍ മെക്കാഡം ടാറിടല്‍ നടത്തിയാണു വികസിപ്പിക്കുന്നത്.